

വാഷിങ്ടണ്‍: ഐക്യരാഷ്ട്രസഭയുടെ പൊതുസഭയില്‍ യുഎസ്, ക്യൂബന്‍ പ്രതിനിധികള്‍ തമ്മില്‍ രൂക്ഷമായ വാക്‌പോര്. ക്യൂബയ്‌ക്കെതിരായ അമേരിക്കയുടെ സാമ്പത്തിക ഉപരോധത്തെ അപലപിക്കുന്ന പ്രമേയത്തെ എതിര്‍ത്ത് യുഎസ് അംബാസഡര്‍ മൈക്ക് വാള്‍ട്‌സ് സംസാരിക്കുന്നതിനിടെയാണ് സംഭവം. ക്യൂബന്‍ വിദേശകാര്യ മന്ത്രി ബ്രൂണോ റോഡ്രിഗസ് ഉള്‍പ്പെടെയുള്ള പ്രതിനിധികള്‍ മേശയില്‍ അടിച്ച് പ്രതിഷേധിക്കുകയും വാള്‍ട്‌സിനെതിരെ രംഗത്തെത്തുകയും ചെയ്തു. 'നിങ്ങള്‍ നുണയനാണ്' എന്ന് റോഡ്രിഗസ് വിളിച്ചുപറഞ്ഞപ്പോള്‍, 'ഇത് അമേരിക്കയാണ്, പിന്നോട്ട് മാറൂ' എന്നായിരുന്നു വാള്‍ട്‌സിന്റെ മറുപടി.
ക്യൂബയിലേക്കുള്ള എണ്ണവിതരണം തടസ്സപ്പെടുത്തുന്ന അമേരിക്കയുടെ പുതിയ സാമ്പത്തിക നടപടികളും ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷം വര്‍ധിപ്പിച്ചിട്ടുണ്ട്.

ഇന്ധനക്ഷാമം ക്യൂബയില്‍ വൈദ്യുതി മുടങ്ങുന്നതിനും ജനജീവിതത്തെ ബാധിക്കുന്ന പ്രതിസന്ധികള്‍ക്കും കാരണമാവുന്നുണ്ട്. ക്യൂബയ്‌ക്കെതിരായ ഉപരോധം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെടുന്ന യുഎന്‍ പ്രമേയത്തിന് കഴിഞ്ഞ വര്‍ഷം 165 രാജ്യങ്ങള്‍ അനുകൂലമായി വോട്ട് ചെയ്തിരുന്നു. പ്രമേയങ്ങള്‍ നിയമപരമായി നിര്‍ബന്ധിതമല്ലെങ്കിലും വിവിധ രാജ്യങ്ങളുടെ ഒരേ അഭിപ്രായത്തിന്റെ പ്രതിഫലനമായി ഇത് വിലയിരുത്തപ്പെട്ടു.
ഒരാഴ്ച മുമ്പും സമാനമായ സംഭവം യുഎന്‍ സഭയില്‍ നടന്നിരുന്നു. ക്യൂബന്‍ സര്‍ക്കാരിന്റെ അടിച്ചമര്‍ത്തല്‍ നടപടികള്‍ ആരോപിച്ച് യുഎസ് സംഘടിപ്പിച്ച ചര്‍ച്ചയില്‍, യുഎസ് അംബാസഡര്‍ മൈക്ക് വാള്‍ട്‌സും ക്യൂബന്‍ പ്രതിനിധി എര്‍നെസ്റ്റോ സൊബെറോണ്‍ ഗുസ്മാനും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു.
Content Highlights: US and Cuban officials engage in a heated verbal clash at the UN General Assembly over Washington’s economic embargo on Cuba. The confrontation highlights rising tensions over US sanctions, oil restrictions and the annual UN resolution opposing the embargo