
ഇന്ത്യൻ റയിൽവെയുടെ ആധുനികവത്കരണം ദ്രുതഗതിയിൽ പുരോഗമിക്കുകയാണ്. പുതിയ കോച്ചുകൾ, റെയിൽപാതകൾ, ഹൈഡ്രജൻ ട്രെയിൻ തുടങ്ങി പുതിയ പരീക്ഷണങ്ങളും മാറ്റങ്ങളുമായി ഇന്ത്യൻ റെയിൽവേ മുന്നേറുകയാണ്. ഇതിനിടെ രാജ്യത്തിന്റെ സ്വപ്നപദ്ധതിയായ മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിൻ ഇടനാഴിയുടെ നിർമാണവും അതിവേഗം പുരോഗമിക്കുകയാണ്. ഇന്ത്യൻ റെയിൽവേയിൽ പുതിയ നാഴികക്കല്ല് സൃഷ്ടിച്ചേക്കാവുന്ന ഈ പദ്ധതിയെപ്പറ്റി ഇപ്പോൾ ഒരു നിർണായക അപ്‌ഡേറ്റ് പുറത്തുവന്നിരിക്കുകയാണ്.
മുംബൈ അഹമ്മദാബാദ് ബുള്ളറ്റ് റയിൽ കോറിഡോറിൽ ജാപ്പനീസ് നിർമിത ഷിൻകാൻസെൻ E10 ട്രെയിനുകൾ ഓടിക്കാൻ കേന്ദ്രസർക്കാർ പദ്ധതിയിടുകയാണ് എന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. കഴിഞ്ഞ ദിവസങ്ങളിൽ മുംബൈ സന്ദർശിച്ച റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് ആണ് ഇക്കാര്യം സംബന്ധിച്ച് ഒരു സൂചന നൽകിയത്. ജാപ്പനീസ് പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തിയിരുന്നെന്നും നിർമാണത്തിൽ അവർ പൂർണ ആത്മവിശ്വാസം പ്രകടിപ്പിച്ചെന്നും മന്ത്രി പറഞ്ഞിരുന്നു. മണിക്കൂറിൽ 350 കിലോമീറ്റർ വരെ വേഗതയിൽ 'പറക്കുന്ന' ട്രെയിനുകളാണ് ജപ്പാൻ്റെ ഷിൻകാൻസെൻ E10 ട്രെയിനുകൾ. ഇവ വന്നാൽ മുംബൈയിൽ നിന്നും അഹമ്മദാബാദിലേക്കും തിരിച്ചും വെറും രണ്ട് മണിക്കൂറിൽ യാത്ര ചെയ്യാനാകും.
508 കിലോമീറ്റർ ഇടനാഴിയാണ് റെയിൽവേ നിർമ്മിക്കുന്നത്. ദ്രുതഗതിയിൽ പോകുന്ന നിർമാണം 2027ൽ പൂർത്തീകരിക്കാനാണ് റെയിൽവെയുടെ പദ്ധതി. 12 സ്റ്റേഷനുകളാണ് പാതയിൽ ഉണ്ടാകുക. മുംബൈയിൽ നിന്നാരംഭിച്ചാൽ താനെ, വിരാർ, ബോയ്‌സർ, വാപി, ബിലിമോറ, സൂറത്ത്, ബറൂച്, വഡോദര, ആനന്ദ്, അഹമ്മദാബാദ്, സബർമതി എന്നിങ്ങനെയാണ് സ്റ്റേഷനുകൾ.1,08,000 കോടിയാണ് പദ്ധതിക്ക് പ്രതീക്ഷിക്കുന്ന ചിലവ്. ജപ്പാൻ ഇന്റർനാഷണൽ കോഓപ്പറേഷൻ ഏജൻസിയാണ് പദ്ധതി തുകയുടെ 81 ശതമാനവും വഹിക്കുന്നത്. ബാക്കി തുക കേന്ദ്ര സർക്കാരും മഹാരാഷ്ട്ര, ഗുജറാത്ത് സർക്കാരും ചേർന്നാണ് വഹിക്കുക.
Content Highlights: Shinkansen E-10 trains to run on mumbai ahmedabad corridor