
തൃശൂര്‍: പള്ളുരുത്തി സെന്റ് റീത്താസ് പബ്ലിക് സ്‌കൂളിലെ ഹിജാബ് വിവാദത്തില്‍ പ്രതികരിച്ച് എസ്‌വൈഎസ് സംസ്ഥാന സെക്രട്ടറി മുസ്തഫ മുണ്ടുപാറ. സംഭവം നാട്ടില്‍ അശാന്തി ഉണ്ടാക്കുന്നതിലേക്ക് പോകുന്നുണ്ടെന്നും സ്ഥാപനത്തെ കുറിച്ച് നേരത്തെയും പരാതി ഉണ്ടെന്നും മുസ്തഫ മുണ്ടുപാറ പറഞ്ഞു.
വിദ്യാഭ്യാസ മന്ത്രി ധീരമായ നിലപാട് സ്വീകരിച്ചു. എന്നാല്‍ താത്കാലിക പരിഹാരം അല്ല വേണ്ടത്. എല്ലാ സ്‌കൂളുകള്‍ക്കും ബാധകമായ ഒരു ചട്ടം സര്‍ക്കാര്‍ ഉണ്ടാക്കണം. മണ്ഡലകാലത്ത് കറുത്ത തുണിയുടുത്ത് കുട്ടികള്‍ക്ക് വരാനുള്ള സാഹചര്യം പള്ളുരുത്തിയില്‍ ഉണ്ടാകില്ല. പരസ്പരം മാനിച്ചും ബഹുമാനിച്ചുമാണ് സാമുദായിക സംഘടനകള്‍ നടത്തുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ മുന്നോട്ട് പോകുന്നത്. എന്നാല്‍ ചില സ്ഥാപനങ്ങള്‍ അതിന് വിഘാതമായി പ്രവര്‍ത്തിക്കുന്നു.
പള്ളുരുത്തിയിലേത് ഒറ്റപ്പെട്ട സംഭവമല്ല. കോഴിക്കോട് സിറ്റിയില്‍ തന്നെ ചില വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ തല മറച്ചു പോകാന്‍ പറ്റാത്ത സാഹചര്യമുണ്ട്. മുസ്‌ലിം പെണ്‍കുട്ടികള്‍ക്ക് തലമറയ്ക്കുക വിശ്വാസത്തിന്റെ ഭാഗമാണ്. തലമറയ്ക്കല്‍ ഇസ്‌ലാമിന്റെ അടിസ്ഥാന തത്വങ്ങളില്‍ പെട്ടതല്ല എന്ന പ്രചാരണം തെറ്റാണ്. എല്ലാ മുസ്‌ലിം സ്ത്രീകളും തല മറയ്ക്കണം എന്ന് ആരും ഇവിടെ നിര്‍ബന്ധം പിടിക്കുന്നില്ല. മതവിശ്വാസം മുറുകെ പിടിക്കാന്‍ ഭരണഘടന അവകാശം നല്‍കുന്നുണ്ട്. അതിന്റെ കടയ്ക്കല്‍ കത്തിവെച്ചു കൊണ്ടാണ് പള്ളുരുത്തിയിലെ ഉള്‍പ്പെടെ ചില സ്ഥാപനങ്ങള്‍ മുമ്പോട്ട് പോകുന്നതെന്നും മുസ്തഫ മുണ്ടുപാറ ആരോപിച്ചു.
സെന്റ് റീത്താസ് സ്‌കൂളില്‍ ശിരോവസ്ത്രം ധരിച്ച് ക്ലാസിലെത്തിയ വിദ്യാര്‍ത്ഥിയെ പുറത്തുനിര്‍ത്തിയത് വലിയ വിവാദത്തിന് വഴിവെച്ചിരുന്നു. കുട്ടിയുടെ പിതാവ് മുഖ്യമന്ത്രിയുടെ ഓഫീസില്‍ പരാതി നല്‍കുകയും ജില്ലാ വിദ്യാഭ്യാസ ഡയറക്ടറോട് റിപ്പോര്‍ട്ട് തേടുകയും ചെയ്തതോടെയായിരുന്നു സംഭവം പുറത്തറിയുന്നത്. ഹിജാബ് ധരിച്ചതിന്റെ പേരില്‍ കുട്ടിയെ ക്ലാസില്‍ ഇരുത്തിയില്ലെന്നായിരുന്നു ജില്ലാ വിദ്യാഭ്യാസ ഡയറക്ടറുടെ റിപ്പോര്‍ട്ടില്‍ പറഞ്ഞത്.
സ്‌കൂള്‍ നിയമങ്ങള്‍ പാലിച്ച് വന്നാല്‍ കുട്ടിക്ക് വിദ്യാഭ്യാസം നല്‍കാന്‍ തയ്യാറാണെന്നായിരുന്നു പ്രിന്‍സിപ്പല്‍ പറഞ്ഞത്. എന്നാല്‍ വിദ്യാര്‍ത്ഥി സെന്റ് റീത്താസ് സ്‌കൂളിലെ പഠനം ഉപേക്ഷിക്കാൻ ഒരുങ്ങുകയാണെന്ന് പിതാവ് അറിയിച്ചു. സ്‌കൂളില്‍ നിന്നും വിടുതല്‍ സര്‍ട്ടിഫിക്കറ്റ് വാങ്ങുമെന്നും കുട്ടിയുടെ ആവശ്യപ്രകാരമാണ് തീരുമാനമെന്നുമാണ് പിതാവ് അറിയിച്ചത്.
Content Highlights: musthafa mundupara about hijab issue