
വാഷിങ്ടൺ: വളർത്തുമൃഗങ്ങൾക്ക് വേണ്ടി പാട്ടുണ്ടാക്കുന്നതിനെ പറ്റി എവിടെയെങ്കിലും കേട്ടിട്ടുണ്ടോ. എന്നാൽ തൻ്റെ സ്വന്തം വളർത്തുമൃഗങ്ങളായ പട്ടികൾക്കും പൂച്ചകൾക്കും കേൾക്കാൻ വേണ്ടി പാട്ടുണ്ടാക്കിയിരിക്കുകയാണ് അമേരിക്കക്കാരനായ അമൻ അഹ്മദ്. ഇതിലൂടെ യൂട്യൂബിൽ നിന്ന് ഉയർന്ന വരുമാനവും അമൻ അഹ്മദിന് കിട്ടുന്നുണ്ട്. കൊവിഡ് മഹാമാരിക്ക് ശേഷം യൂട്യൂബിൽ ഒരു പരീക്ഷണം നടത്തിയാലോ എന്ന് കരുതിയാണ് ഇത്തരത്തിൽ തുടക്കം കുറിച്ചത്. അമന്റെ ചാനലിന് ലക്ഷക്കണക്കിന് വ്യൂവേർസിനെയും ഇതോടെ ലഭിച്ചു. റിലാക്സ് മൈ ഡോഗ്, റിലാക്സ് മൈ ക്യാറ്റ് എന്നീ രണ്ട് ചാനലുകളാണ് അമനുള്ളത്. 20 ലക്ഷം സബ്സ്ക്രൈബേഴ്സും, 8.7 ലക്ഷം സബ്സ്ക്രൈബേഴ്സുമാണ് അമലിൻ്റെ രണ്ടു ചാനലുകളിലുമായുള്ളത്. 100 കോടിയിലേറെ വ്യൂസും വിഡിയോകൾ നേടിക്കഴിഞ്ഞു.
സത്യത്തിൽ പട്ടിക്കും പൂച്ചക്കും വേണ്ടിയായിരുന്നില്ല അമൻ സംഗീതമുണ്ടാക്കിത്തുടങ്ങിയത്. ഉറക്കം ലഭിക്കാത്ത അവസ്ഥ അനുഭവിക്കുന്ന ആളുകൾക്കായാണ് ആദ്യം സംഗീതം ചെയ്ത് തുടങ്ങിയത്. അങ്ങനെയിരിക്കുമ്പോൾ അമൻ്റെ ഒരു സുഹൃത്തിന്റെ തമാശയാണ് പുതിയ വഴിയിലേക്കെത്തിച്ചത് എന്ന് തന്നെ വേണം പറയാൻ. 'നിന്റെ പാട്ട് ഞാൻ വീട്ടിലെ പട്ടിയെ ഒന്നു കേൾപ്പിച്ചുനോക്കട്ടെ' എന്നായിരുന്നു സുഹൃത്തിന്റെ തമാശ കമന്റ്. ഇതോടെയാണ് വളർത്തുമൃഗങ്ങളെ റിലാക്സ് ചെയ്യിക്കാൻ സംഗീതത്തിന് കഴിയുമല്ലോ എന്ന ചിന്ത അമന് വന്നത്. കൊവിഡ് വന്നപ്പോൾ ആളുകളെല്ലാം വീട്ടിലിരുന്നായിരുന്നു ജോലി. അതോടെ വീട്ടിലെ വളർത്തുമൃഗങ്ങളും വീട്ടുകാരും എല്ലാ സമയത്തും ഒന്നിച്ചായി. വളർത്തുമൃഗങ്ങൾക്ക് വീട്ടുകാരെ പിരിഞ്ഞിരിക്കാൻ പറ്റാത്ത സാഹചര്യമായി.
കൊവിഡ് തരംഗം പിന്നിട്ടതോടെ ആളുകൾ ഓഫിസിലേക്ക് പോയിത്തുടങ്ങിയത് വളർത്തുമൃഗങ്ങളുടെ സ്വഭാവത്തിൽ വലിയ മാറ്റങ്ങൾക്ക് കാരണമായി. വീട്ടുകാരെ പിരിഞ്ഞിരിക്കേണ്ടിവരുന്ന പട്ടികളും പൂച്ചകളും പല അസ്വഭാവികതയും കാണിച്ചുതുടങ്ങി. ചിലത് വിഷാദാവസ്ഥയിലായപ്പോൾ മറ്റ് ചിലത് അക്രമസ്വഭാവം കാട്ടിത്തുടങ്ങി. ഈ സമയത്താണ് വളർത്തുമൃഗങ്ങളെ ശാന്തരാക്കാനുള്ള മ്യൂസിക്കുമായി അമൻ അഹ്മദ് യൂട്യൂബിലൂടെയെത്തുന്നത്.
അതൊരു പരീക്ഷണമായിരുന്നു എന്നാണ് അമൻ പറഞ്ഞത്. അങ്ങനെ മ്യൂസിക് ഫോർ പെറ്റ്സ് എന്ന കമ്പനി തന്നെ അമൻ സ്ഥാപിച്ചു. നൂറുകണക്കിന് വളർത്തുമൃഗ ഉടമകളാണ് ഇന്ന് അമൻ അഹ്മദിന്റെ യൂട്യൂബ് ചാനലുകളെ ആശ്രയിക്കുന്നതും പിന്തുണക്കുന്നതും. തനിക്ക് നന്ദി അറിയിച്ചുകൊണ്ട് നിരവധി സന്ദേശങ്ങളാണ് ദിവസവും ലഭിക്കുന്നതെന്നും അമൻ പറഞ്ഞു.