
കാന്‍സര്‍ ചികിത്സാരംഗത്ത് വിപ്ലവകരമായ മുന്നേറ്റത്തിന് വഴിയൊരുങ്ങുന്നു. കാന്‍സര്‍ തടയാന്‍ കെല്പുള്ള വാക്സിന്‍ ഗവേഷകര്‍ കണ്ടെത്തിക്കഴിഞ്ഞു. പ്രാരംഭഘട്ടത്തില്‍ത്തന്നെ കാന്‍സര്‍ കോശങ്ങളെ തിരിച്ചറിയാനും തടയാനും ട്യൂമര്‍ ഉണ്ടാകുന്നത് തടയാനും തക്കവണ്ണമുളള രോഗപ്രതിരോധ സംവിധാനമാണ് ഈ ' സൂപ്പര്‍ വാക്‌സിന്‍' വാഗ്ധാനം ചെയ്യുന്നത്. രോഗം കണ്ടെത്തിയതിന് ശേഷം ചികിത്സയെ ആശ്രയിച്ച് മുന്നോട്ടുപോവുക എന്നതിന് പകരം രോഗം വരുന്നത് തന്നെ തടയാന്‍ ഇതിലൂടെ സാധിക്കും. ഗവേഷണം പ്രാരംഭഘട്ടത്തിലാണെങ്കിലും ഗവേഷകര്‍ ശുഭാപ്തി വിശ്വാസത്തിലാണ്.
അമേരിക്കയിലെ ' മസാച്യുസെറ്റ്‌സ് ആംഹെസ്റ്റ് ' സര്‍വ്വകലാശാലയിലെ ശാസ്ത്രജ്ഞരാണ് ഈ ' സൂപ്പര്‍ വാക്‌സിന്‍' വികസിപ്പിരിക്കുന്നത്. സയന്‍സ് ഡെയ്‌ലിയില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ വാക്സിനെ കുറിച്ച് വിശദമായി തന്നെ പ്രതിപാദിച്ചിട്ടുണ്ട്. ലബോറട്ടറികളില്‍ വച്ച് നടത്തിയ പരീക്ഷണത്തില്‍ എലികളിലാണ് വാക്‌സിന്‍ പരീക്ഷിച്ചത്. രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്ന ഫോര്‍മുല ഉപയോഗിച്ചാണ് ഈ പരീക്ഷണാത്മക വാക്‌സിന്റെ പ്രവര്‍ത്തനം.
വാക്‌സിന്‍ ഉപയോഗിച്ചപ്പോള്‍ മൃഗങ്ങളുടെ രോഗ പ്രതിരോധ സംവിധാനങ്ങള്‍ കാന്‍സര്‍ കോശങ്ങള്‍ ട്യൂമറുകളായി വളരുന്നതിന് മുന്‍പ് തിരിച്ചറിയാനും അതിന്റെ വളര്‍ച്ച തടയാനും നശിപ്പിക്കാനും സഹായിച്ചു. വാക്‌സിനേഷന്‍ നല്‍കിയ ഭൂരിഭാഗം എലികളും ട്യൂമറിന്റെ ലക്ഷണങ്ങള്‍ കാണിച്ചില്ല. ഇത് സൂചിപ്പിക്കുന്നത് കാന്‍സര്‍ ശരീരത്തിന്റെ എല്ലാഭാഗത്തേക്കും പടരുന്നതിന് മുന്‍പുതന്നെ അതിനെ ചെറുക്കാന്‍ വാക്‌സിന് കഴിയുന്നു എന്നാണ്.
ഗവേഷകര്‍ പറയുന്നതനുസരിച്ച് കാന്‍സറായി മാറിയേക്കാവുന്ന കോശങ്ങളെ കണ്ടെത്തി ആക്രമിക്കാന്‍ തക്കവണ്ണം ശരീരത്തിലെ രോഗപ്രതിരോധ സംവിധാനങ്ങളെ പരിശീലിപ്പിക്കുകയാണ് വാക്‌സിന്റെ പ്രവര്‍ത്തനങ്ങളിലൂടെ ചെയ്യുന്നത്. ഏതെങ്കിലും ഒരു തരത്തിലുള്ള കാന്‍സറിനെ മാത്രം ലക്ഷ്യം വയ്ക്കുന്നതിന് പകരം മെലനോമ, പാന്‍ക്രിയാറ്റിക് കാന്‍സര്‍, സ്തനാര്‍ബുദം ഉള്‍പ്പെടെയുള്ള കാന്‍സറുകളെ തടയാന്‍ കഴിയുന്ന വാക്സിനാണ് ഗവേഷകര്‍ വികസിപ്പിക്കുന്നത്. രോഗം മറ്റ് ഭാഗങ്ങളിലേക്ക് പടരുന്നത് തടയുന്നതുകൊണ്ടുതന്നെ മെറ്റാസിസ് (ഏതെങ്കിലും ഒരു ട്യൂമറില്‍ നിന്ന് കാന്‍സര്‍ കോശങ്ങള്‍ വേര്‍പെട്ട് ശരീരത്തിലൂടെ സഞ്ചരിച്ച് ശരീരത്തിന്റെ മറ്റ് ഭാഗങ്ങളില്‍ പുതിയ മുഴകള്‍ രൂപപ്പെടുന്ന പ്രക്രിയ)മൂലമുള്ള മരണങ്ങള്‍ക്ക് കാരണമാകുന്ന കാന്‍സറുകളുടെ കാര്യത്തില്‍ (ശ്വാസകോശം, തലച്ചോറ്,കരള്‍) ഇത് കൂടുതല്‍ ഗുണപ്രദമാകുമെന്ന് ആരോഗ്യവിദഗ്ധര്‍ പറയുന്നു.
എലികളില്‍ നടത്തിയ പഠനങ്ങളില്‍നിന്ന് ലഭിച്ച ഫലങ്ങള്‍ പോസിറ്റീവാണെങ്കിലും ഗവേഷണം ഇപ്പോഴും പ്രാരംഭഘട്ടത്തിലാണെന്നും മനുഷ്യരില്‍ പരീക്ഷണം ഇനിയും നടക്കാന്‍ പോകുന്നതേയുള്ളൂ എന്നും ഗവേഷകര്‍ പറയുന്നുണ്ട്. കൂടാതെ വാക്‌സിന്റെ ഉപയോഗരീതി, പാര്‍ശ്വഫലങ്ങള്‍ എന്നിവയെക്കുറിച്ചൊന്നും കൂടുതല്‍ അറിവുകള്‍ ലഭ്യമായിട്ടില്ല.
Content Highlights :Breakthrough in cancer treatment; Researchers develop vaccine that promises to prevent cancer