
ടാറ്റ ട്രസ്റ്റ് അംഗങ്ങൾക്കിടയിലെ തർക്കങ്ങളിൽ കേന്ദ്ര സർക്കാർ ഇടപെടാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്. ട്രസ്റ്റ് അംഗങ്ങളുടെ തർക്കം മാതൃകമ്പനിയായ ടാറ്റ സൺസിന്റെ പ്രവർത്തനങ്ങളിൽ പ്രതിഫലിക്കാൻ തുടങ്ങിയതോടെയാണ് കേന്ദ്രസർക്കാർ ഇടപെടുന്നത്. ഈയാഴ്ച തന്നെ മുതിർന്ന രണ്ട് കേന്ദ്രമന്ത്രിമാർ ടാറ്റ ഗ്രൂപ്പിലെ പ്രധാനികളുമായി ചർച്ചകൾ നടത്തുമെന്നാണ് ദി ഇക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നത്. ടാറ്റ ട്രസ്റ്റ് ചെയർമാൻ നോയൽ ടാറ്റ, വൈസ് ചെയർമാൻ വേണു ശ്രീനിവാസൻ, ടാറ്റ സൺസ് ചെയർമാൻ എൻ ചന്ദ്രശേഖരൻ, ടാറ്റ ട്രസ്റ്റ് ട്രസ്റ്റിയായ ദാരിയസ് കമ്പത എന്നിവരാണ് ചർച്ചയിൽ പങ്കെടുക്കുക എന്നും റിപ്പോർട്ടുകളുണ്ട്.
ടാറ്റ ട്രസ്റ്റാണ് ടാറ്റ സൺസിനെ നിയന്ത്രിക്കുന്നത്. ഈ ട്രസ്റ്റിലെ ട്രസ്റ്റികൾക്കിടയിലാണ് ഇപ്പോൾ ഭിന്നത ഉടലെടുത്തിരിക്കുന്നത്. ഇത് പരിഹരിക്കാനും കമ്പനിയുടെ പബ്ലിക്ക് ലിസ്റ്റിങ്ങിൽ തീരുമാനമുണ്ടാക്കാനുമാണ് കൂടിക്കാഴ്ച. ടാറ്റ സൺസിന്റെ ഭൂരിഭാഗം ഓഹരികളും ടാറ്റ ട്രസ്റ്റിന്റേതാണ് എന്നതും കൂടിയാണ് ഇടപെടലിന്റെ പ്രാധാന്യം വർധിപ്പിക്കുന്നത്.
ടാറ്റ സൺസിന്റെ ബോർഡിലേക്ക് നോമിനി ഡയറക്ടർമാരെ നിയമിക്കുന്നതും പുറത്താക്കുന്നതുമായി ബന്ധപ്പെട്ടാണ് ട്രസ്റ്റികൾക്കിടയിൽ ഭിന്നത ഉണ്ടായിരിക്കുന്നത്. ബോർഡ് തീരുമാനങ്ങൾ ട്രസ്റ്റികൾക്കിടയിൽ അറിയിക്കുന്നതിനെ സംബന്ധിച്ചും ചില ആശയക്കുഴപ്പങ്ങൾ ഉണ്ട് എന്നും നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. മുൻ ഡിഫൻസ് സെക്രട്ടറിയായ വിജയ് സിംഗിന്റെ പുനർനിയമനവുമായി ബന്ധപ്പെട്ടാണ് തർക്കം ആരംഭിച്ചത്. ഇതിൽ ഒരു ട്രസ്റ്റിയുടെ നടപടി വലിയ ചോദ്യചിഹ്നമായിരുന്നു.
വേണു ശ്രീനിവാസനും നോയൽ ടാറ്റയും വിജയ് സിംഗിന്റെ പുറത്താക്കലിനെയും പകരം വരുന്ന മെഹ്‍ലി മിസ്ത്രിയുടെ നിയമനത്തെയും എതിർത്തിരുന്നതായാണ് റിപ്പോർട്ട്. മിസ്ത്രിയുടെ നിയമനത്തെ മറ്റ് ട്രസ്റ്റികളായ പ്രമിത ജവേരി, ദാരിയസ് കമ്പത, ജെഹാൻഗീർ ജെഹാൻഗീർ എന്നിവർ അനുകൂലിച്ചിരുന്നു.
