
വയറുവേദനയും വയറില്‍ നീരുമായി ആശുപത്രിയില്‍ അഡ്മിറ്റായ 40കാരിയായ യുവതിയുടെ ചെറുകുടലില്‍ നിന്ന് ഡോക്ടര്‍മാര്‍ കണ്ടെത്തിയത് 41 റബ്ബര്‍ബാന്‍ഡുകള്‍. തിരുവനന്തപുരം പാറശാല സരസ്വതി ആശുപത്രിയിലായിരുന്നു ഒരേസമയം ആശങ്കയും കൗതുകവും നിറഞ്ഞ ഈ സംഭവം നടന്നത്. വയറ് വേദനയും വയറില്‍ നീരുമായി എത്തിയ യുവതിയെ സ്‌കാന്‍ ചെയ്തപ്പോഴാണ് ചെറുകുടലില്‍ ബ്ലോക്ക് കണ്ടെത്തിയതും അടിയന്തര ശസ്ത്രക്രിയ ചെയ്തതും. കുടല്‍ തുറന്നപ്പോഴാണ് റബ്ബര്‍ബാന്‍ഡ് പന്ത് പോലെ കാണപ്പെട്ടത്. ഈ സ്ത്രീക്ക് ഇടയ്ക്കിടയ്ക്ക് റബ്ബര്‍ബാന്‍ഡുകള്‍ വായിലിട്ട് ചവയ്ക്കുന്ന ശീലമുണ്ടായിരുന്നത്രേ.
ഇതിന് മുന്‍പും നിങ്ങള്‍ കേട്ടിട്ടില്ലേ തലമുടിയും മണ്ണും നൂലും ഒക്കെ കഴിക്കുന്നവരെക്കുറിച്ച്. എന്തുകൊണ്ടാണ് ചിലര്‍ ഭക്ഷ്യയോഗ്യമല്ലാത്ത ഇത്തരം വസ്തുക്കള്‍ കഴിക്കുന്നത്. ഇത് എന്തെങ്കിലും രോഗമാണോ? അറിയാം ഭക്ഷ്യയോഗ്യമല്ലാത്ത വസ്തുക്കള്‍ കഴിക്കുന്ന ഭക്ഷണക്രമക്കേടായ 'പിക്ക' (pica)യെക്കുറിച്ച്.
എന്താണ് പിക്ക(pica)
ഭക്ഷ്യയോഗ്യമല്ലാത്ത വസ്തുക്കള്‍ കഴിക്കുന്ന ഭക്ഷണക്രമക്കേടാണ് പിക്ക. ചെളി, കളിമണ്ണ്, ഭിത്തിയില്‍നിന്നും മറ്റും അടര്‍ത്തിയെടുക്കുന്ന പെയിന്റ്, പശ, തലമുടി, സിഗരറ്റിന്റെ ചാരം, വിസര്‍ജ്യങ്ങള്‍, ചോക്ക്, ടാല്‍ക്കംപൗഡര്‍, കരി, ക്രയോണുകള്‍, മുട്ടത്തോടുകള്‍, ഐസ്, കല്ല്, പേപ്പര്‍, സോപ്പ്, തുണി എന്നിവയൊക്കെയാണ് സാധാരണയായി ഇത്തരം ഭക്ഷണ ക്രമക്കേടുള്ളവര്‍ കഴിക്കുന്നത്. 10 മുതല്‍ 30 ശതമാനം വരെ ഈ തകരാറ് കുട്ടികളിലാണ് കാണപ്പെടുന്നത്. ബുദ്ധിവികാസം കുറഞ്ഞ കുട്ടികളിലും ചില മുതിര്‍ന്നവരിലും ഇങ്ങനെ സംഭവിക്കാം. മുതിര്‍ന്നവരില്‍ 1 ശതമാനത്തില്‍ കൂടുതല്‍ പേര്‍ക്കും, കുട്ടികളില്‍ 5 ശതമാനം പേര്‍ക്കും ഈ സ്വഭാവമുളളതായി കാണാറുണ്ട്.
