
കുട്ടിക്കാലത്തെ കുറിച്ചുള്ള ഓര്‍മകളിലേക്ക് തിരിഞ്ഞുനോക്കിയാല്‍ ഓര്‍ത്തെടുക്കാനാവുന്ന ഏറ്റവും പഴയ ഓര്‍മ എന്തായിരിക്കും? ഒരുപക്ഷെ മൂന്നുവയസ്സിലെ ചില സംഭവങ്ങള്‍ അവ്യക്തമായി മനസ്സില്‍ തെളിഞ്ഞേക്കാം അല്ലേ. ഏത് പ്രായം മുതലാണ് മനുഷ്യരില്‍ ഓര്‍മ രൂപപ്പെട്ടുതുടങ്ങുന്നത് എന്ന് ചിന്തിച്ചിട്ടുണ്ടോ? ഇതിനൊരു ഉത്തരം കണ്ടെത്തിയിരിക്കുകയാണ് ഗവേഷകര്‍.
നാല് മാസം പ്രായമുള്ള കുഞ്ഞിന് ഓര്‍മകള്‍ രൂപപ്പെടുത്താന്‍ കഴിയുമെന്നാണ് ഓര്‍മയുമായി ബന്ധപ്പെട്ട് പുറത്തുവന്ന പുതിയ പഠനത്തില്‍ ഗവേഷകര്‍ അഭിപ്രായപ്പെടുന്നത്. എന്നാല്‍ ഈ ഓര്‍മകള്‍ പിന്നീടുള്ള ജീവിതത്തില്‍ ഓര്‍ത്തെടുക്കാന്‍ കഴിയണമെന്നില്ല. ഓര്‍മ രൂപപ്പെടുന്നത് കണ്ടെത്തുന്ന പഠനത്തിനായി 26 കുട്ടികളുടെ മസ്തിഷ്‌കങ്ങളാണ് ഗവേഷകര്‍ സ്‌കാന്‍ ചെയ്തത്. അവരില്‍ 4 മാസം മുതല്‍ 24 മാസം വരെ പ്രായമുള്ള കുട്ടികളുണ്ടായിരുന്നു.
മുഖങ്ങള്‍ ഉള്‍പ്പെടെയുള്ള ചിത്രങ്ങള്‍ കാണിച്ചാണ് പഠനം നടത്തിയത്. വികാരങ്ങളും ഓര്‍മകളുമായി ബന്ധപ്പെട്ട തലച്ചോറിന്റെ ഹിപ്പോകമസ് എന്ന ഭാഗം കുട്ടികളില്‍ ഓര്‍മ രൂപപ്പെടുമ്പോള്‍ സജീവമാകുന്നതായി ഗവേഷകര്‍ പഠനത്തില്‍ കണ്ടെത്തി. 12-24 മാസം പ്രായമുള്ള കുട്ടികളുടെ ഓര്‍ബിറ്റോഫ്രണ്ടല്‍ കോര്‍ട്ടെക്‌സ് സജീവമാകുന്നതും അവര്‍ കണ്ടെത്തി. ഓര്‍മയുമായി ബന്ധപ്പെട്ട തീരുമാനങ്ങള്‍ എടുക്കുന്ന, തിരിച്ചറിയുന്ന തലച്ചോറിലെ ഭാഗമാണ് ഇത്.
'മുഖങ്ങള്‍, വസ്തുക്കള്‍ എന്നിവയുടെ ചിത്രങ്ങളാണ് ഞങ്ങള്‍ കുട്ടികള്‍ക്ക് കാണിച്ചുകൊടുത്തത്. പിന്നീട് അല്പസമയത്തിന് ശേഷം നേരത്തേ കാണിച്ച ചിത്രങ്ങള്‍ക്കൊപ്പം പുതിയ ചിത്രങ്ങള്‍ കൂടി ഉള്‍പ്പെടുത്തി വീണ്ടും കാണിച്ചു. നേരത്തേ കണ്ട ചിത്രത്തിലേക്ക് കുട്ടി കൂടുതല്‍ സമയം നോക്കിയിരിക്കുന്നതായി കണ്ടെത്തിയാണ് ഓര്‍മ രൂപപ്പെടുത്താനാവുമെന്ന് തിരിച്ചറിയുന്നത്.' പഠനം നടത്തിയ ഡോ.നിക് ടര്‍ക്ക് ബ്രൗണി പറഞ്ഞു.
ഭാഷ പഠനം, വികസന വൈകല്യങ്ങള്‍, നേരത്തേയുള്ള പഠനം എന്നിവ സംബന്ധിച്ച് ഉള്‍ക്കാഴ്ച ലഭിക്കാന്‍ ഈ പഠനം സഹായിക്കും. എന്നാല്‍ എത്രനാളേക്ക് ഈ ഓര്‍മ നിലനില്‍ക്കും എന്തുകൊണ്ടാണ് മുതിരുമ്പോള്‍ ഇക്കാര്യങ്ങള്‍ മറന്നുപോകുന്നത് എന്നതിലേക്ക് കൂടുതല്‍ ഗവേഷണം ആവശ്യമാണ്. മറവിരോഗമായ അല്‍ഷിമേഴ്‌സുമായി ബന്ധപ്പെട്ട പഠനങ്ങള്‍ക്കും ഇത് സഹായകമാണ്.
Conten t Highlights: What Research Reveals About Infant Memory