മിന്നൽ മുരളി ടീം വീണ്ടും ഒന്നിക്കുന്ന 'അതിരടി' ചിത്രീകരണം ആരംഭിച്ചു, ബേസിൽ ഒരുക്കുന്നത് മാസ് ക്യാമ്പസ് ചിത്രം

ബേസിൽ ജോസഫ് - ടൊവിനോ ചിത്രം അതിരടി ചിത്രീകരണം ആരംഭിച്ചു

മിന്നൽ മുരളി ടീം വീണ്ടും ഒന്നിക്കുന്ന 'അതിരടി' ചിത്രീകരണം ആരംഭിച്ചു, ബേസിൽ ഒരുക്കുന്നത് മാസ് ക്യാമ്പസ് ചിത്രം
dot image

ടൊവിനോ, ബേസിൽ, വിനീത് ശ്രീനിവാസൻ എന്നിവർ കേന്ദ്രകഥാപാത്രങ്ങളായി എത്തുന്ന മൾട്ടി സ്റ്റാർ ചിത്രം 'അതിരടി' ഒരു മുഴുനീള ക്യാമ്പസ് ചിത്രമായാണ് ഒരുക്കുന്നത്. 80 ദിവസങ്ങളോളം എറണാകുളം ഫിസാറ്റ് കോളേജിൽ നീണ്ടുനിൽക്കുന്ന ഷെഡ്യൂൾ ഇന്ന് ആരംഭിച്ചു.
നവാഗതനായ അരുൺ അനിരുദ്ധൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിൻ്റെ ടൈറ്റിൽ ടീസർ കഴിഞ്ഞ ദിവസം പുറത്ത് വരികയും വമ്പൻ പ്രേക്ഷക പ്രതികരണം നേടുകയും ചെയ്തിരുന്നു.

തിയേറ്റേറുകളെ ഇളക്കി മറിക്കുന്ന മാസ്സ് ആക്ഷൻ എന്റർടെയ്‌നർ ആയാവും അതിരടി ഒരുങ്ങുന്നത് എന്ന സൂചനയാണ് ടീസർ നൽകിയത്. വമ്പൻ തെന്നിന്ത്യൻ ചിത്രങ്ങളുടെ ടൈറ്റിൽ അനൗൺസ്മെന്റ് ടീസറിനെ അനുസ്മരിപ്പിക്കുന്ന രീതിയിൽ മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലാണ് ഈ ടൈറ്റിൽ ടീസർ റിലീസ് ചെയ്തത്. മറ്റു ഭാഷകളിലും മികച്ച പ്രതികരണമാണ് ടീസറിനു ലഭിക്കുന്നത്.

ബേസിൽ ജോസഫ് എൻ്റർടെയ്ൻമെൻ്റ്സിൻ്റെ ബാനറിൽ ബേസിൽ ജോസഫും ഡോക്ടർ അനന്തു എൻ്റർടെയ്ൻമെൻ്റ്‌സിൻ്റെ ബാനറിൽ ഡോക്ടർ അനന്തു എസും ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിന്റെ കോ പ്രൊഡ്യൂസഴ്സ് സംവിധായകനും ഛായാഗ്രാഹകനുമായ സമീർ താഹിറും നടൻ ടൊവിനോ തോമസും ആണ്. മിന്നൽ മുരളിക്ക് ശേഷം ടൊവിനോ തോമസും ബേസിൽ ജോസഫും സമീർ താഹിറും അരുൺ അനിരുദ്ധനും ഒന്നിക്കുന്ന എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്.

പോൾസൺ സ്കറിയ, അരുൺ അനിരുദ്ധൻ എന്നിവർ ചേർന്ന് തിരക്കഥ രചിച്ച ചിത്രം, ബേസിൽ ജോസഫ് സംവിധാനം ചെയ്ത "മിന്നൽ മുരളി"യുടെ തിരക്കഥാകൃത്തുക്കളിൽ ഒരാളായ അരുണിന്റെ സംവിധായകനായുള്ള അരങ്ങേറ്റ ചിത്രം കൂടിയാണ്. ബേസിൽ ജോസഫ്, ടോവിനോ തോമസ്, വിനീത് ശ്രീനിവാസൻ എന്നിവർ ആദ്യമായാണ് ഒരുചിത്രത്തിൽ ഒരുമിച്ചു എത്തുന്നത് എന്നതാണ് 'അതിരടി'യുടെ പ്രധാന ഹൈലൈറ്റ്. വിഷ്ണു വിജയ് ആണ് ഈ ചിത്രത്തിന് വേണ്ടി സംഗീതമൊരുക്കുന്നത്.

ഛായാഗ്രഹണം - സാമുവൽ ഹെൻറി, സംഗീതം - വിഷ്ണു വിജയ്, എഡിറ്റർ - ചമൻ ചാക്കോ, പ്രൊഡക്ഷൻ ഡിസൈനർ - മാനവ് സുരേഷ്, കോസ്റ്റ്യൂം - മഷർ ഹംസ, മേക്കപ്പ് - റൊണക്സ് സേവ്യർ, സൗണ്ട് ഡിസൈനർ - നിക്സൺ ജോർജ്, വരികൾ - സുഹൈൽ കോയ, പ്രൊഡക്ഷൻ കൺട്രോളർ - ആൻ്റണി തോമസ്, എക്സികുട്ടീവ് പ്രൊഡ്യൂസർ- നിഖിൽ രാമനാഥ്, അമൽ സേവ്യർ മനക്കത്തറയിൽ, വിഎഫ്എക്സ് - മൈൻഡ്സ്റ്റെയിൻ സ്റ്റുഡിയോസ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ - സുകു ദാമോദർ, സ്റ്റിൽസ് - രോഹിത് കെ സുരേഷ്, ടൈറ്റിൽ ഡിസൈൻ - സർക്കാസനം, പിആർഒ - വൈശാഖ് സി വടക്കെവീട്, ജിനു അനിൽകുമാർ.

Content Highlights:  Basil Joseph - Tovino's film Athiradi begins shooting

dot image
To advertise here,contact us
dot image