ഒരു മാസം മുന്‍പ് പ്രത്യക്ഷപ്പെടുന്ന ഹൃദയാഘാതത്തിന്റെ അഞ്ച് മുന്നറിയിപ്പ് ലക്ഷണങ്ങള്‍

ഈ ലക്ഷണങ്ങള്‍ അവഗണിക്കരുത്. ലക്ഷണങ്ങള്‍ മുന്‍കൂട്ടി അറിയുന്നത് ജീവന്‍ രക്ഷിക്കാന്‍ സഹായകമാകും

dot image

ഹൃദയ സംബന്ധമായ അസുഖങ്ങള്‍ മൂലം മരിക്കുന്നവരുടെ എണ്ണം വര്‍ധിച്ചുവരികയാണ്. ഇതില്‍ 85 ശതമാനം പേരും ഹൃദയാഘാതവും പക്ഷാഘാതവും മൂലമാണെന്ന് മരണപ്പെടുന്നതെന്ന് പഠനങ്ങള്‍ പറയുന്നു. ഹൃദയാഘാതം പെട്ടെന്ന് സംഭവിക്കുന്ന ഒന്നായി തോന്നാറുണ്ടെങ്കിലും ഹൃദയാഘാതത്തിന് മുന്‍പുള്ള ദിവസങ്ങളിലോ മാസങ്ങളിലോ പലര്‍ക്കും ഇതുമായി ബന്ധപ്പെട്ട ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടുന്നതായി ഗവേഷണങ്ങള്‍ സൂചിപ്പിക്കുന്നു. ഇത്തരം ലക്ഷണങ്ങള്‍ മുന്‍കൂട്ടി തിരിച്ചറിയുന്നത് ജീവന്‍ രക്ഷിക്കാന്‍ സഹായകമാകും. ഒരുമാസം മുന്‍പ് പ്രത്യക്ഷപ്പെടുന്ന ഹൃദയാഘാതത്തിന്റെ അഞ്ച് ലക്ഷണങ്ങളെക്കുറിച്ച് അറിയാം.

നെഞ്ചില്‍ ഭാരവും അസ്വസ്ഥതയും

ഹൃദയാഘാതത്തിന്റെ ഒരു നിര്‍ണായക ലക്ഷണമാണ് നെഞ്ചുവേദന. ഹൃദയാഘാതത്തിന് ദിവസങ്ങള്‍ക്ക് മുമ്പ് അല്ലെങ്കില്‍ ആഴ്ചകള്‍ക്ക് മുമ്പ് വ്യക്തിയ്ക്ക് പലപ്പോഴും നേരിയ നെഞ്ചുവേദനയോ സമ്മര്‍ദ്ദമോ അനുഭവപ്പെടും. നെഞ്ചില്‍ വിങ്ങല്‍ പോലെയോ നിറഞ്ഞിരിക്കുന്നതുപോലെയോ ഭാരം പോലെയോ അത് അനുഭവപ്പെട്ടേക്കാം. ഈ ലക്ഷണം ഇടയ്ക്കിടയ്ക്ക് വന്ന് പോകുന്നതുപോലെ തോന്നിയേക്കാം. വേദന എല്ലായ്‌പ്പോഴും മൂര്‍ച്ചയുള്ളതായിരിക്കണമെന്നില്ല. നെഞ്ചിലുള്ള ഈ അസ്വസ്ഥത കൈകള്‍, താടിയെല്ല്, കഴുത്ത് അല്ലെങ്കില്‍ പുറം എന്നിവയിലേക്ക് വ്യാപിച്ചേക്കാം.

അസാധാരണമായ ക്ഷീണം

അസാധാരണമായ ക്ഷീണത്തെക്കുറിച്ച് ആളുകള്‍ പലപ്പോഴും പരാതിപ്പെടാറുണ്ട്. പ്രത്യേകിച്ച് സ്ത്രീകള്‍. ഹൃദയാഘാതത്തിന്റെ ഒരു സാധാരണ മുന്നറിയിപ്പാണ് നിരന്തരമായതും വിശദീകരിക്കാനാവാത്തതുമായ ക്ഷീണം. ശരിയായ വിശ്രമത്തിനു ശേഷവും അസാധാരണമായ ക്ഷീണം അനുഭവപ്പെടുന്നുണ്ടെങ്കില്‍ ശ്രദ്ധിക്കേണ്ടതാണ്. ഹൃദയത്തിലേക്കുള്ള രക്തയോട്ടം കുറയുന്നതിന്റെ ഫലമായിട്ടാണ് കൂടുതല്‍ ക്ഷീണം അനുഭവപ്പെടുന്നത്. പടികള്‍ കയറുകയോ ഭാരം എടുക്കുകയോ പോലുള്ള ദൈനംദിന ജോലികള്‍ ചെയ്യുമ്പോള്‍ പോലും നിങ്ങള്‍ക്ക് ക്ഷീണം അനുഭവപ്പെടുന്നുണ്ടെങ്കില്‍, ഒരു ഡോക്ടറെ സമീപിക്കേണ്ടത് അത്യാവശ്യമാണ്.

