'മദ്യം ഒളിപ്പിച്ചുവെച്ചതില്‍ ദേഷ്യം, പിന്നാലെ മര്‍ദനം; പീഡനം സഹിക്കവയ്യാതെയാണ് അമ്മ കിണറ്റില്‍ ചാടിയത്'

അർച്ചനയെ ശിവകൃഷ്ണൻ സ്ഥിരം മർദിച്ചിരുന്നതായി മകൾ

'മദ്യം ഒളിപ്പിച്ചുവെച്ചതില്‍ ദേഷ്യം, പിന്നാലെ മര്‍ദനം; പീഡനം സഹിക്കവയ്യാതെയാണ് അമ്മ കിണറ്റില്‍ ചാടിയത്'
dot image

കൊല്ലം: ശിവകൃഷ്ണന്‍ അമ്മയെ സ്ഥിരം മര്‍ദിച്ചിരുന്നുവെന്ന് കൊല്ലത്ത് കിണറ്റില്‍ ചാടുകയും പിന്നീട് മരിക്കുകയും ചെയ്ത അര്‍ച്ചനയുടെ മകള്‍. ഇന്നലെ അമ്മയും ശിവകൃഷ്ണനും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നുവെന്നും അമ്മയെ അയാള്‍ മര്‍ദിച്ചിരുന്നതായും മകള്‍ പറഞ്ഞു. മര്‍ദനം സഹിക്കവയ്യാതെയാണ് അമ്മ കിണറ്റില്‍ ചാടിയതെന്നും അര്‍ച്ചനയുടെ പതിനാലുകാരിയായ മകള്‍ പറഞ്ഞു. ശിവകൃഷ്ണന്‍ സ്ഥിരം മദ്യപാനിയാണ്. ഇന്നലെ രാവിലെ മുതല്‍ ഇയാള്‍ മദ്യപിച്ചിരുന്നു. ഇതോടെ അമ്മ മദ്യക്കുപ്പി ഒളിപ്പിച്ചുവെച്ചു. ഇതിന്റെ ദേഷ്യത്തിലാണ് അമ്മയെ ശിവകൃഷ്ണന്‍ മര്‍ദിച്ചതെന്നും മകള്‍ റിപ്പോര്‍ട്ടറിനോട് പറഞ്ഞു.

അതിനിടെ ശിവകൃഷ്ണന്റെ മര്‍ദനത്തെ തുടര്‍ന്ന് പരിക്കേറ്റ അര്‍ച്ചനയുടെ ഒരു വീഡിയോ പുറത്തുവന്നു. മരിക്കുന്നതിന് തൊട്ടുമുന്‍പ് അര്‍ച്ചന ചിത്രീകരിച്ചതാണ് വീഡിയോ. ഇതില്‍ അര്‍ച്ചനയുടെ മുഖത്ത് പരിക്കേറ്റത് വ്യക്തമാണ്. കണ്ണുകളുടെ താഴ്ഭാഗത്ത് ചതഞ്ഞിരിക്കുന്നതും പൊട്ടി ചോരപൊടിയുന്നതും ദൃശ്യത്തിലുണ്ട്. ഇതിന് പുറമേ ചുണ്ടിനകത്ത് പൊട്ടിയിരിക്കുന്നതും കാണാം.

ഇന്നലെ രാത്രി 12.30 ഓടെയായിരുന്നു കൊല്ലം നെടുവത്തൂരില്‍ സംഭവം നടക്കുന്നത്. അമ്മ കിണറ്റില്‍ ചാടിയതായി മക്കള്‍ സമീപവാസികളെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് സമീപവാസികള്‍ സംഭവം കൊട്ടാരക്കര ഫയര്‍ഫോഴ്‌സിനെ വിവരം അറിയിച്ചു. തുടര്‍ന്ന് ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥന്‍ സോണിയുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി. തുടര്‍ന്ന് സോണി കിണറ്റില്‍ ഇറങ്ങി അര്‍ച്ചനയുടെ സമീപം എത്തി. ഈ സമയം അര്‍ച്ചനയ്ക്ക് ജീവനുണ്ടായിരുന്നു. ഇതിനിടെ ശിവകൃഷ്ണന്‍ കിണറിന്റെ തൂണില്‍ പിടിച്ചുനില്‍ക്കുന്നുണ്ടായിരുന്നു. ഇയാളോട് പല തവണ അവിടെ നിന്ന് മാറിനില്‍ക്കാന്‍ അവശ്യപ്പെട്ടെങ്കിലും മാറിയില്ല. അര്‍ച്ചനയുമായി റോപ്പില്‍ മുകളിലേക്ക് കയറുന്നതിനിടെ കിണറിന്റെ കൈവരി ഇടിഞ്ഞ് ശിവകൃഷ്ണന്‍ കിണറ്റിലേക്ക് വീണു. സോണിയുടെയും അര്‍ച്ചനയുടെയും മുകളിലേക്കായിരുന്നു കിണറിന്റെ ഭാഗവും ശിവകൃഷ്ണനും വീണത്. തുടര്‍ന്ന് നാല് മണിക്കൂര്‍ നീണ്ട രക്ഷാപ്രവര്‍ത്തനത്തിനൊടുവില്‍ മൂന്ന് പേരെയും പുറത്തെടുത്തു. ഈ സമയം മൂന്ന് പേരും മരിച്ചിരുന്നു.

തിരുവനന്തപുരം വാമനപുരം പൊയ്കമുക്ക് സ്വദേശിയാണ് സോണി. പത്ത് വര്‍ഷമായി ഇദ്ദേഹം സര്‍വീസിലുണ്ട്. ഭാര്യയും മൂന്ന് വയസുകാരി മകളുമാണ് ഇദ്ദേഹത്തിനുള്ളത്. നേരത്തെ ഏലൂര്‍ ഫയര്‍ സ്റ്റേഷനില്‍ സോണി ജോലി ചെയ്തിരുന്നു. നാട്ടിലെ പ്രവര്‍ത്തനങ്ങളില്‍ സോണി സജീവമായി പ്രവര്‍ത്തിച്ചിരുന്നതായി നാട്ടുകാര്‍ പറഞ്ഞു. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് ശേഷം സോണിയുടെ മൃതദേഹം കൊട്ടാരക്കര ഫയര്‍ സ്റ്റേഷനില്‍ എത്തിക്കും. തുടര്‍ന്ന് പൊതുദര്‍ശനം ഉണ്ടാകും. ഉച്ചതിരിഞ്ഞ് മൃതദേഹം നാട്ടിലേക്ക് എത്തിക്കും. മൂന്ന് മണിയോടെ മൃതദേഹം വീട്ടുവളപ്പില്‍ സംസ്‌കരിക്കും.

Content Highlights- Daughter reaction over death of mother who died well incident in kollam

dot image
To advertise here,contact us
dot image