ഇതിനിടയിൽ വേണു ശ്രീനിവാസനെതിരെയും ചില ട്രസ്റ്റികൾ രംഗത്തുവന്നിരുന്നു. ഒരു ട്രസ്റ്റി അംഗം മറ്റുള്ളവർക്ക് അയച്ച ഇമെയിൽ സന്ദേശത്തിൽ സിംഗിനെ പുറത്താക്കിയതുപോലെ വേണു ശ്രീനിവാസനെയും പുറത്താക്കണമെന്ന് പറഞ്ഞത് വലിയ വിവാദമായിരുന്നു. ടാറ്റ സൺസിനെ ഹൈജാക്ക് ചെയ്യാനുള്ള ചിലരുടെ ശ്രമമാണ് ഇതിന് പിന്നിലെന്നാണ് സംഭവവികാസങ്ങൾ കൃത്യമായി അറിയാവുന്ന ഒരു വ്യക്തിയെ ഉദ്ധരിച്ച് ഇക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നത്. പ്രശ്നങ്ങൾ ഇങ്ങനെ പുകഞ്ഞുതുടങ്ങിയതോടെയാണ് വ്യവസായ ഭീമനുള്ളിലെ തർക്കങ്ങൾ പരിഹരിക്കാൻ കേന്ദ്ര സർക്കാർ ഇടപെടുന്നത്.
ബോർഡ് അജണ്ടകൾ തീരുമാനിക്കുന്നതിലും മിനുറ്റ്സുകൾ തയ്യാറാക്കുന്നതിലും പങ്കാളിത്തം വേണമെന്നാണ് ചില ട്രസ്റ്റിമാരുടെ ആവശ്യം. പ്രധാനപ്പെട്ട തീരുമാനങ്ങൾക്ക് തങ്ങളുടെ മുൻകൂർ അനുമതി വേണമെന്ന് ആവശ്യപ്പെടുന്ന ഇവർ ഡയറക്ടർമാരുടെ നിയമനത്തെ ചോദ്യചെയ്യുന്നുമുണ്ട് എന്നാണ് റിപ്പോർട്ട്. ഒരു ട്രസ്റ്റി ടാറ്റ സൺസ് ബോർഡ് മെമ്പർമാരോട് മനഃപൂർവം പകപോക്കുന്നതായും പറയപ്പെടുന്നുണ്ട്. മാസങ്ങളായി തുടരുന്ന ഈ ഭിന്നത ട്രസ്റ്റികളുടെ പുനർനിയമനം, നിയമന കാലയളവ് നീട്ടിനൽകൽ എന്നിവയിൽ പ്രതിഫലിക്കും.
ടാറ്റ സൺസിന്റെ നിർണായകമായ നിയന്ത്രണ സമയപരിധിയുമായും യോഗത്തിന്റെ സമയം ഒത്തുവരുന്നുണ്ട്. ടാറ്റ സൺസിനെ നോൺ-ബാങ്കിംഗ് ഫിനാൻഷ്യൽ കമ്പനിയായി ആർബിഐ വിജ്ഞാപനം ചെയ്തിട്ട് മൂന്ന് വർഷം തികയുകയാണ്. ഇതോടെ മൂന്ന് വർഷത്തിനുള്ളിൽ ടാറ്റ സൺസ് ലിസ്റ്റ് ചെയ്യണമായിരുന്നു. എന്നാൽ തങ്ങളെ ഡിരജിസ്റ്റർ ചെയ്യണമെന്നാവശ്യപ്പെട്ട് ടാറ്റ സൺസ് ആർബിഐയെ സമീപിച്ചിരുന്നു. ഇതിൽ ആർബിഐ ഒരു തീരുമാനമെടുത്തിട്ടില്ല.
Content Highlights: central government to involve in tata trust fight