
Jun 2, 2025
12:30 PM
അക്ഷയതൃതീയ ദിനത്തിലും സ്വര്‍ണവില റെക്കോര്‍ഡില്‍ തന്നെ. ഇന്നും സ്വര്‍ണവിലയില്‍ മാറ്റമില്ല. 71,840 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 8980 രൂപ നല്‍കണം. പത്തുദിവസത്തിനിടെ 4000ലധികം രൂപ വര്‍ധിച്ച ശേഷമാണ് സ്വര്‍ണവില കുറയാന്‍ തുടങ്ങിയത്. ആറുദിവസത്തിനിടെ 2800 രൂപ കുറഞ്ഞ ശേഷം ഇന്നലെ പവന് 320 രൂപ വര്‍ധിച്ച സ്വര്‍ണവിലയാണ് ഇന്ന് മാറ്റമില്ലാതെ തുടരുന്നത്. ഓഹരി വിപണിയിലെ ചലനങ്ങളും രാജ്യാന്തര വിപണിയിലെ മാറ്റങ്ങളുമാണ് സ്വര്‍ണ വിലയില്‍ പ്രതിഫലിക്കുന്നത്.
സ്വര്‍ണവില പ്രതിദിനം വര്‍ധിക്കുമ്പോഴും കഴിഞ്ഞ പതിനഞ്ചു വര്‍ഷത്തിനുളളില്‍ ഇന്ത്യന്‍ കുടുംബങ്ങള്‍ വാങ്ങിക്കൂട്ടിയത് 12,000 ടണ്‍ സ്വര്‍ണമാണെന്നാണ് കണക്ക്. 2010 മുതല്‍ 2024 വരെയുളള കാലയളവിലാണ് ഇന്ത്യക്കാര്‍ ഇത്രയധികം സ്വര്‍ണ്ണം വാങ്ങിയത്. ഇതില്‍ 8,000 ടണിലധികം സ്വര്‍ണവും സ്വര്‍ണാഭരണങ്ങളായാണ് വാങ്ങിയിരിക്കുന്നത്.
ഓരോ വര്‍ഷത്തെയും സ്വര്‍ണത്തിന്റെ ശരാശരി വില കണക്കിലെടുത്താല്‍ ഇത്രയും സ്വര്‍ണം വാങ്ങാന്‍ ഇന്ത്യക്കാര്‍ 50 ലക്ഷം കോടി രൂപ ചെലവാക്കിയിട്ടുണ്ടാകും. ഇതിന്റെ ഇപ്പോഴത്തെ മൂല്യമാകട്ടെ 110 ലക്ഷം കോടി രൂപ വരും. അപ്പോള്‍ ഇന്ത്യന്‍ കുടുംബങ്ങളുടെ മൊത്തം ലാഭം 60 ലക്ഷം കോടി രൂപയാണ്. 15 വര്‍ഷത്തെ കണക്കാണ് ഇതെങ്കില്‍, ഇന്ത്യന്‍ വീടുകളിലെ മൊത്തം സ്വര്‍ണശേഖരം ഏകദേശം 25,000 ടണ്‍ വരും. വേള്‍ഡ് ഗോള്‍ഡ് കൗണ്‍സില്‍ പുറത്തുവിട്ട റിപ്പോര്‍ട്ട് പ്രകാരമാണിത്.
ഇതു കൂടാതെ തിരുവനന്തപുരം പദ്മനാഭസ്വാമി ക്ഷേത്രമുള്‍പ്പെടെ ദക്ഷിണേന്ത്യയിലെ ക്ഷേത്രങ്ങളില്‍ മാത്രം അയ്യായിരം ടണ്ണിലധികം സ്വര്‍ണശേഖരമുണ്ടെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. റിസര്‍വ്വ് ബാങ്കിന്റെ കരുതല്‍ ശേഖരത്തില്‍ 879 ടണ്‍ സ്വര്‍ണമുണ്ട്. ഇന്ത്യയിലെ മൊത്തം സ്വര്‍ണശേഖരം 30,000 ടണ്‍ വരും. ഇതിന്റെ മൂല്യം ഇപ്പോഴത്തെ വില അനുസരിച്ച് ഏകദേശം 275 ലക്ഷം കോടി രൂപയായിരിക്കും.
Content Highlights: Gold Price Today