ശ്വാസം മുട്ടല്‍

ലഘുവായ വ്യായാമത്തിനിടയിലോ വിശ്രമത്തിലോ പോലും ശ്വാസതടസ്സം അനുഭവപ്പെടുന്നത് ഹൃദയാഘാതത്തിന്റെ മുന്നറിയിപ്പ് സൂചനയായിരിക്കാം. ഹൃദയത്തിന് രക്തം കാര്യക്ഷമമായി പമ്പ് ചെയ്യാനുള്ള കഴിവ് കുറയുന്നതുകൊണ്ടാണ് ആളുകള്‍ക്ക് ശ്വസിക്കാന്‍ ബുദ്ധിമുട്ട് അനുഭവപ്പെടുന്നത്. ഇത് ശ്വാസകോശത്തില്‍ ദ്രാവകം അടിഞ്ഞുകൂടാന്‍ ഇടയാക്കും. തന്മൂലം ശ്വാസതടസ്സത്തിലേക്ക് നയിച്ചേക്കാം. ഹൃദയാഘാതത്തിന് ആഴ്ചകള്‍ക്ക് മുമ്പ് ഈ ലക്ഷണം പ്രത്യക്ഷപ്പെടാം.

ഹൃദയമിടിപ്പ്

അസാധാരണമായി ഹൃദയമിടിപ്പ് അനുഭവപ്പെടുകയോ വേഗത്തിലുള്ളതും ശക്തവുമായ ഈ ഹൃദയമിടിപ്പുകള്‍ നെഞ്ചില്‍ ബുദ്ധിമുട്ടുണ്ടാക്കുന്നതുപോലെയോ തോന്നിയേക്കാം. ഓക്‌സിജന്റെ കുറഞ്ഞ അളവ് നികത്താന്‍ ഹൃദയം കൂടുതല്‍ കഠിനാധ്വാനം ചെയ്യുമ്പോഴാണ് ഹൃദയമിടിപ്പ് ഉണ്ടാകുന്നത്. തലകറക്കം, ബോധക്ഷയം, ശ്വാസതടസ്സം അല്ലെങ്കില്‍ നെഞ്ചുവേദന എന്നിവയ്ക്കൊപ്പം ഹൃദയമിടിപ്പും ഉണ്ടായാല്‍, അത് വരാനിരിക്കുന്ന ഹൃദയാഘാതത്തിന്റെ ലക്ഷണമാകാം.

ഉറക്ക അസ്വസ്ഥതകള്‍

ആളുകള്‍ പലപ്പോഴും തള്ളിക്കളയുന്ന മറ്റൊരു നിര്‍ണായക ലക്ഷണം ഉറക്ക അസ്വസ്ഥതകളാണ്. ഉറങ്ങാന്‍ ബുദ്ധിമുട്ട്, അല്ലെങ്കില്‍ അസ്വസ്ഥതയോടെ ഉണരുക എന്നിവയൊക്കെ മുന്നറിയിപ്പ് അടയാളങ്ങളായി കണക്കാക്കണം. ഉണരുമ്പോള്‍ ശ്വാസം മുട്ടല്‍, രാത്രിയില്‍ വിയര്‍ക്കല്‍, അല്ലെങ്കില്‍ ക്ഷീണം വര്‍ധിച്ച ഹൃദയമിടിപ്പ് പോലുള്ള മറ്റ് ലക്ഷണങ്ങളോടൊപ്പം തുടര്‍ച്ചയായ ഉറക്കമില്ലായ്മ ഇവയൊക്കെ മുന്നറിയിപ്പ് സൂചനയാണ്.

( ഈ ലേഖനം വിവരങ്ങള്‍ നല്‍കുന്നതിന് വേണ്ടി മാത്രമുളളതാണ്. ആരോഗ്യസംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് വിദഗ്ധ ഡോക്ടറിന്റെ സഹായം തേടേണ്ടതാണ്)

Content Highlights :Five warning signs of a heart attack that appear a month before

dot image
To advertise here,contact us
dot image