
തികച്ചും വ്യത്യസ്തമായ ഒരു ദൗത്യവുമായാണ് നിക്‌സ് ക്യാപ്‌സൂള്‍ എന്ന ബഹിരാകാശ പേടകം ആകാശത്തേക്ക് കുതിച്ചുയരുന്നത്. പ്രിയപ്പെട്ടവരുടെ ചിതാഭസ്മവുമായി ഭൂമിയെ വലംവയ്ക്കുക, മടങ്ങിയെത്തുക. എന്നാല്‍ പ്രതീക്ഷകള്‍ക്ക് വിപരീതമായി 166 പേരുടെ ചിതാഭസ്മവുമായി ഭൂമിയെ വലംവെച്ച നിക്‌സ് ക്യാപ്‌സൂള്‍ ശാന്ത സമുദ്രത്തില്‍ തകര്‍ന്നുവീണു. ജര്‍മന്‍ സ്റ്റാര്‍ട്ട് അപ്പായ ദി എക്‌സ്പ്‌ളൊറേഷന്‍ കമ്പനിയാണ് നിക്‌സ് ക്യാപ്‌സൂള്‍ വിക്ഷേപിച്ചത്. മിഷന്‍ ഇമ്പോസിബിള്‍ എന്ന പദ്ധതിയുടെ ഭാഗമായി ജൂണ്‍ 23നായിരുന്നു പേടകം വിക്ഷേപിച്ചത്.
അമേരിക്കയിലെ ടെക്‌സാസ് ആസ്ഥാനമായുള്ള, മരണപ്പെട്ടവരുടെ ചിതാഭസ്മം ബഹിരാകാശത്ത് എത്തിക്കുന്ന കമ്പനിയാണ് ദി എക്‌സ്പ്‌ളൊറേഷന്‍ കമ്പനി. നിര്‍ഭാഗ്യവശാല്‍, ഇവരുടെ പ്രതീക്ഷയ്ക്ക് വിരുദ്ധമായി പേടകത്തിനുണ്ടായ ചില സാങ്കേതിക പ്രശ്‌നങ്ങളെ തുടര്‍ന്ന് ഭൂമിയിലേക്ക് പതിക്കുകയായിരുന്നു.
പേടകം വിക്ഷേപിച്ചത് വിജയകരമായിട്ടാണെന്നും കൃത്യമായി ഭ്രമണപഥത്തിലെത്തിയെന്നും കമ്പനി അധികൃതര്‍ പറയുന്നു. വിക്ഷേപണവാഹനത്തില്‍ നിന്നും വേര്‍പെട്ട പേടകവുമായി ആശയവിനിമയം സാധ്യമായെങ്കിലും അടുത്ത ഘട്ടത്തില്‍ എല്ലാം കൈവിട്ടുപോവുകയാണ് ഉണ്ടായത്. തകരുന്നതിന് നിമിഷങ്ങള്‍ക്ക് മുമ്പ് പേടകവുമായുള്ള എല്ലാ ബന്ധവും വിച്ഛേദിക്കപ്പെടുകയും ചെയ്തു. സംഭവത്തില്‍ കമ്പനി അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് ദ ന്യൂയോര്‍ക്ക് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.
തങ്ങളെ വിശ്വസിച്ച് ഒരു സേവനം ഏല്‍പ്പിച്ച ക്ലൈന്റുകളോട് മാപ്പ് ചോദിക്കുന്നതായും കമ്പനി സിഇഒ ഹെലന്‍ ഹബ്ബി ലിങ്ക്ഡിനിലൂടെ അറിയിച്ചിട്ടുണ്ട്. പദ്ധതിയുടെ ഭാഗമായിരുന്ന മറ്റൊരു കമ്പനി, സെലസ്റ്റിസും സംഭവത്തില്‍ പ്രതികരിച്ചിട്ടുണ്ട്. ഭ്രമണപഥത്തില്‍ നിന്നും ചിതാഭസ്മം തിരികെ എത്തിക്കാന്‍ ലക്ഷ്യമിട്ട ആദ്യ പദ്ധതിയായിരുന്നു ഇതെന്നും എന്നാല്‍ പേടകം തകര്‍ന്നതിനാല്‍ അവയെല്ലാം നഷ്ടമായെന്നുമാണ് അവര്‍ അറിയിച്ചത്. ചിതാഭസ്മത്തിന് പുറമേ മാര്‍ട്ടിന്‍ ഗ്രോ എന്ന, സിറ്റിസണ്‍ സയന്‍ പദ്ധതിയുടെ ഭാഗമായുള്ള കഞ്ചാവ് ചെടിയുടെ വിത്തുകളടക്കം പേടകത്തിലുണ്ടായിരുന്നു.
Content Highlights: A Space Capsule launched with ashes of 166 people crashed into Pacific Ocean