

വീടിന് മുന്നിലെ റോഡ് ഒരുദിവസം അടഞ്ഞാൽ അത് നിങ്ങളുടെ യാത്രയെ മാത്രം ബാധിക്കും. എന്നാൽ ലോകത്തിന്റെ ഊർജ്ജ സിരയായ ഹോർമുസ് കടലിടുക്ക് ഒന്ന് അടഞ്ഞാൽ, അത് നിങ്ങളുടെ അടുക്കളയിലെ പാചകവാതകത്തിന്റെ വില മുതൽ യൂറോപ്പിലെ കൊടും തണുപ്പത്ത് വീടുകൾ ചൂടാക്കാൻ ഉപയോഗിക്കുന്ന ഹീറ്ററുകളെ വരെ ബാധിക്കും.

ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട എണ്ണയുടെ ഒഴുക്കിനെ നിയന്ത്രിക്കുന്ന ഈ കടലിടുക്ക്, ആഗോള സമ്പദ്‌വ്യവസ്ഥയുടെ നിലനിൽപ്പിന് എത്രത്തോളം നിർണായകമാണെന്ന് ഇപ്പോഴത്തെ ഇറാൻ-അമേരിക്ക-ഇസ്രായേൽ സംഘർഷങ്ങൾ നമ്മെ ഓർമിപ്പിക്കുന്നു. ലോകത്ത് ഉപയോഗിക്കുന്ന എണ്ണയുടെയും പ്രകൃതിവാതകത്തിന്റെയും അഞ്ചിലൊന്ന് ഭാഗം കടന്നുപോകുന്ന ഈ ഇടുങ്ങിയ പാതയിലെ ചെറിയ ചലനം പോലും ആഗോള വിപണിയിൽ വലിയ ഭൂകമ്പങ്ങൾ സൃഷ്ടിക്കാൻ ശേഷിയുള്ളതാണ്.
ഹോർമുസ് കടലിടുക്ക്, കടലിലൂടെയുള്ള ഒരു ചെറിയ വഴി മാത്രമാണ് . ലോകത്ത് ഉപയോഗിക്കുന്ന എണ്ണയുടെ അഞ്ചിലൊന്നും (20%), പാചകവാതകത്തിന്റെ വലിയൊരു ഭാഗവും ഈ ചെറിയ വഴിയിലൂടെയാണ് കപ്പലുകളിൽ കടന്നുപോകുന്നത്.ഈ വഴി തടസ്സപ്പെട്ടാൽ അത് ലോകത്തെ മുഴുവൻ ബാധിക്കും.
യൂറോപ്പിൽ ഭക്ഷണ സാധനങ്ങളുടെ വില വർധിക്കുന്നു
യൂറോപ്പിലെ ഒട്ടുമിക്ക രാജ്യങ്ങളും തങ്ങളുടെ വ്യവസായങ്ങൾക്കും വാഹനങ്ങൾക്കും ആവശ്യമായ എണ്ണ ഇറക്കുമതി ചെയ്യുന്നവരാണ്. ഉദാഹരണമായി പറഞ്ഞാൽ ജർമനിയിലെ ഒരു സാധാരണ കുടുംബം അവരുടെ കാറിൽ ഇന്ധനം നിറയ്ക്കാൻ ഇപ്പോൾ നൽകുന്നതിനേക്കാൾ ഇരട്ടി തുക നൽകേണ്ടി വരും. ഇന്ധനവില കൂടുമ്പോൾ ചരക്ക് നീക്കത്തിന് ചെലവ് കൂടും, ഇത് സൂപ്പർമാർക്കറ്റുകളിലെ ഭക്ഷണസാധനങ്ങളുടെ വില വർധിപ്പിക്കും.
ഊർജ്ജ പ്രതിസന്ധിയും തണുപ്പുകാലവും
യൂറോപ്പിലെ വീടുകളിൽ ചൂട് നിലനിർത്താൻ പ്രധാനമായും ഉപയോഗിക്കുന്നത് പ്രകൃതിവാതകമാണ്. ഖത്തറിൽ നിന്നുള്ള ഗ്യാസ് വരുന്നത് ഈ കടലിടുക്ക് വഴിയാണ്. ഫ്രാൻസിലോ യുകെയിലോ ഉള്ള ഒരാൾക്ക് ശൈത്യകാലത്ത് വീട് ചൂടാക്കാൻ ഗ്യാസ് ലഭ്യമല്ലാത്ത അവസ്ഥ വരാം. ഗ്യാസിന് ക്ഷാമം നേരിടുമ്പോൾ വില അമിതമായി വർധിക്കുകയും സാധാരണക്കാർക്ക് അത് താങ്ങാൻ കഴിയാതെ വരികയും ചെയ്യും.
വ്യവസായങ്ങൾ തളരും
യൂറോപ്പിലെ വലിയ ഫാക്ടറികൾ പ്രവർത്തിക്കുന്നത് ഈ ഊർജ്ജം ഉപയോഗിച്ചാണ്. ഇറ്റലിയിലെ ഒരു വസ്ത്ര നിർമാണ യൂണിറ്റോ അല്ലെങ്കിൽ ജർമ്മനിയിലെ ഒരു കാർ നിർമ്മാണ കമ്പനിയോ നോക്കുക. വൈദ്യുതിക്കും ഗ്യാസിനും വില കൂടുമ്പോൾ ഉൽപാദന ചെലവ് കൂടും. ഇത് ലാഭത്തെ ബാധിക്കുകയും തൊഴിലാളികളെ പിരിച്ചുവിടുന്നതിലേക്കോ ഫാക്ടറി പൂട്ടുന്നതിലേക്കോ നയിച്ചേക്കാം.

