
മനുഷ്യശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട രണ്ട് അവയവങ്ങളാണ് വൃക്ക, കരൾ എന്നിവ. രക്തത്തിലെ വിഷാംശങ്ങൾ നീക്കം ചെയ്യാൻ, രക്തം ശുദ്ധീകരിക്കാൻ തുടങ്ങി ശരീരത്തിലെ നിരവധി പ്രവർത്തനങ്ങളിലാണ് കരളും വൃക്കയും ഏർപ്പെടുന്നത്. രാവും പകലും പ്രവർത്തിക്കുന്ന ഈ അവയവങ്ങൾ പണിമുടക്കാതെ സൂക്ഷിക്കേണ്ടത് നമ്മുടെ ഉത്തരവാദിത്വമാണല്ലോ.. വിഷവസ്തുക്കൾ ഫിൽട്ടർ ചെയ്തും, പ്രോട്ടീൻ സംസ്‌കരിച്ചും, ശരീരത്തെ സംരക്ഷിക്കാൻ അഹോരാത്രം പോരാടുന്ന ഈ അവയവങ്ങളെ വലിയ രോഗങ്ങളിൽ നിന്ന് സംരക്ഷിക്കാൻ ചില ചെറിയ മാറ്റങ്ങൾ കൊണ്ടുവന്നാലോ?
മസാജ്
കരളിന്റെയും, വൃക്കയുടെയും ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് വയറിന്റെ ഭാഗം ഇടയ്ക്ക് മസാജ് ചെയ്യുന്നത് സഹായിക്കുമെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. കരളിന്റെയും വൃക്കയുടെയും ഭാഗത്ത് വളരെ മൃദുവായി മസാജ് ചെയ്യുന്നത് രക്തയോട്ടം വർധിപ്പിക്കാൻ സഹായിക്കുകയും ലിംഫറ്റിക് ഡ്രെയിനേജ് മെച്ചപ്പെടുത്തുകയും ചെയ്യുന്നു.
കൈപ്പത്തി വയറിന്റെ വലത് വശത്ത് വച്ച് കരളിന്റെ ഭാഗത്തായി രണ്ട് മിനിട്ട് നേരം വളരെ മൃദുവായി മസാജ് ചെയ്യുക. രക്തചംക്രമണം, ശ്വാസനിശ്വാസങ്ങൾ എന്നിവ ഇതിനൊപ്പം സന്തുലിതമായി കൊണ്ടുപോകുന്നതിന് സാവധാനത്തിലെങ്കിലും നന്നായി ശ്വസിക്കുന്നത് സഹായിക്കും. നിരന്തരം ഈ പരിശീലനങ്ങൾ തുടരുന്നത് അവയവങ്ങളുടെ പ്രവർത്തനം ത്വരിതപ്പെടുത്താൻ സഹായിക്കുകയും, ക്രമേണ ആരോഗ്യസംരക്ഷണത്തിലേക്ക് നയിക്കുകയും ചെയ്യുന്നു.
മഞ്ഞൾ
ചെറു ചൂട് വെള്ളം മഞ്ഞൾ ചേർത്ത് വാ കൊള്ളുന്നത് ചെയ്യുന്നത് പതിവാക്കാൻ പഠനങ്ങൾ പറയുന്നു. വളരെ നിസാരമായ കാര്യം എന്ന് നമുക്ക് തോന്നുമെങ്കിലും ഇത് ശരീരത്തിലെ വിഷാംശങ്ങളെ ചെറുക്കാൻ ഒരു പരിധി വരെ സഹായിക്കുമെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. കരളിലും വൃക്കയിലും വിഷാംശങ്ങൾ അടിഞ്ഞ് കൂടുന്നത് ചെറുക്കാനും ഇത് സഹായിക്കുന്നു. ചെറു ചൂടുവെള്ളത്തിൽ അൽപം മഞ്ഞൾ ചേർത്ത് കലക്കി വാ കൊള്ളുക. ഇത് വാഗസ് നാഡിയെ ഉത്തേജിപ്പിക്കാൻ സഹായിക്കുന്നു. കൂടാതെ കരളുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളെയും, ദഹനത്തെയും ഏകോപിപ്പിക്കുന്നു.
പെരുംജീരകം
ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച് ഇറങ്ങുമ്പോൾ അൽപം പെരുംജീരകം എടുത്ത് വായിൽ ഇടാറില്ലേ.. പെരുംജീരകം ദഹനത്തിന് സഹായിക്കും എന്ന് അറിയാവുന്നതിനാലാണ് നമ്മൾ അങ്ങനെ ചെയ്യുന്നത്. എന്നാൽ, പെരുംജീരകത്തിന്റെ ഉപയോഗം കരളിന്റെയും വൃക്കയുടെയും ആരോഗ്യത്തെയും സ്വാധീനിക്കുമെന്ന് നിങ്ങൾക്ക് അറിയാമോ? കരളിലേക്കും, വൃക്കയിലേക്കും അടിഞ്ഞ് കൂടാൻ സാധ്യതയുള്ള വിഷാംശത്തെ നീക്കം ചെയ്യാൻ പെരുംജീരകം സഹായിക്കുന്നു.
ശരീരത്തിൽ അധികമുള്ള ജലാംശം പുറന്തള്ളാനും, വയർ വീർക്കുന്നത് ഒരു പരിധി വരെ തടയാനും, ശരീരത്തിൽ വിഷവസ്തുക്കൾ അടിഞ്ഞുകൂടുന്നത് ഒഴിവാക്കാനും ഈ ഇത്തിരിക്കുഞ്ഞൻ പെരുംജീരകം സഹായിക്കുമത്രേ… രാവിലെ സമയങ്ങളിൽ ഭക്ഷണത്തിന് മുൻപോ, ശേഷമോ അരടീസ്പൂൺ ജീരകം ചവയ്ക്കുക.
കരളിലെ വിഷാംശം ഇല്ലാതാക്കുകയും, ഡൈയറൂറ്റിക് ആയി പ്രവർത്തിക്കുകയും ചെയ്യുന്നു. ഇത് അവയവങ്ങളെ ബാധിക്കുന്ന ഓക്‌സിഡേറ്റീവ് സമ്മർദം കുറയ്ക്കുന്നു. പെരുംജീരകം ചവയ്ക്കുന്നത് കൂടാതെ പെരുംജീരകം കുതിർത്ത വെള്ളം കുടിക്കുന്നതും നല്ലതാണ്.
Content Highlight; Effective Ways to Protect Your Liver and Kidneys from Serious Health Risks