എഥനോൾ കലർന്ന പെട്രോൾ മൈലേജ് കുറയ്ക്കുന്നുവെന്ന് കേന്ദ്രസർക്കാർ; എന്തിനിത് വിൽക്കുന്നുവെന്ന് ജനങ്ങൾ

വാഹനങ്ങളില്‍ കേടുപാട് വരുത്തുന്നുവെന്ന് വാഹന വിദഗ്ദര്‍

dot image

എഥനോള്‍ കലര്‍ത്തിയ പെട്രോള്‍ ഇന്ധനക്ഷമത ഗണ്യമായി കുറയ്ക്കുന്നതിന് കാരണമാകുമെന്ന് സ്ഥിരീകരിച്ച് കേന്ദ്രസര്‍ക്കാര്‍. 20 ശതമാനം എഥനോള്‍ ചേര്‍ത്ത പെട്രോള്‍ (ഇ20) ഉപയോഗിക്കുമ്പോള്‍ മൈലേജ് കുറയുമെന്നാണ് കണ്ടെത്തല്‍. പെട്രോളിനേക്കാള്‍ ഊര്‍ജ സാന്ദ്രത കുറവാണ് എഥനോളിനെന്നും അതിനാല്‍ മൈലേജില്‍ കുറവ് വരാന്‍ സാധ്യതയുണ്ടെന്നാണ് കേന്ദ്രത്തിന്റെ വിശദീകരണം. എഥനോള്‍ കലര്‍ത്തിയ പെട്രോള്‍ മൈലേജിനെ കാര്യമായി ബാധിക്കുമെന്നാണ് ഉപഭോക്താക്കളും വിദഗ്ധരും പറയുന്നത്. എഥനോള്‍ കലര്‍ത്തിയ പെട്രോളില്‍ ഓടുന്ന ഫോര്‍ വീലറുകള്‍ക്ക് മൈലേജില്‍ 1-2 ശതമാനം കുറവ് അനുഭവപ്പെട്ടേക്കാം. അതേസമയം മറ്റ് വാഹനങ്ങള്‍ക്ക് 3-6 ശതമാനം കുറവ് ഉണ്ടായേക്കാം. ഇ10, ഇ20 പെട്രോളിനായി ഡിസൈന്‍ ചെയ്ത വാഹനത്തില്‍ 1-2 ശതമാനം വരെയാണ് മൈലേജ് കുറയുക.

അസംസ്‌കൃത എണ്ണ ഇറക്കുമതിയെ ആശ്രയിക്കുന്നത് കുറയ്ക്കുക, കാര്‍ബണ്‍ പുറന്തള്ളല്‍ കുറയ്ക്കുക, കരിമ്പില്‍ നിന്നും ധാന്യങ്ങളില്‍ നിന്നും എഥനോള്‍ ശേഖരിച്ച് കര്‍ഷകരുടെ വരുമാനം വര്‍ദ്ധിപ്പിക്കുക തുടങ്ങിയ കാര്യങ്ങളെ മുന്‍നിര്‍ത്തിയാണ് ഇത്തരത്തില്‍ ഒരു മുന്നേറ്റം ഇന്ത്യ നടത്തിയത്. ഇതിലൂടെ ക്രൂഡ് ഓയില്‍ ഇറക്കുമതി കുറക്കാനും പ്രാദേശിക കര്‍ഷകരെ സഹായിക്കാനും കഴിയുമെന്നാണ് കേന്ദ്രസര്‍ക്കാര്‍ വാദം.

എന്നാല്‍ ഇത്തരം ഇന്ധനം ഉപയോഗിക്കുന്നത് വാഹനത്തിന്റെ കാര്യക്ഷമതയെ ബാധിച്ചിരിക്കുകയാണ്. ഈര്‍പ്പത്തെ ആഗിരണം ചെയ്യാന്‍ കഴിവുള്ള പദാര്‍ത്ഥമാണ് എഥനോള്‍. ഇത് വാഹനത്തിന്റെ ഇന്ധന ടാങ്ക്, ഇന്‍ജെക്ടറുകള്‍, പൈപ്പുകള്‍, എഞ്ചിന്‍, എക്സ്ഹോസ്റ്റ് തുടങ്ങിയ ലോഹഭാഗങ്ങള്‍ തുരുമ്പെടുക്കുന്നതിലേക്ക് നയിക്കും. സീലുകള്‍, ഗാസ്‌കെറ്റുകള്‍, ഫ്യൂവല്‍ ഹോസുകള്‍ പോലുള്ള റബ്ബര്‍, പ്ലാസ്റ്റിക്ക് ഭാഗങ്ങള്‍ക്കും ഇവ നാശമുണ്ടാക്കും. കൂടാതെ എഥനോള്‍ വാഹനത്തിന്റെ എയര്‍-ഫ്യൂവല്‍ അനുപാതത്തിലും മാറ്റമുണ്ടാക്കും.

പല പെട്രോള്‍ പമ്പുകളിലും ഇപ്പോഴും എഥനോള്‍ കലര്‍ന്ന പെട്രോളാണ് നല്‍കുന്നത്. ഉപയോക്താക്കള്‍ക്ക് മേല്‍ ഇ20 അടിച്ചേല്‍പ്പിക്കുന്നതിന് തുല്യമാണിതെന്നാണ് പ്രധാന വിമര്‍ശനം. 20 ശതമാനം എഥനോള്‍ ചേര്‍ത്തിട്ടും പെട്രോള്‍ വില കുറയ്ക്കാത്തത് എന്താണെന്നാണ് മറ്റൊരു ചോദ്യം. മൈലേജ് ആനുപാതികമായി കുറയുമ്പോള്‍ ഇന്ധന ഉപയോഗം വര്‍ധിക്കുകയാണെന്നും വിമര്‍ശനങ്ങളുണ്ട്.

Content Highlights: What Percentage Of Your Petrol Is Ethanol And What It Means For Your Car

dot image
To advertise here,contact us
dot image