
കോഴിക്കോട്: വെസ്റ്റ്ഹില്‍ സ്വദേശിയായ യുവാവിന്റെ തിരോധാനത്തില്‍ വഴിത്തിരിവ്. ആറു വര്‍ഷം മുന്‍പ് കാണാതായ വെസ്റ്റ്ഹില്‍ സ്വദേശിയായ വിജില്‍ മരിച്ചെന്ന് സുഹൃത്തുക്കള്‍ മൊഴി നല്‍കി. അമിത ലഹരി മരുന്ന് ഉപയോഗത്തിനിടെ മരിച്ച വിജിലിനെ സുഹൃത്തുക്കള്‍ കുഴിച്ചുമൂടുകയായിരുന്നു. സംഭവത്തില്‍ രണ്ട് സുഹൃത്തുക്കള്‍ പൊലീസിന്റെ പിടിയിലായി. എരഞ്ഞിപ്പാലം സ്വദേശി നിഖില്‍, പൂവാട്ടുപറമ്പ് സ്വദേശി ദീപേഷ് എന്നിവരാണ് പിടിയിലായത്.
മൂന്നാമനായ വേങ്ങേരി സ്വദേശി രഞ്ജിത്തിനായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. വിജിലിനെ കാണാതായതിനു പിന്നാലെ പിതാവ് വിജയനാണ് ആറു വര്‍ഷം മുന്‍പ് പൊലീസില്‍ പരാതി നല്‍കിയത്. മിസ്സിംഗ് കേസ് രജിസ്റ്റര്‍ ചെയ്ത പൊലീസ് അന്വേഷണം നടത്തിയെങ്കിലും ആദ്യഘട്ടത്തില്‍ സൂചന ഒന്നും ലഭിച്ചിരുന്നില്ല. കഴിഞ്ഞ ദിവസം ലഭിച്ച നിര്‍ണായ വിവരങ്ങളെ തുടര്‍ന്ന് സുഹൃത്തുക്കളെ ചോദ്യം ചെയ്യുകയായിരുന്നു. പിന്നാലെയാണ് പ്രതികള്‍ വിവരങ്ങള്‍ പൊലീസിനു മുന്നില്‍ വെളിപ്പെടുത്തിയത്.
അമിത ലഹരി ഉപയോഗത്തിന് പിന്നാലെ വിജിലിൻ്റെ ബോധം പോവുകയായിരുന്നു. വിജിലിനെ ഉപേക്ഷിച്ച് അവിടെനിന്ന് പോയ സുഹൃത്തുക്കള്‍ രണ്ടുദിവസം കഴിഞ്ഞ് തിരിച്ചെത്തുകയും, മരിച്ച നിലയില്‍ കണ്ട വിജിലിനെ കുഴിച്ചിടുകയും ചെയ്തു എന്നാണ് പൊലീസ് നല്‍കുന്ന വിവരം.
Content Highlights: Kozhikode west hill Native vijil death two Friends arrested