പ്രാവുകള്‍ ശ്വാസകോശ രോഗങ്ങള്‍ക്ക് കാരണമാകുന്നു; 'ഖബൂതര്‍ ഖാനാ' അടച്ചുപൂട്ടി മഹാരാഷ്ട്ര

പ്രാവുകള്‍ക്ക് തീറ്റ നല്‍കുന്ന ഇടങ്ങളെ 'ഖബൂതര്‍ ഖാനാ' എന്നാണ് വിളിക്കുന്നത്

dot image

മുംബൈ നഗരത്തിലെത്തുന്നവരുടെ കണ്ണുകള്‍ ഉടക്കുന്ന ഒരു സ്ഥിരം കാഴ്ചയാണ് പ്രാവുകള്‍ക്ക് തീറ്റ നല്‍കുന്നയിടങ്ങള്‍. ഇനി മുംബൈയില്‍ ഇത്തരം ഇടങ്ങള്‍ പാടില്ലെന്ന കര്‍ശന നിര്‍ദേശമാണ് മഹാരാഷ്ട്ര സര്‍ക്കാര്‍ നല്‍കിയിരിക്കുന്നത്. പ്രാവുകള്‍ക്ക് തീറ്റനല്‍കുന്ന ഇടങ്ങളെ 'ഖബൂതര്‍ ഖാനാ' എന്നാണ് വിളിക്കുന്നത്. തീറ്റ കഴിക്കാനെത്തുന്ന പ്രാവുകളുടെ വിസര്‍ജ്യം ആരോഗ്യ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നുവെന്ന് വ്യക്തമായതോടെയാണ് സര്‍ക്കാര്‍ പുതിയ നിര്‍ദേശം നല്‍കിയത്.

പ്രാവുകളുടെ വിസര്‍ജ്യവും അവയുടെ തൂവലുകളും ഖബൂതര്‍ ഖാനയുടെ ചുറ്റുപാടുമുള്ളവര്‍ക്ക് ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങള്‍ ഉണ്ടാവാന്‍ കാരണമാകുന്നുവെന്ന് ശിവസേന നേതാവ് മനീഷ് കായണ്ടേയാണ് നിയമസഭയില്‍ ചൂണ്ടിക്കാട്ടിയത്. പിന്നാലെ ബിജെപി നേതാവ് ചിത്ര വാഗും തന്റെ അമ്മായിയുടെ മരണത്തിന് കാരണം ഇത്തരത്തിലുണ്ടായ ശ്വാസകോശ പ്രശ്‌നമാണെന്ന് സഭയെ അറിയിച്ചു.

മുംബൈ നഗരത്തില്‍ മാത്രം 51 ഖബൂതര്‍ ഖാനകളാണ് നിലവിലുള്ളത്. പ്രശ്‌നം ഗുരുതരമായതോടെ എല്ലാ ഖബൂതര്‍ ഖാനകളും അടയ്ക്കാന്‍ ബിഎംസിക്ക് നിര്‍ദേശം നല്‍കി. ഒപ്പം ജനങ്ങളെ ബോധവത്കരിക്കാനുള്ള നടപടികളും സ്വീകരിച്ചിട്ടുണ്ട്. പ്രശസ്തമായ ദാദാര്‍ ഖബൂതര്‍ ഖാന രണ്ട് ദിവസം അടച്ചിട്ടെങ്കിലും വീണ്ടും അവിടെ പക്ഷികള്‍ക്ക് തീറ്റ നല്‍കാന്‍ ആരംഭിച്ചിരുന്നു.

അതേസമയം സാന്‍ദാക്രൂസ് ഈസ്റ്റ്, ദൗലത്ത് നഗര്‍ എന്നിവിടങ്ങളിലെ ഖബൂതര്‍ ഖാനകള്‍ പൂട്ടി അവിടങ്ങളില്‍ ബിഎംസി ട്രാഫിക്ക് ഐലന്റും മിയാവാക്കി തോട്ടവും ഉണ്ടാക്കിയതായി അധികൃതര്‍ അറിയിച്ചിട്ടുണ്ട്. ഗിര്‍ഗോം ചൗപ്പട്ടിയെന്ന ഇടത്ത് പ്രാവുകള്‍ പിസയും ബര്‍ഗറും വരെ തിന്നുണ്ടെന്നാണ് അധികൃതര്‍ പറയുന്നത്.

Content Highlights: Maharashtra Govt ordered to shut down kabootar khanas

dot image
To advertise here,contact us
dot image