

വിജയ് ഹസാരെ ട്രോഫിക്കുള്ള മുംബൈ സ്‌ക്വാഡിനെ പ്രഖ്യാപിച്ചു. ഇന്ത്യയുടെ സൂപ്പര്‍ താരങ്ങളായ രോഹിത് ശര്‍മയും സൂര്യകുമാര്‍ യാദവും യശസ്വി ജയ്‌സ്വാളും ശിവം ദുബെയും ഇല്ലാതെയാണ് മുംബൈ ടീമിനെ പ്രഖ്യാപിച്ചത്. ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ ഷര്‍ദുല്‍ താക്കൂര്‍ നയിക്കുന്ന ടീമില്‍ സര്‍ഫറാസ് ഖാനും സഹോദരന്‍ മുഷീര്‍ ഖാനും ഇടംപിടിച്ചു.
ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി20 പരമ്പരയ്ക്ക് പിന്നാലെ അടുത്ത മാസം ന്യൂസിലാന്‍ഡിനെതിരായ ടി20 പരമ്പരയിലും കളിക്കുന്നതുകൊണ്ടാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവിന് വിശ്രമം അനുവദിച്ചത്. ടി20 പരമ്പരയില്‍ കളിക്കുന്നതുകൊണ്ടാണ് ഓള്‍റൗണ്ടര്‍ ശിവം ദുബെയെയും മുംബൈ സ്‌ക്വാഡില്‍ ഉള്‍പ്പെടുത്താത്തത്.
അടുത്തമാസം 11ന് ന്യൂസിലാന്‍ഡിനെതിരെ ആരംഭിക്കുന്ന ഏകദിന പരമ്പര കളിക്കുന്നതുകൊണ്ടാണ് രോഹിത്തിനെ ഉള്‍പ്പെടുത്താതിരുന്നതെന്നാണ് സൂചന. അതേസമയം അസുഖം കാരണം യുവഓപ്പണര്‍ യശസ്വി ജയ്‌സ്വാളിനെയും ടീമില്‍ ഉള്‍പ്പെടുത്തിയില്ല. സയ്യിദ് മുഷ്താഖ് അലി ട്രോഫിക്കിടെ കടുത്ത വയറുവേദനയെ തുടര്‍ന്ന് ജയ്‌സ്വാളിനെ ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചിരുന്നു. മെഡിക്കല്‍ ടീമിന്റെ ക്ലിയറന്‍സ് ലഭിച്ചാല്‍ താരത്തെ ടീമിലുള്‍പ്പെടുത്തിയേക്കും. ടൂര്‍ണമെന്റിനിടെ പേശീവലിവ് അനുഭവപ്പെട്ട മുന്‍ ക്യാപ്റ്റന്‍ അജിങ്ക്യാ രഹാനെയ്ക്കും വിജയ് ഹസാരെയിലെ ആദ്യ മത്സരങ്ങള്‍ നഷ്ടമാകും.
ഡിസംബര്‍ 24ന് സിക്കിമിനെതിരെ ആണ് മുംബൈയുടെ ആദ്യ മത്സരം. 26ന് ഉത്തരാഖണ്ഡിനെയും 29ന് ഛത്തീസ്ഗഡിനെയും 31ന് ഗോവയെയും ജനുവരി മൂന്നിന് മഹാരാഷ്ട്രയെയും ആറിന് ഹിമാചല്‍പ്രദേശിനെയുമാണ് മുംബൈ നേരിടുക.
Content Highlights: Mumbai Announced squad for Vijay Hazare Trophy, No Rohit Sharma, Yashasvi Jaiswal, Suryakumar Yadav, Shivam Dube