

തനിക്ക് പ്രമേഹം ബാധിച്ചു എന്ന് ഒരാള്‍ അറിയുമ്പോള്‍ അയാളുടെ മനസിലേക്ക് വരുന്ന സംശയങ്ങളില്‍ ഒന്നാണ് ഇനി എനിക്ക് ഇഷ്ടമുള്ള ഭക്ഷണങ്ങള്‍ ഉപേക്ഷിക്കേണ്ടിവരുമോ എന്നുള്ളത്. യഥാര്‍ഥത്തില്‍ ഒരു പ്രമേഹ രോഗി എന്തൊക്കെയാണ് ഭക്ഷണ കാര്യത്തില്‍ ശ്രദ്ധിക്കേണ്ടത്. അയാളുടെ ഒരു ദിവസത്തെ ഭക്ഷണക്രമം എങ്ങനെ ആയിരിക്കണം എന്നതിനെക്കുറിച്ചെല്ലാം ഡോ ജീന സൂസന്‍ ജോര്‍ജ് പറയുന്നു.
പ്രമേഹം നിയന്ത്രിക്കാനുള്ള ഏറ്റവും നല്ല മാര്‍ഗ്ഗം ഭക്ഷണത്തിലും ജീവിതരീതിയിലും വരുത്തുന്ന മാറ്റങ്ങളാണ്. പ്രമേഹം അടുത്തിടെ സ്ഥിരീകരിച്ചവരോ, കാലങ്ങളായി മരുന്ന് കഴിക്കുന്നവരോ, ഇന്‍സുലിന്‍ എടുക്കുന്നവരോ ആരുമാവട്ടെ.അവരെല്ലാം ഭക്ഷണത്തിന് വളരെയധികം പ്രാധാന്യം നല്‍കേണ്ടതുണ്ട്.

യഥാര്‍ഥത്തില്‍ ഡയബറ്റിക് ഡയറ്റ് എന്നൊന്നില്ല. ബാലന്‍സിഡ് ഡയറ്റാണ് എല്ലാവരും പിന്തുടരേണ്ടത്. പ്രമേഹത്തിന്റെ ആദ്യ ഘട്ടത്തില്‍ കാലറി കുറഞ്ഞ ഭക്ഷണം കഴിക്കാനാണ് ശ്രദ്ധിക്കേണ്ടത്. കഴിയുന്നതും 50 ശതമാനം മാത്രമേ കാര്‍ബോ ഹൈഡ്രേറ്റ് ഉപയോഗിക്കാന്‍ പാടുള്ളൂ. ഇന്ത്യക്കാരില്‍ അധികംപേരും അന്നജം അടങ്ങിയ ഭക്ഷണത്തിനാണ് പ്രാധാന്യം കൊടുക്കാറുള്ളത്. പ്രധാനമായും നാരുകളില്ലാത്ത പ്രോസസിഡ് ആയിട്ടുള്ള ഭക്ഷണം, ചോറ്, പഞ്ചസാര, ഓട്‌സ് അടക്കമുളള ധാന്യങ്ങള്‍,ഇവ എല്ലാം തന്നെ കാലറി ആയി മാറുന്നവയാണ്. ഈ ഭക്ഷണമെല്ലാം ഷുഗര്‍സ്‌പൈക്ക് വരാന്‍ കാരണമായവയാണ്. (ഭക്ഷണം കഴിച്ച ശേഷം ഒന്നോ രണ്ടോ മണിക്കൂറിനുള്ളില്‍ എത്രമാത്രം ഷുഗര്‍ ഉയരുന്നു എന്നതാണ് ഷുഗര്‍ സ്‌പൈക്ക്). കാര്‍ബോഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണം മാത്രം കഴിച്ചാല്‍ ഷുഗര്‍ സ്‌പൈക്ക് കൂടുന്നു. അതുകൊണ്ടാണ് ചിലരില്‍ ഭക്ഷണത്തിന് ശേഷമുളള ഷുഗര്‍ നിയന്ത്രണാതീതമായി കാണുന്നത്.

