ദുരിയാന്‍ ചതിച്ചാശാനേ: ദുരിയാന്‍ റൂമില്‍ കയറ്റി; സിംഗപ്പൂരില്‍ വിനോദസഞ്ചാരിക്ക് 12,000 രൂപ പിഴ

'ഞങ്ങളുടെ ജോലിക്കാര്‍ക്ക് നിങ്ങളുടെ മുറിയില്‍ നിന്നും ദുരിയാന്‍ പഴത്തിന്റെ ഗന്ധം അറിയാന്‍ കഴിഞ്ഞു. ക്ലീനിംഗ് ഫീസായി SG200 (13,000 രൂപ) ഈടാക്കുന്നതായിരിക്കും.'

dot image

സിംഗപ്പൂര്‍ സന്ദര്‍ശനവേളയില്‍ ഹോട്ടല്‍ മുറിയിലേക്ക് ദുരിയാന്‍ പഴങ്ങള്‍ കൊണ്ടുപോയ വിനോദ സഞ്ചാരിക്ക് പിഴയിട്ട് ഹോട്ടല്‍. സിംഗപ്പൂരിലെ ഹോട്ടലുകളില്‍ ദുരിയാന്‍ പഴങ്ങള്‍ നിരോധിക്കപ്പെട്ടത് അറിയാതെ ചൈനീസ് സ്വദേശി പഴങ്ങളുമായി ഹോട്ടല്‍ മുറിയില്‍ എത്തുകയായിരുന്നു. പഴം ഹോട്ടലില്‍ കയറ്റിയതിന് 13,000 രൂപ പിഴ ഈടാക്കാന്‍ പോകുന്നു എന്ന് കേട്ടപ്പോള്‍ അവര്‍ ഞെട്ടി. ദുരിയാന്‍ സിം​ഗപ്പൂരിലെ ഹോട്ടലുകളില്‍ വിലക്കപ്പെട്ട കനിയാണെന്ന് അവര്‍ക്ക് അറിയില്ലായിരുന്നു.

പിഴ ലഭിച്ച ശേഷം വിനോദസഞ്ചാരിയായ പെണ്‍കുട്ടി സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമില്‍ തിരഞ്ഞു, അപ്പോഴായിരുന്നു അവര്‍ക്ക് ആ പഴം ഹോട്ടലില്‍ കയറ്റാന്‍ പാടില്ല എന്ന നിയമമുള്ളത് അറിഞ്ഞത്. സിംഗപ്പൂരിന്റെ കാഴച്ചകള്‍ കാണാനിറങ്ങിയതായിരുന്നു അവര്‍. അപ്പോഴാണ് ഒരു പഴക്കടയില്‍ ദുരിയാന്‍ പഴങ്ങള്‍ വില്‍ക്കാന്‍ വച്ചിരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടത്. അവിടെ നിന്ന് കഴിക്കാനുള്ള സൗകര്യമില്ലാതിരുന്നതിനാല്‍ അവര്‍ അത് പൊതിഞ്ഞ് വാങ്ങി, ഹോട്ടല്‍ മുറിയില്‍ നിന്ന് കഴിക്കാനായിരുന്നു പദ്ധതി.

തിരികെ ക്യാബില്‍ ഹോട്ടലിലേക്ക് മടങ്ങുമ്പോള്‍ , അസഹനീയമായ ദുര്‍ഗന്ധം അനുഭവപ്പെട്ടു. എന്നാല്‍ അത് ദുരിയാനില്‍ നിന്നാണെന്ന് മനസിലാക്കാന്‍ കുറച്ച് സമയമെടുത്തു. ക്യാബിന്റെ ഡ്രൈവറെ ബുദ്ധിമുട്ടിക്കാതിരിക്കാന്‍ അവര്‍ പരമാവധി ദുരിയാനെ പൊതിഞ്ഞ് പിടിച്ചു. പക്ഷെ ഡ്രൈവര്‍ ഇതൊന്നും ശ്രദ്ധിക്കാതെ വണ്ടി ഓടിക്കുകയായിരുന്നു.

മുറിയില്‍ എത്തിയ അവര്‍ ഒട്ടും ആലോചിക്കാതെ ദുരിയാന്‍ കഴിച്ചു. പിന്നീട് പുറത്ത് പോയി, വൈകുന്നേരം റൂമില്‍ തിരികെ എത്തുമ്പോള്‍ അവരെ കാത്ത് ഒരു കുറിപ്പ് റൂമില്‍ ഉണ്ടായിരുന്നു.

'കുറിപ്പ് വായിച്ചപ്പോള്‍ എന്തോ പന്തികേട് ഉണ്ടെന്ന് മനസിലായി.' അവര്‍ പറഞ്ഞു. 'ഞങ്ങളുടെ ജോലിക്കാര്‍ക്ക് നിങ്ങളുടെ മുറിയില്‍ നിന്നും ദുരിയാന്‍ പഴത്തിന്റെ ഗന്ധം അറിയാന്‍ കഴിഞ്ഞു. ക്ലീനിംഗ് ഫീസായി SG200 (13,000 രൂപ) ഈടാക്കുന്നതായിരിക്കും.' എന്നായിരുന്നു കുറിപ്പിന്റെ ഉള്ളടക്കം. കുറിപ്പ് കിട്ടിയ ഉടന്‍ അവര്‍ ഇന്റര്‍നെറ്റില്‍ പരതി, നിരവധി ആളുകള്‍ക്ക് ഈ അബദ്ധം പറ്റിയിട്ടുള്ളതായി അവര്‍ക്ക് മനസിലാക്കാന്‍ സാധിച്ചു. ചില ഹോട്ടലുകള്‍ ദുരിയാന്‍ കയറ്റുന്നത് എന്‍ട്രന്‍സില്‍ വച്ച് തന്നെ തടഞ്ഞു. ചിലര്‍ ക്ലീനിങ് ചാര്‍ജായി പണം ഈടാക്കി. പല ആളുകള്‍ക്ക് പല അനുഭവങ്ങളായിരുന്നു ദുരിയാനുമായി ബന്ധപ്പെട്ട് ഉണ്ടായത്.

അപ്രതീക്ഷിതമായി ലഭിച്ച വലിയ പിഴയില്‍ അമ്പരന്ന് നില്‍ക്കുകയായിരുന്നു അവര്‍. പിഴ ഒഴിവാക്കാനോ, ഇളവ് ചെയ്ത് തരാനോ അവര്‍ ഹോട്ടല്‍ ജീവനക്കാരോട് ആവശ്യപ്പെട്ടു, സമ്മതിക്കാതെ വന്നപ്പോള്‍ തര്‍ക്കിച്ചു. എന്നാല്‍ അവര്‍ തയ്യാറായിരുന്നില്ല. മുറിയില്‍ രൂക്ഷമായ ദുര്‍ഗന്ധമുണ്ടെന്നും, പ്രൊഫഷണല്‍ ക്ലീനിങ് ആവശ്യമാണ് എന്നുമായിരുന്നു ജീവനക്കാരുടെ പ്രതികരണം.

പണം നഷ്ടപ്പെട്ട ശേഷം ആ വിനോദസഞ്ചാരിയായ പെണ്‍കുട്ടി, സിംഗപ്പൂര്‍ സന്ദര്‍ശിക്കാന്‍ വരുന്നവരാരും ദുരിയാന്‍ പഴം മുറിയില്‍ കയറ്റരുത് എന്ന മുന്നറിയിപ്പ് നൽകി.

Content Highlight; Tourist Fined ₹13,000 for Bringing Durian into Singapore Hotel

dot image
To advertise here,contact us
dot image