കെജിഎഫ് ഒക്കെ എന്ത്...മധ്യപ്രദേശില്‍ വന്‍ സ്വര്‍ണ നിക്ഷേപം കണ്ടെത്തി

ജബല്‍പൂര്‍ ജില്ലയില്‍ ഉപരിതലത്തിനടിയില്‍ സ്വര്‍ണ്ണ ശേഖരം കണ്ടെത്തി

dot image

മധ്യപ്രദേശിലെ ജബല്‍പൂര്‍ ജില്ലയില്‍ ഉപരിതലത്തിനടിയില്‍ സ്വര്‍ണ ശേഖരം കണ്ടെത്തിയതായി ഭൂഗര്‍ഭ ശാസ്ത്രജ്ഞര്‍. മഹാങ്ഗ്വ കെവാള്‍റി മേഖലയില്‍ വര്‍ഷങ്ങളോളം നടത്തിയ പരീക്ഷണത്തിന്റെയും സാമ്പിള്‍ ശേഖരണത്തിന്റെയും അടിസ്ഥാനത്തിലാണ് ഈ കണ്ടെത്തല്‍. ഇരുമ്പിന്റെയും മാംഗനീസിന്റെയും സമ്പന്നമായ നിക്ഷേപത്തിന് പേരുകേട്ട പ്രദേശമാണിത്. പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം, ഏകദേശം 100 ഹെക്ടറിലാണ് ഈ സ്വര്‍ണ നിക്ഷേപം വ്യാപിച്ചു കിടക്കുന്നത്. ഈ സ്വര്‍ണ നിക്ഷേപം ലക്ഷക്കണക്കിന് ടണ്‍ ഉണ്ടായിരിക്കാനാണ് സാധ്യതയെന്നാണ് വിദഗ്ദരുടെ വിലയിരുത്തല്‍. ഈ കണ്ടെത്തല്‍ പൂര്‍ണമായും സ്ഥിരീകരിച്ചാല്‍ ജബല്‍പൂര്‍ ഇന്ത്യയിലെ ഏറ്റവും ധാതു സമ്പന്നമായ മേഖലകളില്‍ ഒന്നായി മാറും.

ജിയോളജി ആന്‍ഡ് മിനറല്‍ റിസോഴ്സസ് വകുപ്പിന്റെ റീജിയണല്‍ ഓഫീസിലെ ഒരു സംഘം നടത്തിയ ജിയോളജിക്കല്‍ സര്‍വേയില്‍ നിന്നാണ് നിര്‍ണായക കണ്ടെത്തല്‍. മഹാങ്ഗ്വ കെവല്‍രിയിലുടനീളം മണ്ണിന്റെ സാമ്പിളുകള്‍ ശേഖരിച്ച സംഘം രാസ വിശകലനത്തിലൂടെ സ്വര്‍ണ്ണം കൂടാതെ ചെമ്പിന്റെയും മറ്റ് വിലയേറിയ ലോഹങ്ങളുടെയും സാന്നിധ്യം സ്ഥിരീകരിച്ചു. മുന്‍പ് അയല്‍ ജില്ലയായ കട്‌നിയില്‍ നിന്നും സ്വര്‍ണ്ണത്തിന്റെ സാന്നിധ്യം കണ്ടെത്തിയിരിന്നു.

ഇരുമ്പ്, മാംഗനീസ്, ലാറ്ററൈറ്റ്, ചുണ്ണാമ്പുകല്ല്, സിലിക്ക മണല്‍ എന്നിവ വേര്‍തിരിച്ചെടുക്കുന്ന 42 പ്രവര്‍ത്തനക്ഷമമായ ഖനികള്‍ ഇതിനകം തന്നെ ജബല്‍പൂരിലുണ്ട്. ചൈനയുള്‍പ്പെടെയുള്ള അന്താരാഷ്ട്ര തലത്തില്‍ ഇരുമ്പിന്റെ ഭൂരിഭാഗവും കയറ്റുമതി ചെയ്യുന്ന പ്രദേശമാണിത്. ഇപ്പോള്‍ സ്വര്‍ണത്തിന്റെ സാന്നിധ്യവും കണ്ടെത്തിയതോടെ ഈ മേഖലയില്‍ വ്യാവസായിക നിക്ഷേപത്തിന്റെ ഒരു പുതിയ തരംഗം കാണാന്‍ കഴിയുമെന്നാണ് സംസ്ഥാന ഉദ്യോഗസ്ഥര്‍ പറയുന്നത്.

സ്വര്‍ണ ശേഖരം സാമ്പത്തികമായി പ്രായോഗികമാണെന്ന് തെളിഞ്ഞാല്‍ സമീപ ഭാവിയില്‍ വാണിജ്യാടിസ്ഥാനത്തില്‍ ഖനനം ആരംഭിക്കാനും മധ്യപ്രദേശിന്റെ ഖനന സമ്പന്നതയിലേക്ക് പുതിയ ഒരു അധ്യായം കൂട്ടി ചേര്‍ക്കാനും സാധിക്കും. ഈ കണ്ടെത്തല്‍ പ്രാദേശിക തൊഴിലവസരങ്ങളിലും, സംസ്ഥാന വരുമാനത്തിലും, ഒരുപക്ഷേ ദേശീയ സ്വര്‍ണ്ണ ശേഖരത്തിലും പോലും വലിയ പങ്കു വഹിക്കുമെന്ന് സംസ്ഥാന ഉദ്യോഗസ്ഥര്‍ പറയുന്നു.

Content Highlights: massive gold deposits found in madhya pradesh

dot image
To advertise here,contact us
dot image