പുകവലിക്കാത്ത യുവാക്കളിലും ശ്വാസകോശ അസുഖങ്ങൾ വർധിക്കുന്നു; ഈ കാര്യങ്ങൾ ശ്രദ്ധിക്കണം

പുകവലിക്കാത്ത യുവാക്കളിൽ ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ വരുന്നതിനുള്ള പ്രധാന കാരണങ്ങൾ എന്തൊക്കെയാണ്

dot image

പുകവലിക്കാത്ത യുവാക്കൾക്കിടയിലും ശ്വസകോശ സംബന്ധമായ അസുഖങ്ങൾ വർധിക്കുന്നതായിട്ടാണ് പുതിയ പഠനങ്ങൾ സൂചിപ്പിക്കുന്നത്. ആസ്ത്മ, ബ്രോങ്കൈറ്റിസ്, ക്രോണിക് ഒബ്‌സ്ട്രക്റ്റീവ് പൾമണറി ഡിസീസ് (സിഒപിഡി) തുടങ്ങിയ വിട്ടുമാറാത്ത ശ്വാസകോശ രോഗങ്ങളാണ് യുവാക്കളിൽ പുതുതായി കണ്ടുവരുന്നത്. ജന്മനാ ആസ്ത്മ രോഗം ഇല്ലാത്തവരിൽ പോലും പിന്നീട് ഈ രോഗം വരുന്നതായിട്ടാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.

എന്തുകൊണ്ടാണ് പുകവലിക്കാത്തവരിലും ഈ രോഗങ്ങൾ വർധിക്കുന്നത് എന്ന ചോദ്യം ഉയരുന്നുണ്ട്. ഇത്തരം രോഗങ്ങൾ വർധിക്കുന്നത് അവഗണിക്കാൻ കഴിയില്ലെന്ന് ദ്വാരകയിലെ പൾമണോളജി, ക്രിട്ടിക്കൽ കെയർ & സ്ലീപ്പ് മെഡിസിൻ മാക്‌സ് സൂപ്പർ സ്‌പെഷ്യാലിറ്റി ഹോസ്പിറ്റലിലെ അസോസിയേറ്റ് ഡയറക്ടറും യൂണിറ്റ് ഹെഡുമായ ഡോ. മനീഷ് ഗാർഗ് പറഞ്ഞു.

പുകവലിക്കാത്ത യുവാക്കളിൽ ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ വരുന്നതിനുള്ള പ്രധാന കാരണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.


  1. വായു മലിനീകരണം

മോശം വായു ശ്വസിക്കുന്നതാണ് യുവാക്കളിൽ പ്രധാനമായും ശ്വാസകോശ സംബന്ധമായ അസുഖം ഉണ്ടാവുന്നതിന് കാരണം. നഗരപ്രദേശങ്ങളിൽ നിന്നുള്ള വായു ശ്വസിക്കുന്നത് ഒരു പാക്കറ്റ് സിഗരറ്റിൽ നിന്ന് വലിക്കുന്നതിന് തുല്യമാണെന്നാണ് കണക്കാക്കപ്പെടുന്നത്. സൂക്ഷ്മ കണികകൾ (PM2.5), വാഹനങ്ങളിൽ നിന്നുള്ള പുക, മലിനീകരണം, പൊടി എന്നിവ ശ്വാസകോശത്തിലേക്ക് എത്തുകയും ചെയ്യും

  • വീടിന് അകത്ത് നിന്നുള്ള വായു മലിനീകരണം

വീടിന് അകത്തുള്ള പൊടിപടലങ്ങൾ, പൂപ്പൽ, ക്ലീനിംഗ് ഉൽപ്പന്നങ്ങളിലെ രാസവസ്തുക്കൾ, വിവിധ ചന്ദനതിരികൾ, കൊതുക് തിരി, സുഗന്ധദ്രവ്യങ്ങൾ ചേർത്ത മെഴുകുതിരികൾ എന്നിവ നിരന്തരം ഉപയോഗിക്കുന്നതിലൂടെ ശ്വാസനാളത്തിൽ പ്രശ്‌നങ്ങൾ ഉണ്ടാവും

  • നിർമാണമേഖല

നിർമാണ പ്രവർത്തികൾ, സലൂൺ എന്നിവയിൽ ജോലി ചെയ്യുന്നവർക്കും അതുമായി ബന്ധപ്പെട്ട് നിൽക്കുന്നവർക്കും ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ പിടിക്കാനുള്ള സാധ്യത കൂടുതലാണ്. ഇവിടെ നിന്ന് ഉണ്ടാവുന്ന പൊടികളും പുകകളും രാസ നിരാവിയും ആവർത്തിച്ച് ശ്വസിക്കുന്നതിലൂടെ ദീർഘകാല അസുഖങ്ങൾ ബാധിച്ചേക്കാം.

  • തിരിച്ചറിയപ്പെടാത്ത അലർജികൾ

തിരിച്ചറിയപ്പെടാത്ത അലർജികളും ആസ്ത്മയും ഗുരുതര രോഗങ്ങളായി മാറാം. പുകവലിക്കാത്തവരിൽ പോലും,പൂമ്പൊടി, വളർത്തുമൃഗങ്ങളുടെ രോമം, വായു മലിനീകരണം എന്നിവ പ്രശ്‌നങ്ങളായി വരും.

  • ജീവിതശൈലിയിൽ വരുന്ന മാറ്റങ്ങൾ

ജീവിതശൈലിയിൽ വരുന്ന മാറ്റങ്ങളും ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ ഉണ്ടാക്കും. മോശം ഭക്ഷണക്രമം, സമ്മർദ്ദം, മോശം ഉറക്കരീതികൾ എന്നിവയിലൂടെ രോഗപ്രതിരോധശേഷി കുറയുകയും ജീവിതശൈലി തകരാറിലാവുകയും ചെയ്യും. ഇതിലൂടെ ശ്വാസകോശ അണുബാധ ഉണ്ടാവാനുള്ള സാധ്യത കൂടുതലാണ്.

  • ഇ- സിഗരറ്റും വാപ്പിങും

പുകവലിക്കുന്നതിനേക്കാൾ സുരക്ഷിതമാണ് വാപ്പിംഗ് എന്ന് കരുതുന്നവരാണ് കൂടുതൽ പേരും. എന്നാൽ ഇ-സിഗരറ്റുകൾ ശ്വാസകോശത്തിലെ കലകൾക്ക് പരിക്കേൽപ്പിക്കുന്നതിനും വീക്കം ഉണ്ടാക്കുന്നതിനും കാരണമാകുന്നുണ്ട്. ഇത് കൂടുതൽ ഗുരുതരമായ രോഗങ്ങൾക്ക് കാരണമാവും.


( ഈ ലേഖനം വിവരങ്ങള്‍ പങ്കുവയ്ക്കുന്നതിന് വേണ്ടിയുള്ളതാണ്. ആരോഗ്യ സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് എപ്പോഴും ഒരു ഡോക്ടറുടെ സേവനം തേടേണ്ടത് അത്യാവശ്യമാണ് )

Content Highlights: Reasons for the rise in lung diseases even among young non-smokers

dot image
To advertise here,contact us
dot image