ശബരിമല സ്വര്‍ണക്കൊള്ള: സ്മാര്‍ട്ട് ക്രിയേഷന്‍സ് സിഇഒ പങ്കജ് ഭണ്ഡാരിയും ഗോവര്‍ധനും അറസ്റ്റില്‍

സ്വര്‍ണക്കൊള്ളയില്‍ ഇരുവര്‍ക്കും കൃത്യമായ പങ്കുണ്ടെന്ന് തെളിവുകളോടെ എസ്‌ഐടിക്ക് ബോധ്യമായതിന് പിന്നാലെയാണ് അറസ്റ്റ്

ശബരിമല സ്വര്‍ണക്കൊള്ള: സ്മാര്‍ട്ട് ക്രിയേഷന്‍സ് സിഇഒ പങ്കജ് ഭണ്ഡാരിയും ഗോവര്‍ധനും അറസ്റ്റില്‍
dot image

പത്തനംതിട്ട: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ നിര്‍ണായക നടപടിയുമായി പ്രത്യേക അന്വേഷണ സംഘം(എസ്‌ഐടി). സ്മാര്‍ട്ട് ക്രിയേഷന്‍ സിഇഒ പങ്കജ് ഭണ്ഡാരിയെയും ബെല്ലാരിയിലെ ജ്വല്ലറി ഉടമ ഗോവര്‍ധനെയും എസ്‌ഐടി അറസ്റ്റ് ചെയ്തു. ഇരുവരുടെയും പങ്ക് തെളിഞ്ഞതോടെയാണ് അറസ്റ്റ്. ശബരിമലയിലെ സ്വര്‍ണം ഉണ്ണികൃഷ്ണന്‍ പോറ്റി കൈമാറിയത് സ്മാര്‍ട്ട് ക്രിയേഷന്‍സിനായിരുന്നു. ശില്‍പത്തില്‍ നിന്ന് സ്വര്‍ണം വേര്‍തിരിച്ചത് പങ്കജ് ഭണ്ഡാരിയുടെ കമ്പനിയാണ്.

സ്വര്‍ണക്കൊള്ളയില്‍ ഇരുവര്‍ക്കും കൃത്യമായ പങ്കുണ്ടെന്ന് തെളിവുകളോടെ എസ്‌ഐടിക്ക് ബോധ്യമായതിന് പിന്നാലെയാണ് അറസ്റ്റ്. സ്വര്‍ണപ്പാളികള്‍ വേര്‍തിരിച്ചെടുക്കുന്നതിന് പങ്കജ് ഭണ്ഡാരി എല്ലാ വിധ പിന്തുണ നല്‍കിയതിനും തെളിവുകള്‍ ലഭിച്ചിട്ടുണ്ട്. ഗോവര്‍ധനാണ് ഈ സ്വര്‍ണം സൂക്ഷിച്ചത്. ശബരിമലയിലെ സ്വര്‍ണമാണ് ഇതെന്ന ബോധ്യത്തോടെയാണ് ഗോവര്‍ധന്‍ സ്വര്‍ണം സൂക്ഷിച്ചതെന്ന തെളിവുകളും എസ്‌ഐടിക്ക് ലഭിക്കുകയായിരുന്നു.

Also Read:

മാത്രവുമല്ല, പങ്കജ് ഭണ്ഡാരി ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി ഒന്നിലധികം തവണ ഇടപെടല്‍ നടത്തി. അന്വേഷണം വഴിതിരിച്ചുവിടാന്‍ ഇയാള്‍ വൈരുദ്ധ്യമുള്ള മൊഴികള്‍ നല്‍കി. സ്മാര്‍ട്ട് ക്രിയേഷനില്‍ സ്വര്‍ണത്തിന്റെ അളവടക്കം രേഖപ്പെടുത്തിയ രേഖകള്‍ പങ്കജ് ഭണ്ഡാരി നശിപ്പിച്ചെന്നും എസ്‌ഐടി കണ്ടെത്തിയിരുന്നു.

ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ എസ്‌ഐടിക്കെതിരെ ഹൈക്കോടതി രൂക്ഷ വിമര്‍ശനവുമായി ഇന്ന് രംഗത്തെത്തിയിരുന്നു. പിന്നാലെയാണ് നിര്‍ണായക അറസ്റ്റുണ്ടായിരിക്കുന്നത്. അന്വേഷണത്തില്‍ എസ്ഐടി ഗുരുതര ആലസ്യം കാണിക്കുകയാണെന്ന് ഹൈക്കോടതി വിമര്‍ശിച്ചിരുന്നു. ഡിസംബര്‍ അഞ്ചിന് ശേഷം എസ്‌ഐടി ഗുരുതര ആലസ്യത്തിലാണ്. ചില കുറ്റവാളികളെ ഒഴിവാക്കിക്കൊണ്ടാണോ അന്വേഷണമെന്നും ഹൈക്കോടതി ചോദിച്ചു. മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എന്‍ വാസു, തിരുവാഭരണം മുന്‍ കമ്മീഷണര്‍ കെ എസ് ബൈജു, ദേവസ്വം ബോര്‍ഡ് മുന്‍ എക്സിക്യൂട്ടീവ് ഓഫീസര്‍ മുരാരി ബാബു എന്നിവരുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു. ഈ ഉത്തരവിലാണ് എസ്ഐടിക്കെതിരെ ഹൈക്കോടതി രൂക്ഷ വിമര്‍ശനം ഉന്നയിച്ചത്.

Also Read:

അതേസമയം ശബരിമല സ്വര്‍ണക്കൊള്ളയില്‍ എസ്ഐടിക്ക് പുറമേ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും അന്വേഷണം നടത്തും. ഇ ഡി അന്വേഷണത്തിന് കൊല്ലം വിജിലന്‍സ് കോടതി അനുമതി നല്‍കി. ഇ ഡി അന്വേഷണം ആവശ്യമില്ലെന്ന എസ്ഐടിയുടെ നിലപാട് തള്ളിയാണ് വിജിലന്‍സ് കോടതി ഇ ഡി അന്വേഷണത്തിന് ഉത്തരവിട്ടത്. കേസുമായി ബന്ധപ്പെട്ട മുഴുവന്‍ രേഖകളും ഇ ഡിക്ക് കൈമാറാനും കോടതി എസ്ഐടിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Content Highlights: Sabarimala gold robbery Smart Creation CEO Pankaj Bhandari and Govardhan arrested

dot image
To advertise here,contact us
dot image