എന്തൊരു മര്യാദകേട്! യുനെസ്‌കോ ചരിത്രസ്മാരകത്തിൻ്റെ ചുമരുകളിൽ പ്രണയ സന്ദേശങ്ങളെഴുതി യുവതീയുവാക്കൾ; വിമർശനം

ശവകുടീരം സന്ദർശിക്കാൻ വന്ന ചിലർ കെട്ടിടത്തിന്റെ ചുമരുകളിൽ പ്രണയ സന്ദേശങ്ങൾ എഴുതുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്

എന്തൊരു മര്യാദകേട്! യുനെസ്‌കോ ചരിത്രസ്മാരകത്തിൻ്റെ ചുമരുകളിൽ പ്രണയ സന്ദേശങ്ങളെഴുതി യുവതീയുവാക്കൾ; വിമർശനം
dot image

ഇന്ത്യക്കാരെപ്പറ്റി പറയുമ്പോൾ പലരും വിമർശനാത്മകമായി പറയുന്ന ഒരു കാര്യമുണ്ട്. നമ്മളിൽ പലർക്കും പൊതുമര്യാദകൾ പാലിക്കാൻ അറിയില്ല എന്ന്. പൊതുസ്ഥലങ്ങളിൽ എങ്ങനെ ഇടപെടണം, ഏത് രീതിയിൽ പെരുമാറണം എന്നതിനെ സംബന്ധിച്ച് ഇന്ത്യക്കാരിൽ പലർക്കും വലിയ ധാരണയില്ലെന്നാണ് വിമർശനം. എന്നാൽ എല്ലവരും ഇത്തരത്തിലുള്ളവരാണെന്ന് ഇതിന് അർത്ഥമില്ല. ഉച്ചത്തിൽ സംസാരിക്കുക, വൃത്തിയായി സൂക്ഷിക്കേണ്ടയിടങ്ങൾ വൃത്തിഹീനമാക്കുക, തുപ്പിവെക്കുക, കെട്ടിടങ്ങളിൽ അനാവശ്യമായ കാര്യങ്ങൾ എഴുതിവെക്കുക തുടങ്ങി പലതരം മര്യാദ കേടുകളും ആളുകൾ കാണിക്കാറുണ്ട്. കാര്യങ്ങൾ അറിഞ്ഞ് നന്നായി പെരുമാറുന്നവരും ഉണ്ട്. പക്ഷെ ആദ്യം പറഞ്ഞവരാണ് ഭൂരിപക്ഷവുമെന്നാണ് ആക്ഷേപം. ഇത്തരക്കാരുടെ പെരുമാറ്റം ഇപ്പോൾ വീണ്ടും ചർച്ചയായിരിക്കുകയാണ്.

ന്യൂ ഡൽഹിയിൽ സ്ഥിതി ചെയ്യുന്ന, യുനെസ്‌കോ പൈതൃകപട്ടികയിൽ ഇടംപിടിച്ച, ചരിത്രപ്രസിദ്ധമായ ഹുമയൂൺ ശവകുടീരത്തിനുള്ളിൽ നിന്നുള്ള ചില ദൃശ്യങ്ങളാണ് ഇന്ത്യക്കാരുടെ പൊതുമര്യാദകളെക്കുറിച്ചുള്ള ചർച്ചകൾക്ക് വീണ്ടും തിരി കൊളുത്തിയിരിക്കുന്നത്. ശവകുടീരം സന്ദർശിക്കാൻ വന്ന ചിലർ കെട്ടിടത്തിൽ പ്രണയ സന്ദേശങ്ങൾ എഴുതുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.

യുവതീയുവാക്കളായ നാലുപേർ അടങ്ങിയ സംഘമാണ് പൊതുമര്യാദകളെയും മറ്റുമെല്ലാം ലംഘിച്ചുകൊണ്ട് കെട്ടിടത്തിന്റെ ചുമരുകളിൽ പ്രണയ സന്ദേശങ്ങൾ എഴുതിവെച്ചത്. എക്‌സിൽ പ്രചരിക്കുന്ന വീഡിയോയിൽ ഒരാളുടെ തോളിലിരുന്ന് മറ്റൊരു യുവാവ് കെട്ടിടത്തിന്റെ ചുമരിൽ എഴുതുകയാണ്. അടുത്തുളള രണ്ട് യുവതികൾ ഇത് വീഡിയോ എടുക്കുകയും എല്ലാവരും പൊട്ടിച്ചിരിക്കുകയും ചെയ്യുന്നുണ്ട്. വീഡിയോ വൈറലായതോടെ വലിയ വിമർശനങ്ങളാണ് ഇവർക്കെതിരെ ഉയരുന്നത്.

ഹുമയൂൺ ശവകുടീരം

യുനെസ്‌കോ പൈതൃകപട്ടികയിൽ ഉള്ള ഒരു സ്ഥലത്താണ് നാടിൻറെ യുവത്വം തന്നെ ഇങ്ങനെ ചെയ്യുന്നത് എന്നാണ് നിരവധി പേർ അഭിപ്രായപ്പെടുന്നത്. യുവത്വം പോലും ഇത്തരത്തിൽ പൊതുബോധമില്ലാതെ പെരുമാറുന്നു എന്നതാണ് പലരെയും വിഷമത്തിലാക്കുന്നത്. മൗലികാവകാശങ്ങളെക്കുറിച്ച് വാതോരാതെ സംസാരിക്കുവന്നവർക്ക് നമ്മളിൽ നിന്ന് സമൂഹം ആവശ്യപ്പെടുന്ന ചുമതലകളെക്കുറിച്ച് പോലും അറിയില്ല എന്നാണ് മറ്റ് ചിലരുടെ അഭിപ്രായം. ഇത്തരത്തിൽ ചരിത്ര സ്മാരകങ്ങൾക്ക് കേടുപാടുകൾ വരുത്തിയാൽ ഒരു ലക്ഷം രൂപ പിഴയും ആറ് മാസം തടവുമാണ് ശിക്ഷ. ഇവർക്ക് ഈ ശിക്ഷ തന്നെ വാങ്ങിനൽകണമെന്നും ചിലർ അഭിപ്രായപ്പെടുന്നുണ്ട്.

Content Highlights: young people damaging Humayun's Tomb video goes viral

dot image
To advertise here,contact us
dot image