
ജിഎസ്ടിയുമായി ബന്ധപ്പെട്ട പരിഷ്‌കരണങ്ങള്‍ ആഗസ്റ്റില്‍ ഉണ്ടാകുമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ്. എട്ടുവര്‍ഷം മുമ്പ് ജൂലൈ ഒന്നിനാണ് രാജ്യത്ത് ജിഎസ്ടി നിലവില്‍ വന്നത്. ഇതിനു ശേഷം ചെറുതും വലുതുമായ മാറ്റങ്ങള്‍ വരുത്തിയിരുന്നു. ആഗസ്റ്റില്‍ നടക്കാനിരിക്കുന്ന ജിഎസ്ടി കൗണ്‍സില്‍ യോഗത്തില്‍ സാധ്യമായ പരിഷ്‌കാരങ്ങള്‍ക്ക് വഴിയൊരുക്കുന്ന തരത്തില്‍ ജിഎസ്ടി ഘടന പുനഃക്രമീകരിക്കുന്നതിന് പ്രധാനമന്ത്രിയുടെ ഓഫീസ് (പിഎംഒ) തത്വത്തില്‍ അനുമതി നല്‍കി.
ജിഎസ്ടി ഘടന ലളിതമാക്കുന്നതിനും ബിസിനസുകള്‍ക്കും ഉപഭോക്താക്കള്‍ക്കും ഉണ്ടാകുന്ന സങ്കീര്‍ണതകള്‍ കുറയ്ക്കുന്നതിനുമുള്ള പദ്ധതിക്ക് അന്തിമരൂപം നല്‍കുക എന്നതാണ് ഈ ചര്‍ച്ചകളുടെ ലക്ഷ്യം. പുതിയ മാറ്റങ്ങളിലൂടെ ഉപയോക്താക്കള്‍ക്കും വ്യാപാരികള്‍ക്കും കൂടുതല്‍ നേട്ടം കൈമാറുകയാണ് ലക്ഷ്യമെന്നും കേന്ദ്രസര്‍ക്കാര്‍ പറയുന്നു.
ജിഎസ്ടിക്ക് നിലവില്‍ നാല് പ്രധാന നികുതി സ്ലാബുകളാണുള്ളത്. 5%, 12%, 18%, 28% എന്നിവയാണ് നിലവിലെ ജിഎസ്ടി സ്ലാബുകള്‍. ഇതില്‍ 12 ശതമാനം സ്ലാബ് ഒഴിവാക്കി അവയെ അഞ്ചിലേക്കോ 18ലേക്കോ മാറ്റാനാണ് ലക്ഷ്യം. സാധാരണക്കാര്‍ കൂടുതലായി ഉപയോഗിക്കുന്നവയാണ് 12 ശതമാനം സ്ലാബിലുള്ള വസ്തുക്കള്‍. ഇവയെ അഞ്ച് ശതമാനത്തിലേക്ക് മാറ്റിയാല്‍ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രത്തിനും നികുതി വരുമാനത്തില്‍ വലിയ നഷ്ടം വരുമെന്നും സാമ്പത്തിക വിദഗ്ദര്‍ പറയുന്നു.
വികസിത രാജ്യങ്ങളുമായി സ്വതന്ത്ര വ്യാപാര കരാറുകള്‍ വരാനിരിക്കുന്നതിന്റെ ഭാഗമായാണ് നികുതി പരിഷ്‌കരണം എന്നാണ് സാമ്പത്തിക വിദഗ്ധര്‍ പറയുന്നത്. സൗഹൃദപരമായ നികുതി സമ്പ്രദായം ഇന്ത്യന്‍ ബിസിനസുകള്‍ വളരാനും പുതിയ വ്യാപാര അവസരങ്ങള്‍ മികച്ച രീതിയില്‍ പ്രയോജനപ്പെടുത്താനും സഹായിക്കുമെന്ന് വിദഗ്ദര്‍ പറയുന്നു.
Content Highlights: gst revamp pmo clearance changes report cess rationalisation meeting august