
ശ്രദ്ധേയ തിരക്കഥാകൃത്ത് മുരളി ഗോപി തിരക്കഥ ഒരുക്കുന്ന 'അനന്തൻ കാട്' എന്ന ബിഗ് ബജറ്റ് ചിത്രത്തിന്‍റെ ദീപാവലി ദിന സ്പെഷൽ പോസ്റ്റർ പുറത്ത്. ആളിപ്പടരുന്ന തീപ്പൊരികൾക്ക് നടുവിൽ മുഖമാകെ രക്തവും കത്തുന്ന കണ്ണുകളുമായി നിൽക്കുന്ന ആര്യയാണ് പോസ്റ്ററിലുള്ളത്. അതോടൊപ്പം തിരുവനന്തപുരം സെക്രട്ടേറിയറ്റും സെക്രട്ടേറിയറ്റിനു മുന്നിൽ സ്ഥാപിച്ചിട്ടുള്ള ധീരദേശാഭിമാനി വേലുത്തമ്പി ദളവയുടെ പൂർണ്ണകായ പ്രതിമയുമൊക്കെ പോസ്റ്ററിൽ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. 'ടിയാൻ' സംവിധാനം ചെയ്ത ജിയെൻ കൃഷ്ണകുമാർ ഒരുക്കുന്ന ചിത്രം കേരള രാഷ്ട്രീയവുമായി ബന്ധമുള്ളതാണെന്നും സൂചനയുണ്ട്. വമ്പൻ താരനിരയാണ് ചിത്രത്തിൽ ഒരുമിക്കുന്നത്. പ്രേക്ഷക, നിരൂപക ശ്രദ്ധ നേടിയ 'ടിയാൻ' എന്ന ബിഗ് ബജറ്റ് സിനിമയ്ക്ക് ശേഷം മുരളീ ഗോപിയും ജിയെൻ കൃഷ്ണകുമാറും വീണ്ടും ഒന്നിക്കുന്ന സിനിമ കൂടിയാണ് ഇത്. വൻവിജയമായി മാറിയ ‘മാർക്ക് ആന്‍റണി’ക്ക് ശേഷം മിനിസ്റ്റുഡിയോയുടെ ബാനറിൽ എസ്. വിനോദ് കുമാർ നിർമിക്കുന്ന പതിനാലാമത്തെ ചിത്രവുമാണിത്.
'കാന്താര'യുടെ രണ്ട് ഭാഗങ്ങളുടേയും സംഗീത സംവിധായകനായ ബി. അജനീഷ് ലോക്നാഥ് ആദ്യമായി മലയാളത്തിലെത്തുന്ന സിനിമ കൂടിയാണിത്. 'ശിശിര' എന്ന കന്നഡ ചിത്രത്തിലൂടെ 2009-ൽ സിനിമാലോകത്തെത്തിയ അജനീഷ് ഇതിനകം അകിര, കിരിക് പാർട്ടി, ബെൽബോട്ടം, അവനെ ശ്രീമൻ നാരായണ, ദിയ, വിക്രാന്ത് റോണ, കാന്താര, ഗന്ധാഡ ഗുഡി, കൈവ, യുവ, ബഗീര തുടങ്ങിയ കന്നഡ സിനിമകളിലും കുരങ്ങു ബൊമ്മൈ, റിച്ചി, നിമിർ, മഹാരാജ തുടങ്ങിയ തമിഴ് സിനിമകളിലും ഏതാനും തെലുങ്ക് സിനിമകളിലും ശ്രദ്ധേയ ഗാനങ്ങളും പശ്ചാത്തല സംഗീതവും ഒരുക്കിയിട്ടുണ്ട്. ലോകമാകെ തരംഗമായി മാറിയ 'കാന്താര'യിലെ സംഗീതം വലിയ ജനശ്രദ്ധ നേടുകയുണ്ടായി. അടുത്തിടെ തിയേറ്ററുകളിലെത്തി ഏവരും ഏറ്റെടുത്ത കാന്താരയുടെ രണ്ടാം ഭാഗമായ 'കാന്താര ചാപ്റ്റർ 1'ലും സംഗീതമൊക്കിയിരിക്കുന്നത് അജനീഷാണ്.
ആര്യ നായകനായെത്തുന്ന ചിത്രത്തിൽ ഇന്ദ്രൻസ്, മുരളി ഗോപി, 'പുഷ്പ' സിനിമയിലെ സുനിൽ, അപ്പാനി ശരത്, നിഖില വിമൽ, ദേവ് മോഹൻ, സാഗർ സൂര്യ, റെജീന കാസാൻഡ്ര, ശാന്തി ബാലചന്ദ്രൻ, അജയ്, കന്നഡ താരം അച്യുത് കുമാർ തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. മലയാളത്തിലും തമിഴിലുമായി തിരുവനന്തപുരം പശ്ചാത്തലമായി ഇറങ്ങുന്ന ബിഗ് ബജറ്റ് ചിത്രം 'അനന്തൻ കാടി'ൽ ഒട്ടേറെ അന്യഭാഷ താരങ്ങളും ഒരുമിക്കുന്നുണ്ട്. ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമായി മാറിയ ചിത്രത്തിന്‍റെ ടീസർ അന്യായ മേക്കിംഗുമായി മികച്ചൊരു ദൃശ്യവിരുന്നായിരിക്കും ചിത്രമെന്ന് അടിവരയിടുന്നതായിരുന്നു. സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററും ക്യാരക്ടർ പോസ്റ്ററുകളും ഏവരും ഏറ്റെടുത്തിട്ടുമുണ്ട്.
ഛായാഗ്രഹണം: എസ്.യുവ, എഡിറ്റർ: രോഹിത് വി എസ് വാരിയത്ത്, സംഗീതം: ബി അജനീഷ് ലോക്നാഥ്, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ: ജെയിൻ പോൾ, പ്രൊഡക്ഷൻ ഡിസൈനർ: രഞ്ജിത്ത് കോതേരി, ആക്ഷൻ ഡയറക്ടർ: ആർ. ശക്തി ശരവണൻ, വിഎഫ്എക്സ് ഡയറക്ടർ: ബിനോയ് സദാശിവൻ, പ്രൊഡക്ഷൻ കൺട്രോളർ: പ്രണവ് മോഹൻ, മേക്കപ്പ്: ബൈജു എസ്, ശബ്ദമിശ്രണം: വിഷ്ണു പി സി, സൗണ്ട് ഡിസൈൻ: അരുൺ എസ് മണി, ഗാനരചന: മുരളി ഗോപി, ആലാപനം: മുരളി ഗോപി, കളറിസ്റ്റ്: ശിവശങ്കർ, വി.ബി2എച്ച്, ചീഫ് അസോസിയേറ്റ് ഡയറക്ടർ: അഭിൽ ആനന്ദ് എം ടി, ഫിനാൻസ് കൺട്രോളർ: എം എസ് അരുൺ, വിഎഫ്എക്സ്: ടിഎംഇഎഫ്എക്സ്, കോസ്റ്റ്യൂം: അരുൺ മനോഹർ, സ്റ്റിൽസ്: റിഷ്‍ലാൽ ഉണ്ണികൃഷ്ണൻ, പിആർഒ: ആതിര ദിൽജിത്ത്.
Content Highlights: Arya starrer murali gopy scripted Ananthan Kaadu Diwali poster out