Top

ആടും കിടാവും കിണറ്റില്‍, രക്ഷിക്കാനിറങ്ങിയവരും കുടുങ്ങി; ഫയര്‍ഫോഴ്‌സെത്തി എല്ലാവരെയും രക്ഷപ്പെടുത്തി

വളര്‍ത്തുമൃഗങ്ങളെ രക്ഷിക്കാനാകാതെ അവശരായ ഉടമകള്‍ കിണറിനുള്ളില്‍ കുടുങ്ങുകയായിരുന്നു.

28 Dec 2021 5:35 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ആടും കിടാവും കിണറ്റില്‍, രക്ഷിക്കാനിറങ്ങിയവരും കുടുങ്ങി; ഫയര്‍ഫോഴ്‌സെത്തി എല്ലാവരെയും രക്ഷപ്പെടുത്തി
X

കോഴിക്കോട് ആയഞ്ചേരിയില്‍ കിണറ്റില്‍ വീണ വളര്‍ത്തുമൃഗങ്ങളെയും ഇവയെ രക്ഷിക്കാനിറങ്ങിയവരെയും നാദാപുരം അഗ്നരക്ഷാസേനരക്ഷപ്പെടുത്തി. വള്ളിയാട് കടുങ്ങാണ്ടിയില്‍ സിദ്ധീഖിന്റെ വീട്ടുമുറ്റത്തെ കിണറ്റിലാണ് അയല്‍വാസികളുടെ ആടും കിടാവും വീണത്. തിങ്കളാഴ്ച ഉച്ചക്ക് രണ്ടരയോടെയായിരുന്നു സംഭവം

തുടര്‍ന്ന് ഉടമകളായ കടുങ്ങാണ്ടിയില്‍ ബാലനും മകന്‍ ആദര്‍ശും കിണറ്റില്‍ ഇറങ്ങുകയായിരുന്നു. എന്നാല്‍ വളര്‍ത്തുമൃഗങ്ങളെ രക്ഷിക്കാനാകാതെ അവശരായ ഇവരും കിണറിനുള്ളില്‍ കുടുങ്ങുകയായിരുന്നു. ഇതോടെ നാട്ടുകാര്‍ അഗ്നിരക്ഷാസേനയെ വിവരമറിയിച്ചു. സ്ഥലത്തെത്തിയ ഫയര്‍ഫോഴ്‌സ് സംഘം രണ്ടുപേരെയും ആടുകളെയും സുരക്ഷിതമായി പുറത്തെത്തിച്ചു.

സ്റ്റേഷന്‍ ഓഫിസര്‍ ഇ സി നന്ദകുമാറിന്റെ നേതൃത്വത്തില്‍ വി വി രാമദാസന്‍, സി കെ ഷൈജേഷ്, പ്രബീഷ്‌കുമാര്‍, ആര്‍ ജിഷ്ണു, എം വി ശ്രീരാഗ്, സി എം ഷിജു എന്നിവരടങ്ങിയ സംഘമാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.

2021ല്‍ 52 തവണയാണ് ഇത്തരത്തില്‍ വളര്‍ത്തുമൃഗങ്ങളെ രക്ഷപ്പെടുത്തണമെന്നാവശ്യപ്പെട്ട് നാദാപുരം ഫയര്‍‌സ്റ്റേഷനിലേക്ക് വിളിവന്നിട്ടുള്ളതെന്ന് ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ പറയുന്നു. കൂടുതലും കിണറ്റില്‍ അകപ്പെടുന്ന ആടുകളെയും പശുക്കളെയും രക്ഷിക്കാനായിട്ടായിരിക്കും. അത്തരത്തില്‍ 35 പശുക്കളെയും 13 ആടുകളെയും മൂന്ന് പോത്തുകളെയും ഒരുകുതിരയെയും ഈവര്‍ഷം സേനരക്ഷപ്പെടുത്തിയിട്ടുണ്ട്.


Next Story