ബത്തേരി ഹേമചന്ദ്രൻ കൊലപാതകം: മുഖ്യപ്രതി നൗഷാദുമായി പൊലീസ് തെളിവെടുപ്പ് ആരംഭിച്ചു

കോഴിക്കോട് എസിപിയുടെ നേതൃത്വത്തിലാണ് തെളിവെടുപ്പ്

dot image

വയനാട്: ഹേമചന്ദ്രൻ കൊലക്കേസിൽ മുഖ്യപ്രതി നൗഷാദുമായി പൊലീസ് തെളിവെടുപ്പ് തുടങ്ങി. ബത്തേരിയിലെ ബീനാച്ചിയിൽ ഹേമചന്ദ്രനെ സംഘം താമസിപ്പിച്ച വീട്ടിലാണ് തെളിവെടുപ്പ് നടത്തുന്നത്. മൃതദേഹം കണ്ടെത്തിയ ചേരമ്പാടി വനമേഖലയിലും തെളിവെടുപ്പ് നടത്തും. കോഴിക്കോട് എസിപിയുടെ നേതൃത്വത്തിലാണ് തെളിവെടുപ്പ്.

ദിവസങ്ങൾക്ക് മുൻപ് ജൂലൈ ഒമ്പതിനാണ് നൗഷാദിനെ ബെംഗളൂരു വിമാനത്താവളത്തിൽ വെച്ച് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഹേമചന്ദ്രന്റേത് ആത്മഹത്യയാണെന്ന് വെളിപ്പെടുത്തി നൗഷാദ് ഫേസ്ബുക്ക് ലൈവുമായി നേരത്തെ രംഗത്തെത്തിയിരുന്നു. കൊലപാതകം എന്ന് പറയുന്നത് തന്നെ തെറ്റാണെന്നും മൃതദേഹം കണ്ടപ്പോള്‍ മറ്റ് വഴിയില്ലെന്ന് സുഹൃത്തുക്കള്‍ പറഞ്ഞതനുസരിച്ചാണ് കുഴിച്ചിട്ടതെന്നും നൗഷാദ് പറഞ്ഞിരുന്നു. ചെയ്ത തെറ്റിന് ജയിലില്‍ കിടക്കാന്‍ തയ്യാറാണെന്നും നാട്ടിലെത്തി പൊലീസില്‍ കീഴടങ്ങുമെന്നും നൗഷാദ് വ്യക്തമാക്കിയിരുന്നു.

എന്നാൽ ഹേമചന്ദ്രനെ കൊലപ്പെടുത്തിയത് നൗഷാദിന്റെ നേതൃത്വത്തില്‍ തന്നെയാണ് എന്ന് പൊലീസ് കണ്ടെത്തിയിരുന്നു. തെറ്റുപറ്റിപ്പോയെന്ന് അന്വേഷണ സംഘത്തിന് നൗഷാദ് വാട്ട്സാപ്പ് സന്ദേശം അയച്ചിരുന്നെന്ന് പൊലീസ് നേരത്തെ അറിയിച്ചിരുന്നു. സൗദി അറേബ്യയിലായിരുന്ന നൗഷാദിന്റെ വിസിറ്റിംഗ് വിസയുടെ കാലാവധി ഈ മാസം എട്ടിന് അവസാനിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നൗഷാദ് കേരളത്തിലേയ്ക്ക് മടങ്ങിയെത്തിയത്.

ജൂണ്‍ 28നാണ് ഒന്നര വര്‍ഷം മുമ്പ് കോഴിക്കോട് നിന്നും കാണാതായ വയനാട് സുല്‍ത്താന്‍ ബത്തേരി സ്വദേശി ഹേമചന്ദ്രന്റെ മൃതദേഹം കണ്ടെത്തിയത്. വയനാട് ചേരമ്പാടിയിലെ വനത്തില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. നൗഷാദ് ഹേമചന്ദ്രനെ ട്രാപ്പ് ചെയ്താണ് വയനാട്ടിലേക്ക് കൊണ്ടുപോയതെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ ഡിസിപി അരുണ്‍ കെ പവിത്രന്‍ നേരത്തെ പറഞ്ഞിരുന്നു. ഹേമചന്ദ്രന്‍ നൗഷാദിന് പണം കൊടുക്കാനുണ്ടായിരുന്നുവെന്നും അത് വാങ്ങിയെടുക്കാനുള്ള വഴിയായിരുന്നു ട്രാപ്പെന്നും അദ്ദേഹം പറഞ്ഞു.

Content Highlights: Police started investigation at bathery hemachandran case

dot image
To advertise here,contact us
dot image