പ്രഭാത ഭക്ഷണമോ ഉച്ച ഭക്ഷണമോ രാത്രി ഭക്ഷണമോ ഏതുമായിക്കൊള്ളട്ടെ അതിന്റെ 50 ശതമാനം പച്ചക്കറികള്‍ ആയിരിക്കണം. അതായത് ഒരു പ്ലേറ്റ് എടുത്താല്‍ അതില്‍ കിഴങ്ങ് വര്‍ഗങ്ങള്‍ ഉള്‍പ്പെടാത്ത പച്ചക്കറികള്‍. ചീര, ക്യാബേജ്, കോവയ്ക്ക, പടവലങ്ങ, പാവക്ക ഇവയൊക്കെ ഉള്‍പ്പെടുത്താം.ഇവ 50 ശതമാനം. അടുത്തത് പഴവര്‍ഗ്ഗങ്ങളാണ്. ഗ്ലൈസീമിക് ഇന്‍ഡക്‌സ് കുറവുളള പഴവര്‍ഗങ്ങള്‍ ഉപയോഗിക്കാന്‍ ശ്രദ്ധിക്കണം. അതായത് ആപ്പിള്‍, ഓറഞ്ച്, പേരക്ക, സബര്‍ജല്ലി പോലെയുളളവ). പഴവര്‍ഗ്ഗങ്ങള്‍ അമിതമായും ഏതെങ്കിലും പ്രധാന ഭക്ഷണത്തിനോടൊപ്പവും ഉപയോഗിക്കാതിരിക്കാന്‍ ശ്രദ്ധിക്കണം പകരം ഇടനേരത്തെ ഭക്ഷണമായി ഉപയോഗിക്കാം. പ്ലേറ്റിന്റെ അടുത്ത കാല്‍ഭാഗം കാര്‍ബോ ഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണം ഉപയോഗിക്കാം. അത് അരിയോ ഗോതമ്പോ ഓട്‌സോ എന്തുമാകാം. പ്ലേറ്റിന്റെ അടുത്ത 25 ശതമാനം പ്രോട്ടീന്‍ ആയിരിക്കണം. അത് മൃഗ പ്രോട്ടീന്‍,(ഇറച്ചി, മുട്ട, മീന്‍) സസ്യ പ്രോട്ടീന്‍(പയറ്, പരിപ്പ്, കടല ഇവയെല്ലാം).
ഉദാഹരണത്തിന് ബ്രേക്ക് ഫാസ്റ്റ് ആണെങ്കില്‍ ഒരു ദോശയോ ഇഡലിയോ ചപ്പാത്തിയോ അപ്പമോ ഇടിയപ്പമോ ഇതോടൊപ്പം എന്തെങ്കിലും പച്ചക്കറികള്‍, മുട്ട പുഴുങ്ങിയത് ഇങ്ങനെ.

പലരും രാത്രി ചോറ് മാറ്റി പകരം ചപ്പാത്തി കഴിക്കും.അതില്‍ യാതൊരു കാര്യവും ഇല്ല. അരി പോലെതന്നെ ചപ്പാത്തിയും ഒരു ധാന്യമാണ്. ചോറ് മാറ്റി 4-5 ചപ്പാത്തി കഴിച്ചാല്‍ പ്രത്യേകിച്ച് ഒരു പ്രയോജനവും ലഭിക്കില്ല. രാത്രി ഭക്ഷണത്തിലും നേരത്തെ പറഞ്ഞ ഹെല്‍ത്തി പ്ലേറ്റ് രീതി പിന്തുടരാവുന്നതാണ്. കഴിയുന്നതും രാത്രി ഭക്ഷണം വൈകി കഴിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. 7 മണിക്ക് മുന്‍പ് ഭക്ഷണം കഴിക്കുക.
ഏതെങ്കിലും ഭക്ഷണം കഴിച്ച ശേഷം എത്ര പെട്ടെന്ന് ഷുഗര്‍ കൂടുന്നു എന്നതാണ് ഗ്ലൈസീമിക് ഇന്‍ഡക്‌സ്.
പ്രമേഹരോഗികള്‍ക്ക് ഏതൊക്കെ പഴങ്ങള്‍ കഴിക്കാം എന്നുളളത് പലരും ചോദിക്കുന്ന സംശയമാണ്. പഴവര്‍ഗ്ഗങ്ങള്‍ ജ്യൂസ് ആയി ഒരു കാരണവശാലും ഉപയോഗിക്കരുത്.കാരണം അതിന്റെ നാരുകള്‍ നഷ്ടപ്പെടും. തൊലികളയാതെ അതേപടി കഴിക്കുന്നതാണ് ഗുണപ്രദം.

ഒന്നും കഴിക്കാന്‍ പാടില്ല എന്ന് പറയാന്‍ പറ്റില്ല. എല്ലാവര്‍ക്കും പല തരത്തിലുള്ള ഭക്ഷണം കഴിക്കാന്‍ ആഗ്രഹമുള്ളവരാണ്. പഞ്ചസാരയില്‍ 100 ശതമാനം കാര്‍ബോഹൈഡ്രേറ്റ് അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് ഇവ ഒഴിവാക്കുന്നതാണ് നല്ലത്. വല്ലപ്പോഴുമൊക്കെ ഏത് തരം ഭക്ഷണ പദാര്‍ഥങ്ങളും കഴിക്കാവുന്നത്. കഴിയുന്നതും ബേക്കറി പലഹാരങ്ങള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക. കേക്ക് ബിസ്‌കറ്റ് , മധുര പാനിയങ്ങള്‍ ഇവയൊക്കെ അപകടകരമാണ്.
Content Highlights : Can diabetics follow a diet by eating their favorite foods? What should diabetics include and avoid in their diet?