അനിൽ അംബാനിക്ക് തിരിച്ചടി, 3700 കോടിയുടെ മുംബൈ വസതി ഇഡി കണ്ടുകെട്ടി

66 മീറ്റര്‍ ഉയരവും 17 നിലകളുമുള്ള ഈ കെട്ടിടത്തിന് 3,716 കോടി രൂപയാണ് വില കണക്കാക്കിയിരിക്കുന്നത്

അനിൽ അംബാനിക്ക് തിരിച്ചടി, 3700 കോടിയുടെ മുംബൈ വസതി ഇഡി കണ്ടുകെട്ടി
dot image

അനില്‍ അംബാനിയുടെ മുംബൈയിലെ വസതി കണ്ടുകെട്ടി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ്. റിലയന്‍സ് കമ്യൂണിക്കേഷന്‍സ് ഉള്‍പ്പെടെയുള്ള കമ്പനികളില്‍ നടന്നതായി ആരോപിക്കുന്ന ബാങ്ക് തട്ടിപ്പ് കേസിലാണ് നടപടി. അന്വേഷണം പൂര്‍ത്തിയാകുന്നതുവരെ താല്‍ക്കാലിക നടപടിയാണ് ഇഡി സ്വീകരിച്ചിട്ടുള്ളത്.

anil ambani house

മുംബൈയിലെ പാലി ഹില്‍ പരിസരത്തെ 'അബോഡ്' എന്ന വീടുള്‍പ്പെടെയാണ് ഇഡി താത്കാലികമായി കണ്ടുകെട്ടിയിരിക്കുന്നത്. 66 മീറ്റര്‍ ഉയരവും 17 നിലകളുമുള്ളതാണ് ഈ കെട്ടിടം. 3,716 കോടി രൂപയാണ് ഈ കെട്ടിടത്തിന്റെ വിലയായി കണക്കാക്കിയിരിക്കുന്നത്. അനില്‍ അംബാനിക്കും അദ്ദേഹത്തിന്റെ ഗ്രൂപ്പ് കമ്പനികള്‍ക്കുമെതിരെ ഇതുവരെ 15,000 കോടി രൂപയിലധികം മൂല്യമുള്ള സ്വത്തുക്കള്‍ കണ്ടുകെട്ടിയിട്ടുണ്ട്. പ്രത്യേക അന്വേഷണസംഘം രൂപീകരിക്കാന്‍ സുപ്രീം കോടതി നിര്‍ദേശിച്ചതിനെ തുടര്‍ന്നാണ് നടപടി.

അനില്‍ അംബാനിയുടെ അഭിഭാഷകനായ മുകുള്‍ റോഹ്താഗി രാജ്യം വിടില്ലെന്നും അന്വേഷണത്തിന് തടസ്സമുണ്ടാക്കില്ലെന്നും ഉറപ്പ് നല്‍കിയതായി റിപ്പോര്‍ട്ടുകളുണ്ട്. ഇഡിയും സിബിഐയും അന്വേഷണം നടത്തുന്നതില്‍ മെല്ലെപ്പോക്ക് നയം സ്വീകരിക്കുകയാണെന്ന് സൂപ്രീംകോടതി നിരീക്ഷിച്ചു. കേസിന്റെ പുരോഗതി സംബന്ധിച്ച വിവരങ്ങള്‍ കാലാനുസൃതമായി കോടതിയെ അറിയിക്കണമെന്നും കോടതി സിബിഐക്കും ഇഡിക്കും നിര്‍ദ്ദേശം നല്‍കി. ഈ കേസില്‍ കൂടുതല്‍ ശക്തമായ, സുതാര്യമായ അന്വേഷണം വേണമെന്ന് കോടതി വ്യക്തമാക്കി.

കഴിഞ്ഞ വര്‍ഷമാണ് ഇഡി കേസന്വേഷണത്തിന് തുടക്കമിട്ടത്. ആ എഫ്‌ഐആറില്‍ അനില്‍ അംബാനിക്കും റിലയന്‍സ് കമ്യൂണിക്കേഷന്‍സിനുമെതിരെ തട്ടിപ്പ്, ഗൂഢാലോചന, അഴിമതി എന്നീ കുറ്റങ്ങള്‍ ചുമത്തി കേസെടുത്തിരുന്നു. ബാങ്ക് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ ആരെങ്കിലും തട്ടിപ്പില്‍ പങ്കാളികളായിരുന്നോയെന്ന് കണ്ടെത്താനും കോടതി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

anil ambani house inside picture

സ്വത്ത് കണ്ടുകെട്ടിയതിന് പുറമെ ചോദ്യം ചെയ്യലിനായി അനില്‍ അംബാനിയെ ഇഡി വിളിപ്പിച്ചിട്ടുണ്ട്. ഇത് രണ്ടാം തവണയാണ് അംബാനിയെ കേസില്‍ ഇഡി ചോദ്യം ചെയ്യുന്നത്. 2025 ഓഗസ്റ്റിലാണ് ആദ്യമായി മൊഴി നല്‍കിയത്.

ആര്‍കോമും അതിന്റെ അനുബന്ധ സ്ഥാപനങ്ങളും 2010 നും 2012 നും ഇടയില്‍ ഇന്ത്യയിലും വിദേശത്തുമുള്ള ബാങ്കുകളില്‍ നിന്ന് 40,000 കോടിയിലധികം രൂപ വായ്പയെടുത്തിരുന്നു. ഈ ഫണ്ട് വകമാറ്റിയതിനാണ് കേസ്.

എസ്ബിഐയുടെ പരാതിയില്‍ ആദ്യം എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തതിന് ശേഷമാണ് അന്വേഷണം ആരംഭിച്ചത്. ബാങ്ക് ഓഫ് മഹാരാഷ്ട്ര, ബാങ്ക് ഓഫ് ബറോഡ, ബാങ്ക് ഓഫ് ഇന്ത്യ തുടങ്ങിയ മറ്റ് ബാങ്കുകളില്‍ നിന്നും സമാനമായ പരാതികള്‍ വന്നതോടെ അന്വേഷണം വ്യാപിപ്പിച്ചതായി സുപ്രീം കോടതി ചൂണ്ടിക്കാട്ടി.

Content Highlights: ED Attaches Anil Ambani's Mumbai House Worth Rs 3,716 Crore

dot image
To advertise here,contact us
dot image