
ശരീരത്തിന് ആവശ്യമായ പ്രൊട്ടീന്‍ വേണോ എങ്കില്‍ മുട്ട കഴിച്ചോളൂ എന്നാണ് വിദഗ്ധരുള്‍പ്പെടെ എല്ലാവരും നിര്‍ദേശിക്കാറുള്ളത്. പ്രൊട്ടീന്‍ കലവറയാണ് മുട്ടയെന്ന കാര്യത്തില്‍ സംശയമൊന്നുമില്ല. അങ്ങനെയെങ്കില്‍ സസ്യാഹാരികള്‍ എന്തുചെയ്യും.പ്രൊട്ടീനായി അവര്‍ക്ക് ആശ്രയിക്കാവുന്ന മറ്റ് ചില ഭക്ഷ്യവസ്തുക്കളുണ്ട്. അത് ഏതെല്ലാമാണെന്ന് നോക്കാം.
ചീര
ഒരു കപ്പ് വേവിച്ച ചീരയിൽ നിന്നും 5.4 ഗ്രാം പ്രോട്ടീൻ ലഭിക്കും. കൂടാതെ ഇവയിൽ കാത്സ്യം, അയേൺ, വിറ്റാമിനുകളായ എ, സി, കെ തുടങ്ങിയവയും അടങ്ങിയിട്ടുണ്ട്.
കൂൺ
100 ഗ്രാം കൂണിൽ നിന്നും 3.1 ഗ്രാം പ്രോട്ടീൻ ലഭിക്കും. കൂടാതെ ഇവയിൽ ബി വിറ്റാമിനുകളും, വിറ്റാമിൻ ഡിയും,
സെലീനിയം, ആൻറി ഓക്സിഡൻറുകൾ തുടങ്ങിയവയും അടങ്ങിയിട്ടുണ്ട്.
ബ്രൊക്കോളി
ബ്രൊക്കോളി ഇത്തരത്തിൽ പ്രോട്ടീൻ സമ്പുഷ്ടമായ ഒന്നാണ്. ഇതിൽ ധാരാളം നാരുകളും അടങ്ങിയിട്ടുണ്ട്. 100 ഗ്രാം ബ്രൊക്കോളിയിൽ 2.8 ഗ്രാം പ്രോട്ടീനുകൾ അടങ്ങിയിട്ടുണ്ട്. ഒരു കപ്പ് വേവിച്ച ബ്രൊക്കോളിയിൽ 5.7 ഗ്രാം പ്രോട്ടീനുണ്ട്. ഇത് ഒരു മുട്ടയിൽ ഉള്ളതിനേക്കാൾ കൂടുതലാണ്. ആന്റിഓക്‌സിഡന്റുകൾ, ഫോളേറ്റുകൾ, പൊട്ടാസ്യം എന്നിവയെല്ലാം ഇതിൽ അടങ്ങിയിട്ടുണ്ട്.
ചെറുപയർ
100 ഗ്രാം വേവിച്ച ചെറുപയറിൽ 19 ഗ്രാം പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്. അതിനാൽ ഇവയും ഡയറ്റിൽ ഉൾപ്പെടുത്താം.
കോളിഫ്ളവർ
നോൺവെജ് ഒഴിവാക്കുന്നവരുടെ പ്രിയപ്പെട്ട ഭക്ഷണമാണ് കോളിഫ്ളവർ. ധാരാളം പ്രോട്ടീൻ അടങ്ങിയ ഒന്നാണിത്. പൊട്ടാസ്യം, മാംഗനീസ്, മഗ്‌നീഷ്യം, ഫോസ്ഫറസ്, കാൽസ്യം, വിറ്റാമിനുകൾ സി, കെ, ഇരുമ്പ് എന്നിവ കൂടാതെ സിനിഗ്രിനും ഇതിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇതെല്ലാം ആരോഗ്യത്തിന് വളരെയധികം ആവശ്യമായ ഘടകങ്ങളാണ്.
മുരിങ്ങ
പ്രോട്ടീൻ സമ്പുഷ്ടമായ ഒന്നാണ് മുരിങ്ങാ. പ്രത്യേകിച്ചും മുരിങ്ങയിലകൾ. 100 ഗ്രാം മുരിങ്ങായിലയിൽ 9 ഗ്രാം പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്. ഏറ്റവും നല്ല സസ്യപ്രോട്ടീനുകളിൽ ഒന്നാണിത്. മുരിങ്ങാക്കായിലും പ്രോട്ടീനുണ്ട്. ഇതിന് പുറമേ കാൽസ്യം, അയേൺ, ആന്റിഓക്‌സിഡന്റുകൾ എന്നിവയും ഇതിലുണ്ട്. ഇത് പ്രതിരോധശേഷിയ്ക്കും ദഹനത്തിനുമെല്ലാം സഹായിക്കുന്ന ഒന്നാണ്.
പയറുവർഗങ്ങളും ഡയറ്റിൽ പതിവാക്കുന്നത് വളരെ നല്ലതാണ്. 100 ഗ്രാമിൽ ഒൻപത് ഗ്രാം പ്രോട്ടീൻ വരെ അടങ്ങിയിട്ടുണ്ട്. അതിനാൽ ഇവയും പ്രോട്ടീൻ ലഭിക്കാൻ കഴിക്കാവുന്ന മികച്ച ഭക്ഷണമാണ്. സോയാബീനും പ്രോട്ടീന്റെ മികച്ച കലവറയാണ്. 100 ഗ്രാം സോയാബീനിൽ 36 ഗ്രാം പ്രോട്ടീൻ അടങ്ങിയിരിക്കുന്നു. അതിനാൽ മുട്ടയെക്കാൾ പ്രോട്ടീൻ സോയാബീനിൽ അടങ്ങിയിട്ടുണ്ട്.
Content Highlight; Foods That Have More Protein Than Eggs