പകരം പാതയില്ല
ഈ കടലിടുക്കിന് പകരം വലിയ കപ്പലുകൾക്ക് പോകാൻ എളുപ്പമുള്ള മറ്റ് വഴികളില്ല. വിതരണം നിലച്ചാൽ പെട്ടെന്ന് മറ്റൊരു സ്രോതസ്സ് കണ്ടെത്തുക പ്രായോഗികവുമല്ല. എണ്ണവില കൂടുമ്പോൾ അത് ലോകത്തിലെ എല്ലാ സാധനങ്ങളുടെയും വിലയെ നേരിട്ട് ബാധിക്കും. റഷ്യൻ എണ്ണയും ഗ്യാസും പൂർണമായി ഒഴിവാക്കി നിൽക്കുന്ന ഒരു സമയത്ത് ഈ പുതിയ പ്രതിസന്ധി യൂറോപ്പിനെ കൂടുതൽ സമ്മർദത്തിലാക്കുന്നു.
റഷ്യൻ ഇന്ധനമില്ലാത്ത യൂറോപ്പ്, പുതിയ വെല്ലുവിളികൾ
നേരത്തെ റഷ്യയെ ആയിരുന്നു യൂറോപ്പ് ഇന്ധനത്തിനായി പ്രധാനമായും ആശ്രയിച്ചിരുന്നത്. എന്നാൽ യുക്രെയ്ൻ യുദ്ധത്തിന് ശേഷം റഷ്യൻ എണ്ണയ്ക്കും ഗ്യാസിനും യൂറോപ്പ് നിരോധനം ഏർപ്പെടുത്തി. പകരം അവർ ആശ്രയിച്ചത് ജിസിസി രാജ്യങ്ങളെയും (ഖത്തർ, യുഎഇ, സൗദി) അമേരിക്കയെയുമാണ്. ഇപ്പോൾ ആ സ്രോതസ്സുകൾക്കും ഭീഷണി നേരിടുകയാണ്.
റഷ്യൻ പൈപ്പ് ലൈനുകൾ വഴിയുള്ള ഗ്യാസ് നിലച്ചപ്പോൾ യൂറോപ്പ് വലിയ തോതിൽ ഖത്തറിൽ നിന്നുള്ള ദ്രവീകൃത പ്രകൃതിവാതകത്തെ ആശ്രയിച്ചു തുടങ്ങി. ഹോർമുസ് കടലിടുക്ക് തടസ്സപ്പെട്ടാൽ ഈ ഗ്യാസ് യൂറോപ്പിലെത്തില്ല.റഷ്യയിൽ നിന്ന് എണ്ണയില്ല, മധ്യ ഏഷ്യയിൽ നിന്ന് ഗ്യാസുമില്ല. ഇത് യൂറോപ്പിലെ ഊർജ്ജ വിപണിയെ പൂർണമായും തകർക്കാൻ ശേഷിയുള്ളതാണ്.

കടുത്ത മത്സരം
മിഡിൽ ഈസ്റ്റിൽ നിന്നുള്ള എണ്ണ നിലയ്ക്കുമ്പോൾ, ഏഷ്യൻ രാജ്യങ്ങളായ ചൈനയും ഇന്ത്യയും മറ്റ് വിപണികളിൽ (ഉദാഹരണത്തിന് അമേരിക്കൻ എണ്ണ) ശ്രദ്ധ കേന്ദ്രീകരിക്കും. നോർവേയിൽ നിന്നോ അമേരിക്കയിൽ നിന്നോ എണ്ണ വാങ്ങാൻ യൂറോപ്പ് ശ്രമിക്കുമ്പോൾ അവിടെ ഏഷ്യൻ രാജ്യങ്ങളുമായി കടുത്ത മത്സരമുണ്ടാകും. ഇത് വില കുതിച്ചുയരാൻ കാരണമാകും.
ഹോർമുസ് കടലിടുക്ക് ഒഴിവാക്കി കപ്പലുകൾ ആഫ്രിക്ക ചുറ്റി വരുന്നത് യാത്രയുടെ ദൈർഘ്യം രണ്ടാഴ്ചയോളം വർധിപ്പിക്കും. ഇറ്റലിയിലേക്കോ സ്പെയിനിലേക്കോ എത്തുന്ന ഒരു എണ്ണക്കപ്പലിന് കോടിക്കണക്കിന് രൂപ അധികം ഇൻഷുറൻസ് തുകയും ഇന്ധന ചിലവും നൽകേണ്ടി വരും. ഈ അധിക ചെലവ് ഒടുവിൽ സാധാരണക്കാരൻ നൽകുന്ന ഇന്ധനവിലയിൽ പ്രതിഫലിക്കും.
ചുരുക്കത്തിൽ, ഹോർമുസ് കടലിടുക്ക് അടയുന്നത് ലോകത്തിന്റെ 'രക്തധമനി' തടയുന്നത് പോലെയാണ്. അത് തടസ്സപ്പെട്ടാൽ ലോക സമ്പദ്‌വ്യവസ്ഥയ്ക്ക് വലിയൊരു ഹൃദയാഘാതം സംഭവിക്കാനിടയുണ്ട് എന്ന് പറയേണ്ടി വരും. അത് ഏറ്റവും കൂടുതൽ ബാധിക്കുക യൂറോപ്യൻ സമ്പദ് വ്യവസ്ഥകളെ തന്നെയായിരിക്കും എന്ന വിലയിരുത്തലുകളുണ്ട്.
Content Highlights: Why is the Strait of Hormuz critical to Europe?