'പാൽ കുടിച്ച് നന്നായി ഉറങ്ങിക്കൊള്ളു'; MBBS പ്രവേശനം തടയാൻ പെൺകുട്ടിയെ കൊലപ്പെടുത്തി കുടുംബം, സംഭവം ഗുജറാത്തിൽ

അച്ഛനും അമ്മാവനും ചേർന്ന് പെൺകുട്ടിയെ ദുപ്പട്ട ഉപയോഗിച്ച് കഴുത്തില്‍ കുരുക്കിയാണ് കൊലപ്പെടുത്തിയത്

dot image

ഗുജറാത്തിലെ ബനാസ്‌കന്തയിൽ നിന്നുള്ള പതിനെട്ടുകാരി ചന്ദ്രിക ചൗധരിയെ കൊലപ്പെടുത്തി കുടുംബം. എംബിബിഎസ് പ്രവേശനം ലഭിച്ച് പഠിക്കാൻ പോയാൽ കാമുകനൊപ്പം ജീവിക്കുമെന്ന് ഭയന്നാണ് കുടുംബം ദുരഭിമാന കൊല നടത്തിയത്. പെൺകുട്ടിയുടെ പങ്കാളി നൽകിയ പരാതിയിലാണ് സംഭവം പുറത്തുവന്നത്. നീറ്റ് പരീക്ഷയിൽ 478 മാർക്ക് നേടിയാണ് പെൺകുട്ടി വിജയിച്ചത്. ഗവൺമെന്റ് മെഡിക്കൽ കോളേജിൽ അഡ്മിഷനും ഉറപ്പായിരുന്നു. പഠനം തുടരുന്നതിനൊപ്പം ആരെയും ആശ്രയിക്കാതെ ജീവിക്കാനായിരുന്നു പെൺകുട്ടിയുടെ തീരുമാനം. എന്നാൽ കർഷകരായ അവളുടെ കുടുംബം അത് നിരസിച്ചു.

ചന്ദ്രികയുടെ പിതാവ് സേന്ദ, പാലിൽ മയക്കുമരുന്ന് കലർത്തിയ ശേഷം കുടിക്കാൻ ആവശ്യപ്പെട്ടു. ബോധരഹിതയായതിന് പിന്നാലെ അച്ഛനും അമ്മാവൻ ശിവറാമും ചേർന്ന് പെൺകുട്ടിയെ ദുപ്പട്ട ഉപയോഗിച്ച് കഴുത്തില്‍ കുരുക്കി കൊലപ്പെടുത്തി. ഇക്കഴിഞ്ഞ ജൂൺ 25നായിരുന്നു സംഭവം. തുടർന്ന് മകൾ ഹൃദയാഘാതം മൂലം മരിച്ചെന്ന് പറഞ്ഞ് പരത്തി, പെട്ടെന്ന് തന്നെ സംസ്‌കാരവും നടത്തി.


ശിവറാം ചില കോളേജുകളിൽ സന്ദർശനം നടത്തുകയും അവിടെ ആൺകുട്ടികളും പെൺകുട്ടികളും ഒരുമിച്ച് പഠിക്കുന്നതും കാണുകയും ചെയ്തു. ഇതിന് പിന്നാലെ ചന്ദ്രികയെ പഠിക്കാനയച്ചാൽ ആരെയെങ്കിലും പ്രണയിച്ച് അവരെ വിവാഹം കഴിക്കുമെന്നും അവളെ പഠിക്കാനയക്കരുതെന്നും ശിവറാം സേന്ദയോട് പറഞ്ഞു. പിന്നാലെ ചന്ദ്രിക ഫോൺ ഇവർ വാങ്ങിവയ്ക്കുകയും സോഷ്യൽമീഡിയ ഉപയോഗം വിലക്കുകയും ചെയ്തു. വീട്ടുജോലി ചെയ്താൽ മതിയെന്നായിരുന്നു നിർദേശം. 'പാലു കുടിച്ച് റസ്റ്റ് എടുക്കു, നന്നായി ഉറങ്ങു' എന്നാണ് ചന്ദ്രികയോട് അവസാനമായി പിതാവ് പറഞ്ഞ വാക്കുകൾ എന്ന് പൊലീസ് എഫ്‌ഐആറിൽ പറയുന്നു.

ചന്ദ്രികയെ കാണാനില്ലെന്ന് കാണിച്ച് അവരുടെ പങ്കാളിയായ 23കാരൻ ഹരീഷ് ചൗധരി ഗുജറാത്ത് ഹൈക്കോടതിയിൽ ഹേബിയസ് കോർപ്പസ് ഫയൽ ചെയ്തു. ഇതിന് ദിവസങ്ങൾക്ക് മുമ്പാണ് പെൺകുട്ടി കൊല്ലപ്പെട്ടത്. ഈ വർഷം ഫെബ്രുവരിയിലാണ് ചന്ദ്രികയും ഹരീഷും പരിചയപ്പെടുന്നത്.മെഡിസിൻ പഠിക്കാനായിരുന്നു ചന്ദ്രികയ്ക്ക് താൽപര്യമെന്നും ആരെയും തങ്ങൾ ഉപദ്രവിച്ചിട്ടില്ല, സമാധാനത്തോടെ ജീവിക്കാനായിരുന്നു ആഗ്രഹമെന്നാണ് ചന്ദ്രിക പങ്കാളി ഹരീഷ് പറയുന്നു. ചന്ദ്രിക മരിക്കുന്നതിന് മൂന്ന് ദിവസം മുമ്പാണ് പങ്കാളിയുമായി ലിവ് ഇൻ എഗ്രിമെന്റിൽ ഒപ്പുവച്ചത്.

Content Highlights: Honour killing in Gujarat, family kills 18year old to prevent MBBS admission

dot image
To advertise here,contact us
dot image