നിലത്ത് വീണുകിടക്കുന്ന പഴങ്ങള്‍ കഴിക്കല്ലേ..; പ്രതിരോധിക്കാം നിപ്പയെ

നിപ ഈ വർഷവും ക്ഷണിക്കാതെ തന്നെ വിരുന്നെത്തിയ സ്ഥിതിക്ക് എന്തൊക്കെ മുൻകരുതലെടുക്കാം

dot image

നിപ വൈറസ് വീണ്ടും കേരളത്തിൽ ആശങ്ക പരത്താൻ എത്തിയിരുന്നു. കേരളത്തിൽ നിപ വൈറസ് ആദ്യമായി സ്ഥിരീകരിച്ചത് മുതൽ വവ്വാൽ നമ്മുടെ പ്രധാന ശത്രുക്കളുടെ ലിസ്റ്റിലേക്ക് മാറ്റപ്പെട്ടു. വീട്ടിലെ കുട്ടികൾ പഴങ്ങൾ കഴിക്കുന്നേയില്ല എന്ന് പരാതി പറഞ്ഞിരുന്ന അമ്മമാർ പഴങ്ങൾ വാങ്ങിക്കൊടുക്കാനോ, പറിച്ച് കൊടുക്കാനോ ഒന്ന് മടിച്ചു തുടങ്ങി. ഇപ്പോൾ വേനൽക്കാലം കഴിഞ്ഞ് മഴക്കാലം തുടങ്ങുമ്പോഴേക്കും നിപ വൈറസ് എന്ന ക്ഷണിക്കപ്പെടാത്ത അതിഥി കേരളത്തിലേക്ക് വിരുന്ന് വരാൻ തുടങ്ങി. ഇപ്പോൾ കേരളത്തിലെ വീടുകളിലെല്ലാം ആശങ്കയാണ് എന്തെല്ലാം കഴിക്കാം, ഏതൊക്കെ പഴങ്ങൾ ഒഴിവാക്കണം. എന്തിലൂടെ രോഗം പകരും എന്നൊക്കെ. എന്നാൽ നിപ ഈ വർഷവും വിരുന്നെത്തിയ സ്ഥിതിക്ക് ഒരു മുൻകരുതൽ എന്ന നിലയിൽ എന്തൊക്കെ ശ്രദ്ധിക്കണമെന്ന് നോക്കാം.

നിലത്ത് വീണതോ, പക്ഷികളോ വവ്വാലോ തുടങ്ങി എന്തെങ്കിലും ജീവികൾ കഴിച്ചതോ ആയി കാണപ്പെടുന്ന പഴങ്ങൾ ഉപയോഗിക്കാതിരിക്കുക. പലപ്പോഴും ഇത്തരത്തിൽ എന്തെങ്കിലും ജീവികൾ കടിച്ച് ഉപേക്ഷിച്ച് പഴങ്ങൾ ആ ഭാഗം മുറിച്ച് കളഞ്ഞ് കഴുകി ഉപയോഗിക്കുന്ന ശീലമുണ്ട്. എന്നാൽ ആ ശീലം ഒഴിവാക്കുക. പഴങ്ങൾ എത്ര വൃത്തിയായി കഴുകിയാലും വൈറസിന്റെ സാന്നിധ്യം അവശേഷിക്കും അതിനാൽ ഏതെങ്കിലും ജീവികൾ കഴിച്ചതിന്റെ ബാക്കി പഴങ്ങൾ ഒഴിവാക്കാം.

നിലത്ത് വീണ പഴങ്ങൾ പെറുക്കി ഉപയോഗിക്കുന്നതിനെക്കാൾ സുരക്ഷിതമാണ് നേരിട്ട് മരത്തിൽ നിന്ന് പറിച്ച് ഉപയോഗിക്കുന്നത്. പക്ഷെ മരത്തിൽ നിന്ന് നേരിട്ടാണെങ്കിലും പക്ഷി കൊത്തിയതോ, എന്തെങ്കിലും കേടുകൾ കാണപ്പെടുന്നതോ ആയ പഴങ്ങൾ ഉപയോഗിക്കുന്നത് നിർത്തുക.

കടയിൽ നിന്ന് പഴങ്ങൾ വാങ്ങുമ്പോൾ ഈ സമയത്ത് പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. നമ്മുടെ വീടുകളിൽ നിന്ന് നമുക്ക് ലഭിക്കുന്ന പഴങ്ങൾ പോലെ വിശ്വസിച്ച് ഉപയോഗിക്കാവുന്നവയല്ല കടയിൽ നിന്ന് വാങ്ങുന്ന പഴങ്ങൾ. ചെറിയ രീതിയിലെങ്കിലും പക്ഷി കൊത്തിയതോ, കേട് വന്നതോ ആയ പഴങ്ങൾ ഉപയോഗിക്കേണ്ടതില്ല.

പഴങ്ങളിലെ നിറ വ്യത്യാസം ശ്രദ്ധിക്കേണ്ട മറ്റൊരു പ്രധാനപ്പെട്ട കാര്യമാണ്. പഴം കാണുമ്പോൾ നിറത്തിൽ വ്യത്യാസം തോന്നുകയാണെങ്കിൽ ആ പഴം ഉപയോഗിക്കാതിരിക്കുക.

പഴങ്ങൾ കഴിക്കുന്നതിന് മുൻപ് അൽപസമയം വെള്ളത്തിൽ മുക്കിവെക്കുക. 15-20 മിനിട്ട് വരെ വെള്ളത്തിൽ ഇട്ടുവച്ച്, ഉപയോഗിക്കുമ്പോൾ ഒന്നുകൂടി കഴുകി എടുത്താൽ പഴങ്ങളിലെ അണുക്കളെ ഒരു പരിധി വരെ പ്രതിരോധിക്കാം.

തൊലിയുള്ള പഴങ്ങൾ തൊലി കളഞ്ഞ ശേഷം ഉപയോഗിക്കാൻ ശ്രമിക്കുക. തൊലി കളഞ്ഞ ശേഷം നന്നായി കഴുകി വൃത്തിയാക്കി പഴങ്ങൾ കഴിക്കുക. അതേസമയം വളർത്തുന്ന പഴങ്ങൾ നെറ്റ് ഉപയോഗിച്ച് മൂടി ഇടുന്നതും ഗുണം ചെയ്യും. കൂടാതെ കട്ടിയുള്ള തൊലിയുള്ള പഴങ്ങൾ അതിന്റെ തൊലി കളയുന്നതോടെ സുരക്ഷിതമാണ്. പക്ഷെ വൈറസും അണുക്കളും പഴത്തിനകത്തും ഉണ്ടായിരിക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ല.

ചാമ്പയ്ക്ക, പേരക്ക, സപ്പോട്ട, മാങ്ങ, റംബൂട്ടാൻ തുടങ്ങിയ പഴങ്ങൾ കഴിക്കുമ്പോൾ വളരെയധികം ശ്രദ്ധിക്കണം. ഇവ മരത്തിൽ നിന്ന് നേരിട്ട് പറിച്ചെടുക്കുന്നവയാണെങ്കിലും പക്ഷികളുമായുള്ള സമ്പർക്കത്തിനുള്ള സാധ്യത കൂടുതലാണ്.

Content Highlight; Precautions to Take When Buying Fruits Amid Confirmed Nipah Cases

dot image
To advertise here,contact us
dot image