
അബുദബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ വിജയികളായ അഞ്ച് പേർക്ക് 250 ഗ്രാം 24 കാരറ്റ് സ്വർണം സമ്മാനമായി ലഭിച്ചു. ഈ ആഴ്ചയിലെ വിജയികൾക്കാണ് സമ്മാനം ലഭിച്ചിരിക്കുന്നത്. യുഎഇ, ഇന്ത്യ, ബംഗ്ലാദേശ്, ശ്രീലങ്ക സ്വദേശികളാണ് നറുക്കെടുപ്പിൽ വിജയികളായത്. ഇന്ത്യൻ സ്വദേശികളായ രണ്ട് പേരും മലയാളികളാണ്.
യുഎഇയിൽ 19 വർഷമായി താമസിക്കുന്ന മലയാളി മെക്കാനിക്കൽ എഞ്ചിനീയർ അജിത്ത് സാമുവൽ ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ വിജയം സ്വന്തമാക്കി. 44കാരനായ അജിത്ത് വർഷങ്ങളായി ബിഗ് ടിക്കറ്റ് എടുക്കുന്നയാളാണ്. ഐടി പ്രൊഫഷണൽ വിബിൻ വാസുദേവനാണ് ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ വിജയിയായ മറ്റൊരു മലയാളി. ദുബായിൽ 10 വർഷമായി താമസിക്കുകയാണ് വിബിൻ വാസുദേവൻ.
ദുബായിൽ നാല് വർഷമായി താമസിക്കുന്ന 24കാരനായ ബംഗ്ലാദേശ് പ്രവാസി മൻസൂർ അഹമ്മദും ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ വിജയിയായി. ആദ്യമായിട്ടാണ് മൻസൂർ ബിഗ് ടിക്കറ്റ് വാങ്ങുന്നത്. ശ്രീലങ്കൻ സ്വദേശിയായ മുഹമ്മദ് നളീമാണ് ബിഗ് ടിക്കറ്റ് നറുക്കെടുപ്പിലെ ഒരു വിജയി. 63 വയസുകാരനായ നളീം കഴിഞ്ഞ 19 വർഷമായി സൗദി അറേബ്യയിലാണ് താമസിക്കുന്നത്. അബുദബി സ്വദേശിയായ 39കാരനാണ് യുഎഇയിൽ നിന്ന് ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ വിജയം സ്വന്തമാക്കിയത്. അബുദബിയിൽ സർക്കാർ ജീവനക്കാരനായ ഇദ്ദേഹം 2023-ൽ മുതൽ ബിഗ് ടിക്കറ്റ് വാങ്ങുന്ന വ്യക്തിയാണ്.
Content Highlights: Two Malayalis win Abu Dhabi Big Ticket lottery