
ബോസ്റ്റണില്‍ നടന്ന കോള്‍ഡ്‌പ്ലേ സംഗീത പരിപാടിയ്ക്കിടെ കാമറയില്‍ പതിഞ്ഞ വീഡിയോ ഉണ്ടാക്കിയ പൊല്ലാപ്പുകള്‍ ചില്ലറയല്ല. പ്രമുഖ ക്ലൗഡ് കമ്പനിയായ അസ്‌ട്രോണമറിന്റെ സിഇഒ ആന്‍ഡി ബൈറണും എച്ച് ആര്‍ മേധാവി ക്രിസ്റ്റിന്‍ കാബോട്ടും പ്രണയിതാക്കളെപ്പോലെ അടുത്തിടപഴകി സംഗീത വിരുന്ന് ആസ്വദിക്കുന്നതായിരുന്നു വീഡിയോയില്‍ ഉണ്ടായിരുന്നത്. കാമറയില്‍ തങ്ങള്‍ പതിഞ്ഞത് മനസ്സിലാക്കിയ ഉടന്‍ ഇരുവരും പിടിവിട്ട് മുഖം മറയ്ക്കാന്‍ നടത്തുന്ന ശ്രമങ്ങളും ലൈവായിത്തന്നെ ലോകം മുഴുവന്‍ കണ്ടു. കോള്‍ഡ് പ്ലേ ഗായകന്‍ ക്രിസ് മാര്‍ട്ടിന്‍ പരിപാടിക്കിടെ ഇവരെക്കുറിച്ച് കമന്റുകള്‍ കൂടി പറഞ്ഞതോടെ സംഭവം കൂടുതല്‍ ജനശ്രദ്ധയാകര്‍ഷിച്ചു.
അന്താരാഷ്ട്ര ചര്‍ച്ചയായ, മിനിറ്റുകള്‍ മാത്രം ദൈര്‍ഘ്യമുള്ള ആ വീഡിയോ ഉണ്ടാക്കിയ 'ഇംപാക്ട്' കണ്ട് എല്ലാവരും ചോദിച്ചുപോയ ഒരു ചോദ്യമുണ്ട്. ആരായിരുന്നു ആ ഫൂട്ടേജിന് പിന്നിലെന്ന്. കോള്‍ഡ്‌പ്ലേ ആരാധികയായ ഗ്രേസ് സ്പ്രിംഗറാണ് ആ വീഡിയോയുടെ ഒരേയൊരു 'ഉത്തരവാദി.'വീഡിയോ ഇങ്ങനെയൊരു ചര്‍ച്ചയാകുമെന്ന് സ്വപ്‌നത്തില്‍ പോലും ഗ്രേസും ചിന്തിച്ചിരുന്നില്ല.
' ആ കപ്പിള്‍ ആരാണെന്ന് എനിക്ക് അറിയില്ലായിരുന്നു. രസമുള്ള റിയാക്ഷനാണല്ലോ എന്നുകരുതി ഞാനത് പോസ്റ്റ് ചെയ്യുകയും ചെയ്തു. അവരുടെ ജീവിതം കീഴ്‌മേല്‍ മറിഞ്ഞതില്‍ എനിക്ക് വല്ലാത്ത ഖേദമുണ്ട്. പക്ഷെ എന്തുപറയാന്‍, സ്റ്റുപിഡ് ഗെയിം കളിച്ച് സ്റ്റുപിഡ് ഗിഫ്റ്റ്‌സ് സ്വന്തമാക്കൂ. അവരുടെ പാര്‍ട്‌നര്‍മാര്‍ ഇതേല്‍പ്പിച്ച ആഘാതത്തില്‍ നിന്ന് മുക്തരായിരിക്കുമെന്നാണ് കരുതുന്നത്. അവര്‍ക്ക് മുന്നില്‍ ഒരു ഭാവിയുള്ളതിനാല്‍ അവര്‍ അര്‍ഹിക്കുന്ന സന്തോഷം ലഭിക്കാന്‍ അവര്‍ക്ക് ഒരു സെക്കന്‍ഡ് ചാന്‍സ് ലഭിക്കുമെന്നാണ് ഞാന്‍ കരുതുന്നത്. എന്റെ വീഡിയോ ഒരര്‍ഥത്തില്‍ അനുഗ്രഹമായെന്നാണ് ഞാന്‍ കരുതുന്നത്.' ഗ്രേസ് പറയുന്നു.
'തീര്‍ച്ചയായും ഇതൊരു ഹോട്ട് ടോപിക്കാണ്. പക്ഷെ ആര്‍ക്കും അതാരാണ് എന്ന് അറിയില്ലായിരുന്നു. ഉറങ്ങാന്‍ പോകുന്നതിന് മുന്‍പായി ഞാനത് പോസ്റ്റ് ചെയ്തപ്പോള്‍ രണ്ടായിരത്തോളം വ്യൂസ് ആണ് ലഭിച്ചത്.' ഗ്രേസ് ഓര്‍ക്കുന്നു. എന്നാല്‍ വീഡിയോയിലെ ആളുകളെ സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ തിരിച്ചറിയുകയും മണിക്കൂറുകള്‍ക്കുള്ളില്‍ വീഡിയോ 'കിസ് ക്യാം' ദൃശ്യങ്ങള്‍ എന്നപേരില്‍ അതിവേഗം സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ വൈറലായി.
മില്യണും കടന്ന് വീഡിയോവ്യൂസ് കുതിക്കുകയും സംഗതി ചര്‍ച്ചയാവുകയും ചെയ്തതോടെ ആന്‍ഡി ബൈറണ്‍ നിര്‍ബന്ധിത അവധിയില്‍ പ്രവേശിക്കുകയും കമ്പനി ഇദ്ദേഹത്തിന് എതിരെ അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ഏറ്റവും ഒടുവില്‍ ഇദ്ദേഹം രാജിവച്ചുവെന്ന വാര്‍ത്തയാണ് പുറത്തുവന്നിരിക്കുന്നത്. ജോലി പോയെന്ന് മാത്രമല്ല ആന്‍ഡിയുടെ ഭാര്യ മേഗന്‍ കെറിഗന്‍ സോഷ്യല്‍ മീഡിയയില്‍ നിന്ന് ആന്‍ഡി ബൈറണിന്റെ പേര് നീക്കം ചെയ്തിരുന്നു.
Content Highlights: Coldplay Fan Who Exposed Astronomer CEO's Affair With HR Head