വിജയ് മല്യയുടെ ഗോവയിലെ കിങഫിഷര്‍ വില്ല ഇന്ന് കിങ്‌സ് മാന്‍ഷന്‍; സ്വന്തമാക്കിയത് ഈ ബോളിവുഡ് ദമ്പതികള്‍

പോഡ്കാസ്റ്റര്‍ രാജ് ഷമാമിക്ക് നല്‍കിയ അഭിമുഖത്തില്‍ തനിക്കെതിരായ ആരോപണങ്ങളെ മല്യ എതിര്‍ക്കുന്നുണ്ട്

dot image

ന്യായമായ വിചാരണ നടപടികള്‍ ഉറപ്പുനല്‍കുകയാണെങ്കില്‍ ഇന്ത്യയിലേക്ക് മടങ്ങിവരാന്‍ തയ്യാറാണെന്ന തുറന്നുപറച്ചിലുമായി വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ് വിജയ് മല്യ. 9000 കോടിരൂപ വായ്പയെടുത്തത് തിരിച്ചടയ്ക്കാത്തതിന്റെ പേരില്‍ രാജ്യത്ത് കേസുകളുള്ള മല്യ 2016-ലാണ് ഇന്ത്യ വിട്ട് യുകെയില്‍ ചേക്കേറുന്നത്. പോഡ്കാസ്റ്റര്‍ രാജ് ഷമാമിക്ക് നല്‍കിയ അഭിമുഖത്തില്‍ തനിക്കെതിരായ ആരോപണങ്ങളെ മല്യ എതിര്‍ക്കുന്നുണ്ട്.

ഒരുകാലത്ത് രാജ്യത്തെ ഏറ്റവും വലിയ ധനികരിലൊരാളായിരുന്ന മല്യക്ക് ഗോവയില്‍ അത്യാഡംബര വില്ല ഉണ്ടായിരുന്നു. കിങ്ഫിഷര്‍ വില്ല എന്നായിരുന്നു അതിന്റെ പേര്. മൂന്നേക്കറിലായി 12,350 സ്‌ക്വയര്‍ഫീറ്റിലുള്ള ഈ വില്ല വടക്കന്‍ ഗോവയിലെ കന്‍ഡോലിം ബീച്ചിലാണ് സ്ഥിതി ചെയ്യുന്നത്. പനജിയില്‍ നിന്ന് 20 കിലോമീറ്റര്‍ മാത്രമാണ് ഇങ്ങോട്ടുള്ള ദൂരം. കിങ്ഫിഷറിന്റെ മാതൃകമ്പനിയായ യുണൈറ്റഡ് ബ്രൂവറീസ് ഹോള്‍ഡിങ്‌സിന്റെ ഉടമസ്ഥതയിലായിരുന്നു.

2016ല്‍ മല്യ ഇന്ത്യ വിട്ടതോടെ ബാങ്കുകള്‍ തൊട്ടടുത്ത വര്‍ഷം ഈ വില്ല ലേലത്തിന് വച്ചു. 90 കോടി രൂപയായിരുന്നു ലേലത്തുകയായി ബാങ്ക് നിശ്ചയിച്ചിരുന്നതെങ്കിലും ലേലത്തില്‍ പോയത് 73.01 കോടി രൂപയ്ക്കാണ്. ബോളിവുഡ് നടനും നിര്‍മാതാവുമായ സച്ചിന്‍ ജോഷിയും ഭാര്യ ഉര്‍വശി ശര്‍മയുമാണ്(നഖാബ് മൂവി ഫെയിം) ഈ വില്ല പിന്നീട് വാങ്ങുന്നത്.

കിങ്‌സ് ബീര്‍ എന്ന പേരില്‍ മദ്യവ്യവസായമുണ്ടായിരുന്ന സച്ചിന്‍ ഈ വില്ലയുടെ പേര് പിന്നീട് കിങ്‌സ് മാന്‍ഷന്‍ എന്ന് പുനര്‍നാമകരണം ചെയ്തു.'ഇന്ന് ലോകത്തിന് മുന്നില്‍ ഞാന്‍ വാതില്‍ തുറക്കുന്ന ദിവസമാണ്. ഈ പ്രോപ്പര്‍ട്ടി ഇന്നുമുതല്‍ കിങ്‌സ് മാന്‍ഷനായി കിരീടധാരണം ചെയ്യപ്പെട്ടിരിക്കുകയാണ്. ഭാവി പദ്ധതികള്‍ തയ്യാറാക്കിയിട്ടുണ്ട്. നിരവധി പേരുകള്‍ ആലോചനയിലുണ്ടായിരുന്നു. കിങ്‌സ് ബിയറുമായുള്ള ബന്ധവും ആ സ്ഥലത്തിന്റെ അന്തര്‍ലീനമായ ഗാംഭീര്യവും മുന്‍നിര്‍ത്തി കിങ്‌സ് മാന്‍ഷന്‍ എന്ന പേരാണ് ഞങ്ങള്‍ തിരഞ്ഞെടുത്തത്. സ്ഥലവുമായി ബന്ധപ്പെട്ട് കുറച്ച് രസകരമായ പദ്ധതികളുണ്ട്. എവിടെയും ലഭിക്കാത്ത ഒരനുഭവം ഇവിടെ സൃഷ്ടിക്കുക എന്നുള്ളതാണ് ഞങ്ങളുടെ നിലവിലെ പദ്ധതി.' പേരുമാറ്റം പ്രഖ്യാപിച്ചുകൊണ്ട് 2017ല്‍ സച്ചിന്‍ പറഞ്ഞത് ഇപ്രകാരമാണ്.

Content Highlights: Vijay Mallya's Kingfisher Villa in Goa Sold to Bollywood Couple

dot image
To advertise here,contact us
dot image