
ഹോളിവുഡിലെയും ഡബ്ല്യു ഡബ്ല്യു ഇ യിലെയുമൊക്കെ വലിയ സൂപ്പർതാരമാണ് റോക്ക് എന്നറിയപ്പെടുന്ന ഡ്വയ്ൻ ജോൺസൺ. പക്ഷെ രണ്ട് പെൺമക്കളുടെ കൂടെയിരിക്കുമ്പോൾ ആളൊരു 'പൂക്കി'യാണ്. റോക്കിനെ ലിപ്സ്റ്റിക്കും മേക്കപ്പുമൊക്കെയിട്ട് ഒരുക്കുന്ന വീഡിയോയാണ് ഇപ്പോൾ വൈറലാകുന്നത്. റോക്ക് തന്നെയാണ് ഈ വീഡിയോ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചത്.
റോക്കിന്റെ മുഖത്തിന്റെ ഓരോ വശവും പെൺമക്കളായ ടിയാനയും ജാസ്മിനും ഒരുക്കിയിരിക്കുന്നതാണ് വീഡിയോയിൽ കാണാൻ സാധിക്കുന്നത്. മുഖത്തിന്റെ നടുക്കായി വര വരച്ച് ഓരോ വശവും ഇരുവരും ഏറ്റെടുക്കുകയായിരുന്നു. മിന്നുന്ന ഐ ഷാഡോകളും, കടും ചുവപ്പുള്ള ലിപ്സ്റ്റിക്കുകളും പിങ്ക് ബ്ലഷുകളും ഐലൈനുമെല്ലാം വെച്ചാണ് അദ്ദേഹത്തെ മക്കൾ ഒരുക്കിയിരിക്കുന്നത്. മക്കളിൽ ഒരാൾ അവളുടെ ജോലി തുടരുന്നതും പൊട്ടിച്ചിരിക്കുന്നതും വീഡിയോയിൽ കാണാം.
മക്കൾ മേക്കപ്പ് ഇട്ടോട്ടെ എന്ന് ചോദിച്ചെന്നും താൻ സമ്മതിച്ചെന്നും റോക്ക് ക്യപ്ഷനിൽ പറയുന്നു. അഞ്ച് മിനിറ്റ് കഴിഞ്ഞ് അവർ ഏത് തരം മേക്കപ്പ് ചെയ്യണമെന്ന കാര്യത്തിൽ വഴക്കിട്ടു, ഒടുവിൽ മുഖം രണ്ടായി വീതിക്കാൻ തീരുമാനിച്ചെന്നും റോക്ക് ക്യാപ്ഷനിൽ കുറിച്ചു. ഒരു ദിവസം മുമ്പ് പങ്കുവെച്ച വീഡിയോ രണ്ട് ലക്ഷം ലൈക്കും കഴിഞ്ഞ് മുന്നേറുകയാണ് നിലവിൽ.
Content Highlights- Dwayne Johnson Shows What Being A Girl Dad Really Looks Like