എന്തൊക്കെയാണ് പിക്കയുടെ ലക്ഷണങ്ങള്‍
ഒരു വ്യക്തി കഴിച്ച ഭക്ഷ്യേതര ഇനവുമായി ലക്ഷണങ്ങള്‍ ബന്ധപ്പെട്ടിരിക്കുന്നു. വയറുവേദന, മലത്തില്‍ രക്തം, മലബന്ധം, വയറിളക്കം ഇവയൊക്കെ ലക്ഷണമാണ്. ഭക്ഷ്യേതര വസ്തുക്കളില്‍ അടങ്ങിയിരിക്കുന്ന വിഷാംശം, ബാക്ടീരിയ എന്നിവയുടെയൊക്കെ ഫലമായാണ് ഈ ലക്ഷണങ്ങള്‍ ഉണ്ടാകുന്നത്. ഭക്ഷ്യേതര വസ്തുക്കള്‍ ഒരു നിശ്ചിത കാലയളവില്‍ ആവര്‍ത്തിച്ച് കഴിക്കുന്നതാണ് രോഗത്തിന് കാരണം. എന്താണ് പിക്കയുടെ യഥാര്‍ഥ കാരണമെന്ന് ഡോക്ടര്‍മാര്‍ക്കും ഗവേഷകര്‍ക്കും ഇതുവരെ മനസിലായിട്ടില്ല. ചിലപ്പോള്‍ ഇരുമ്പിന്റെ കുറവുളളവര്‍ക്കും മറ്റ് പോഷകാഹാരക്കുറവുളളവര്‍ക്കും മറ്റ് മെഡിക്കല്‍ പ്രശ്‌നം മൂലവും ഇത് സംഭവിക്കാം.
രോഗനിര്‍ണയം
പിക്കയ്ക്ക് പരിശോധന ഇല്ല. രോഗി എന്താണ് കഴിച്ചത്, എത്ര നാളായി കഴിക്കുന്നു, വ്യക്തിയുടെ പ്രായം, ബുദ്ധിവികാസവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഉണ്ടെങ്കില്‍, ഇലക്ട്രോലൈറ്റ് അസന്തുലിതാവസ്ഥ, രക്തത്തില്‍ അണുബാധകള്‍ ഉണ്ടോ എന്ന് പരിശോധിക്കല്‍, കുടലിലെ തടസങ്ങള്‍ ഇവയൊക്കെ അടിസ്ഥാനമാക്കിയാണ് രോഗനിര്‍ണയം നടത്തുന്നത്.
ചികിത്സ
പിക്കയ്ക്ക് ചികിത്സയില്ല. ഇതിന് മരുന്നുകളുമില്ല. എന്നിരുന്നാലും ചിലരില്‍ ഈ അവസ്ഥ മാറാറുണ്ട്. ഉദാഹരണത്തിന് ഗര്‍ഭകാലത്ത് ഈ അവസ്ഥ പ്രത്യക്ഷപ്പെട്ടാല്‍ കുഞ്ഞ് ജനിച്ച ശേഷം ഇത് മാറും. ഇനി ഭക്ഷണത്തില്‍നിന്ന് ലഭിക്കാത്ത എന്തെങ്കിലും വസ്തുക്കളുടെ കുറവ് മൂലമാണെങ്കില്‍ ചിലപ്പോള്‍ ഈ കുറവ് പരിഹരിക്കുന്നതിലൂടെ പിക്കയ്ക്ക് ഇല്ലാതാക്കാന്‍ സാധിക്കും. ചില ആളുകളില്‍ ഇത് തടയാനുള്ള ഏറ്റവും നല്ല മാര്‍ഗ്ഗം അവരെ അതില്‍ നിന്ന് അകറ്റി നിര്‍ത്തുക എന്നതാണ്. ബിഹേവിയറല്‍ തെറാപ്പി, ഡിഫറന്‍ഷ്യല്‍ റൈന്‍ഫോഴ്‌സ്‌മെന്റ് എന്നീ തെറാപ്പികളിലൂടെ ആളുകളില്‍ മാറ്റങ്ങള്‍ ഉണ്ടാക്കാന്‍ കഴിയും.
Content Highlights :Eating inedible objects is a type of eating disorder, and why do some people eat such objects?