
ഹിന്ദി സീരിയലുകളിലൂടെ പ്രശസ്തയായ നടി നിയ ശർമ സമൂഹമാധ്യമത്തിലൂടെ തന്റെ വൃത്തിയും വെൺമയുമുള്ള പല്ലുകളുടെ രഹസ്യമെന്താണെന്ന കാര്യം ഫോളോവേഴ്‌സുമായി പങ്കുവച്ചിരുന്നു. ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച വീഡിയോയിൽ, നിയ പല്ലുതേക്കുന്നത് ബേക്കിങ് സോഡ, ഉപ്പ്, വെളിച്ചെണ്ണ, ടൂത്ത്‌പേസ്റ്റ് എന്നിവ മിക്‌സ് ചെയ്താണ്. പല്ലിലെ കറകൾ മുഴുവൻ കളയാൻ സഹായിക്കുമെന്നാണ് ഈ വൈറൽ ഓൺലൈൻ ഹാക്കിൽ താരം അവകാശപ്പെട്ടത്. എന്നാൽ പല്ലുകൾക്ക് ഹാനികരമാണെന്ന മുന്നറിയിപ്പ് നൽകുകയാണ് ഒരു ദന്തഡോക്ടർ.
ഇന്ന് ഞാൻ ഇൻസ്റ്റഗ്രാമിൽ നിന്നും ലഭിച്ച ഒരു ഹോം ഹാക്ക് കോപ്പി ചെയ്താണ് എന്റെ പല്ലുകൾ വൃത്തിയാക്കാൻ പോകുന്നത്. മോണ മുറിയുകയോ മറ്റോ ചെയ്താൽ ഞാൻ പറയാം എന്ന് പറഞ്ഞ് തുടങ്ങിയാണ് നിയ തന്റെ വീഡിയോ ആരംഭിക്കുന്നത്. തുടർന്ന് ഒരു മിശ്രിതം ഉപയോഗിച്ച് പല്ലുകൾ തേയ്ക്കാൻ ആരംഭിച്ചു. പക്ഷേ ചോദ്യം ഉയർന്നത് ബേക്കിങ് സോഡ പല്ലുകൾക്ക് നല്ലതാണോ എന്നായിരുന്നു. പല്ലുകൾ തിളക്കമുള്ളതാക്കാൻ ചിലർ ബേക്കിങ് സോഡ ഉപയോഗിക്കാറുണ്ട്. എന്നാൽ ഇത് പല്ലുകളുടെ ആരോഗ്യത്തിന് ഹാനികരമാണെന്നതാണ് വസ്തുത. ഇത് പലർക്കും അറിയില്ല. ആരോഗ്യ വിദഗ്ദർ പറയുന്നത്, ബേക്കിങ് സോഡ പല്ലിന്റെ വെളുത്ത നിറത്തിന് സഹായിക്കുമെങ്കിലും ഇനാമലുകൾക്ക് കേടുപാടുകൾ സൃഷ്ടിക്കുമെന്നാണ്. ഉരച്ചുകഴുകാൻ സഹായകമാകുന്ന ചില വസ്തുക്കൾ ബേക്കിങ് സോഡയിലുണ്ട്. ഇതാണ് പല്ലിനെ വൃത്തിയാക്കുന്നത്. ഇതുപോലെയാണ് ഉപ്പും പ്രവർത്തിക്കുന്നത്.
ഇനി വെളിച്ചെണ്ണയുടെ കാര്യം പറയുകയാണെങ്കിൽ ഇത് മോണയിൽ തേയ്ക്കുന്നത് പല്ലിന്റെ ആരോഗ്യത്തിന് മികച്ചതാണെങ്കിലും നിയ പറഞ്ഞത് പോലുള്ള മിശ്രിതം പല്ലിൽ തേച്ചാൽ അതും ഇനാമലിനെ കാര്യമായി ബാധിക്കും. പല്ലിന്റെ സെൻസിറ്റിവിറ്റിയെ സംരക്ഷിക്കുന്ന ഭാഗമാണ് ഇനാമൽ. ടൂത്ത്‌പേസ്റ്റുകളിൽ പല്ലിൽ പോടുകൾ ഉണ്ടാവുന്നത് തടയുന്ന ഫ്‌ളൂറൈഡുകൾ അടങ്ങിയിട്ടുണ്ട്. വെള്ളത്തിലും വായുവിലും അടങ്ങിയിട്ടുള്ള ഫ്‌ളൂറൈഡ് നമ്മുടെ എല്ലുകളിലും പല്ലുകളിലും അടങ്ങിയിട്ടുണ്ട്. ടൂത്ത്‌പേസ്റ്റിലുള്ള ഫ്‌ളൂറൈഡ് പല്ലു കേടാവുന്നത് തടഞ്ഞ് അധികമായി സുരക്ഷ നൽകും.
അതിനാൽ ബേക്കിങ് സോഡ ഉപയോഗിച്ചാൽ ഈ സംരക്ഷണം നിങ്ങൾക്ക് ലഭിക്കില്ല. പല്ലു ആരോഗ്യത്തോടെ ഇരിക്കാൻ നന്നായി വെള്ളം കുടിക്കുക. പഞ്ചസാര പരമാവധി ഒഴിവാക്കുക. വായിലെത്തുന്ന പഞ്ചസാര ആസിഡായി മാറും. ഇത് പല്ലിൽ പോടുണ്ടാവാൻ കാരണമാകും. മൗത്ത് വാഷ് ഉപയോഗിക്കുന്നതും നല്ലതാണ്. പക്ഷേ പല്ല് തേച്ചയുടൻ ഇത് ഉപയോഗിക്കരുത്. പകരം ഭക്ഷണം കഴിച്ച ശേഷം ഉപയോഗിക്കുന്നത് നല്ലതാണ്.
Content Highlights: Nia Sharma's home hack on teeth whitening is bad says dentist