

യുഎഇയിലെ മാധ്യമ മേഖലയുടെ ശാക്തീകരണവും നിയന്ത്രണവും ലക്ഷ്യമിട്ട് പുതിയ 'നാഷണൽ മീഡിയ അതോറിറ്റി' രൂപീകരിച്ചു. നിലവിലുള്ള എമിറേറ്റ്സ് മീഡിയ കൗൺസിൽ, നാഷണൽ മീഡിയ ഓഫീസ്, ഔദ്യോഗിക വാർത്താ ഏജൻസിയായ 'വാം' എന്നിവയെ ലയിപ്പിച്ചാണ് ഈ പുതിയ കേന്ദ്രീകൃത അതോറിറ്റി നിലവിൽ വരുന്നത്. രാജ്യത്തിന്റെ മാധ്യമ നയങ്ങൾ ഏകീകരിക്കാനും രാജ്യാന്തര തലത്തിൽ യുഎഇയുടെ പ്രതിച്ഛായ വർദ്ധിപ്പിക്കാനുമാണ് പുതിയ നിയമത്തിലൂടെ യുഎഇ സർക്കാർ ലക്ഷ്യമിടുന്നത്.
യുഎഇ പ്രസിഡന്റ് പുറപ്പെടുവിച്ച പുതിയ ഫെഡറൽ ഉത്തരവ് പ്രകാരം, ക്യാബിനറ്റിന് കീഴിൽ സ്വയം ഭരണാധികാരമുള്ള ഔദ്യോഗിക സംവിധാനമായാണ് നാഷണൽ മീഡിയ അതോറിറ്റി പ്രവർത്തിക്കുക. രാജ്യത്തെ മാധ്യമ പ്രവർത്തനങ്ങൾ, ഡിജിറ്റൽ മീഡിയ, ഫ്രീ സോണുകളിലെ മാധ്യമ സ്ഥാപനങ്ങൾ എന്നിവയുടെ നിയന്ത്രണവും മേൽനോട്ടവും ഈ അതോറിറ്റിയുടെ പരിധിയിൽ വരും. യുഎഇയുടെ ദേശീയ താല്പര്യങ്ങൾ സംരക്ഷിക്കുന്ന രീതിയിൽ മാധ്യമ നയങ്ങളും സന്ദേശങ്ങളും ഏകീകരിക്കുക എന്നതാണ് ഇതിന്റെ പ്രധാന ദൗത്യം. അതോടൊപ്പം തന്നെ മാധ്യമ മേഖലയിലെ നിയമനിർമാണം, ഉള്ളടക്കത്തിന്റെ ഗുണനിലവാരം ഉറപ്പാക്കൽ, മാധ്യമ പ്രതിസന്ധികൾ കൈകാര്യം ചെയ്യൽ എന്നിവയിലും അതോറിറ്റി നിർണ്ണായക പങ്ക് വഹിക്കും.
ഔദ്യോഗിക വാർത്താ ഏജൻസിയായ 'വാം' ഇനി മുതൽ ഈ അതോറിറ്റിയുടെ കീഴിലായിരിക്കും പ്രവർത്തിക്കുക. വാം വഴി പുറത്തുവിടുന്ന ഔദ്യോഗിക വാർത്തകളുടെ വിതരണം, വിവർത്തനം, പ്രക്ഷേപണം എന്നിവ കൂടുതൽ കാര്യക്ഷമമാക്കും. കൂടാതെ, വിദേശ ലേഖകരുടെയും മാധ്യമ പ്രവർത്തകരുടെയും രജിസ്ട്രേഷൻ, അക്രഡിറ്റേഷൻ എന്നിവയും ഈ പുതിയ സംവിധാനം വഴിയായിരിക്കും നടക്കുക. മാധ്യമ സ്ഥാപനങ്ങൾക്ക് ആവശ്യമായ അന്താരാഷ്ട്ര വാർത്തകളും റിപ്പോർട്ടുകളും ചിത്രങ്ങളും കൃത്യമായ പ്രൊഫഷണൽ മാനദണ്ഡങ്ങൾ പാലിച്ച് ലഭ്യമാക്കാനും പുതിയ അതോറിറ്റിക്ക് ചുമതലയുണ്ട്. ചുരുക്കത്തിൽ, യുഎഇയുടെ മാധ്യമ സംസ്കാരത്തെ ആഗോള നിലവാരത്തിലേക്ക് ഉയർത്താനും വാർത്താ വിനിമയ രംഗത്ത് പുതിയ മാറ്റങ്ങൾ കൊണ്ടുവരാനും ലക്ഷ്യമിട്ടുള്ള വിപുലമായ നീക്കമാണിത്.
Content Highlights: UAE establishes National Media Authority to overhaul media regulation