
ഇന്ത്യന്‍ ഫാഷന്‍ ഇ- കൊമേഴ്‌സ് കമ്പനിയായ മിന്ത്രയ്‌ക്കെതിരെ വിദേശ നിക്ഷേപ വ്യവസ്ഥകള്‍(എഫ്ഡിഎ) ലംഘിച്ചെന്നാരോപിച്ച് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കേസെടുത്തു. 1654.35 കോടി രൂപയുടെ ചട്ടലംഘനങ്ങള്‍ നടത്തിയെന്നാരോപിച്ചാണ് കേസ്. മിന്ത്രയുടെ അനുബന്ധ സ്ഥാപനങ്ങള്‍ക്കും ഡയറക്ടര്‍മാര്‍ക്കെതിരെയും കേസുണ്ട്. 1999 ലെ ഫോറിന്‍ എക്‌സ്‌ചേഞ്ച് മാനേജ്‌മെന്റ് ആക്ട് (ഫെമ) പ്രകാരമാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) പരാതി ഫയല്‍ ചെയ്തത്.
മിന്ത്രയും അനുബന്ധ കമ്പനികളും മള്‍ട്ടി-ബ്രാന്‍ഡ് റീട്ടെയില്‍ ട്രേഡില്‍ (എംബിആര്‍ടി) ഏര്‍പ്പെടുകയും ഹോള്‍സെയില്‍ ക്യാഷ് & ക്യാരി ബിസിനസുകള്‍ നടത്തുകയും നിലവിലുള്ള നേരിട്ടുള്ള വിദേശ നിക്ഷേപ (എഫ്ഡിഐ) നയം ലംഘിക്കുകയും ചെയ്തുവെന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഇഡിയുടെ ബെംഗളൂരു സോണല്‍ ഓഫീസ് നടപടി ആരംഭിച്ചത്.
മൊത്തവ്യാപാരം നടത്തുന്നു എന്ന വ്യാജേന മിന്ത്ര 1654.35 കോടി രൂപയുടെ വിദേശനിക്ഷേപം വഴി ഉല്‍പന്നങ്ങളെത്തിക്കുകയും വെക്ടര്‍ എന്ന ഗ്രൂപ്പ് കമ്പനി വഴി ചെറുകിട ഉപഭോക്താക്കള്‍ക്ക് വിറ്റഴിച്ചുവെന്നുമാണ് കണ്ടെത്തിയിരിക്കുന്നത്. രേഖകളില്‍ റീട്ടെയ്ല്‍ ഇടപാടുകളെ മൊത്തവ്യാപാരമായി ചിത്രീകരിച്ച് മള്‍ട്ടി ബ്രാന്‍ഡഡ് റീട്ടെയില്‍ വ്യാപാരത്തിലെ വിദേശ നിക്ഷേപ നിയന്ത്രണങ്ങള്‍ മറികടക്കുന്നതിനായി വെക്ടര്‍ എന്ന കമ്പനി ബോധപൂര്‍വ്വം സ്ഥാപിച്ചതാണെന്ന് ഏജന്‍സി അവകാശപ്പെടുന്നു.
മിന്ത്ര ഡിസൈനേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡ് ' ഹോള്‍സെയില്‍ ക്യാഷ് ആന്‍ഡ് ക്യാരി ട്രേഡിംഗിന്' നിശ്ചയിച്ചിട്ടുള്ള വ്യവസ്ഥ പാലിച്ചിട്ടില്ല. കാരണം മിന്ത്ര, വെക്ടര്‍ ഇകൊമേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡിന് നൂറ് ശതമാനം വില്‍പ്പന നടത്തി. ഇത് 2010 ഏപ്രില്‍ ഒന്നിനും 2010 ഒക്ടോബര്‍ ഒന്നിനും ഒരേ ഗ്രൂപ്പിലോ ഗ്രൂപ്പ് കമ്പനികളിലോ ഉളള കമ്പനികള്‍ക്ക് 25 ശതമാനം മാത്രമേ വില്‍പ്പന അനുവദിച്ചിരുന്നുള്ളൂ എന്ന ഭേദഗതിയുടെ ലംഘനമാണെന്നും ഇഡി കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ഇഡിയില്‍ നിന്ന് ഔദ്യോഗിക അറിയിപ്പ് ലഭിച്ചിട്ടില്ലെന്നും പരാതിയുടെ പകര്‍പ്പോ അനുബന്ധ രേഖകളോ അധികാരികളില്‍ നിന്ന് ലഭിച്ചിട്ടില്ലെന്നുമാണ് മിന്ത്രയുടെ പ്രതികരണം.
Content Highlights :The Enforcement Directorate has registered a case against Indian fashion e-commerce company Myntra for allegedly violating Foreign Investment Regulations (FDA)