
ജയസൂര്യയെ നായകനാക്കി മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്ത കോമഡി ചിത്രമായിരുന്നു ആട്. തിയേറ്ററിൽ വിജയമാകാതെ പോയ ചിത്രത്തിന് ഡിജിറ്റൽ റിലീസിന് ശേഷം വലിയ ആരാധകരാണ് ഉണ്ടായത്. തുടർന്ന് സിനിമയ്ക്കൊരു രണ്ടാം ഭാഗവും സംഭവിച്ചു. ചിത്രത്തിന്റെ മൂന്നാം ഭാഗത്തിന്റെ ചിത്രീകരണം ആരംഭിച്ചിരിക്കുകയാണ്. ഇപ്പോഴിതാ 8 വർഷത്തിന് ശേഷം വീണ്ടും ജയസൂര്യ ഷാജി പാപ്പൻ മോഡ് പിടിച്ചിരിക്കുകയാണ്.
ആട് 3 യ്ക്ക് വേണ്ടി ജയസൂര്യ താടി വടിച്ച വീഡിയോ ആണ് സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടുന്നത്. കത്തനാർ സിനിമയ്ക്ക് വേണ്ടി ജയസൂര്യ താടി നീട്ടി വളർത്തിയിരുന്നു,. സിനിമയുടെ ചിത്രീകരണത്തിന് ശേഷമാണ് ജയസൂര്യ ഷാജി പാപ്പൻ ആയത്. ആരാധകർ സോഷ്യൽ മീഡിയയിൽ പാപ്പനെ ഏറ്റെടുത്തിരിക്കുകയാണ്.
ഒരു എപിക്-ഫാന്റസി ചിത്രമായാകും ആട് 3 എന്ന് നേരത്തെ സംവിധായകൻ വെളിപ്പെടുത്തിയിരുന്നു. മിഥുൻ തന്നെയാണ് ആട് 3 യുടെ തിരക്കഥ ഒരുക്കുന്നത്. സൈജു കുറുപ്പ്, സണ്ണി വെയ്ൻ, വിനായകൻ, വിജയ് ബാബു തുടങ്ങിയവരാണ് സിനിമയിലെ മറ്റ് പ്രധാന അഭിനേതാക്കൾ. ഫ്രൈഡേ ഫിലിം ഹൗസിൻ്റെ ബാനറിൽ വിജയ് ബാബു ആണ് ചിത്രം നിർമിക്കുന്നത്. സിനിമ അടുത്ത വർഷം മാർച്ച് 19 ന് റീലീസ് ചെയ്യുമെന്നാണ് അണിയറപ്രവർത്തകർ അറിയിച്ചിരിക്കുന്നത്.
Content Highlights: Jayasurya shaving his beard for Aadu 3 is gaining attention on social media