
നമ്മുടെ ശരീരത്തിലെ ഓരോ മാറ്റങ്ങളും തിരിച്ചറിയേണ്ടത് നമ്മള്‍ തന്നെയാണ്. ശരീരത്തിലെ അസാധാരണമായ ഒരോ മാറ്റങ്ങളും വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. ഒന്നും നിസാരമായി തള്ളിക്കളയരുത്…
കൈയ്യിലോ കാലിലോ പെട്ടെന്ന് ഉണ്ടാകുന്ന ഒരു പൊട്ടല്‍, അല്ലെങ്കില്‍ മാറാത്ത ഒരു ചെറിയ വൃണം. ഇത്തരം ചെറിയ ചര്‍മ്മ പ്രശ്‌നങ്ങള്‍ സാരമില്ല എന്നുകരുതി അവഗണിക്കപ്പെടാറാണ് പതിവ്. എന്നാല്‍ ചിലതൊക്കെ നിരുപദ്രവകരമെന്ന് തോന്നുമെങ്കിലും അതൊക്കെ സ്‌കിന്‍ കാന്‍സറിന്റെ ഗുരുതരമായ ലക്ഷണങ്ങളായി മാറിയേക്കാം.
സ്‌കിന്‍ കാന്‍സര്‍ ചുവന്ന നിറത്തിലുള്ള പാടുകളായിത്തന്നെ ഉണ്ടാവണമെന്നൊന്നും ഇല്ല. ചില ചര്‍മ്മ പ്രശ്‌നങ്ങള്‍ നീണ്ടുനില്‍ക്കുമ്പോഴോ, അതിന് എന്തെങ്കിലും മാറ്റം ഉണ്ടാകുമ്പോഴോ അല്ലെങ്കില്‍ ചികിത്സ ചെയ്തിട്ടും മരുന്നുകളോട്
പ്രതികരിക്കാതിരിക്കുമ്പോഴോ ഒക്കെ വളരെ ശ്രദ്ധിക്കേണ്ടതാണ്. സ്‌കിന്‍ കാന്‍സറുമായി ബന്ധപ്പെട്ട് ശ്രദ്ധിക്കേണ്ട ചില ലക്ഷണങ്ങള്‍ ഇവയാണ്.
മുഖക്കുരു പോലെ തോന്നുകയും എന്നാല്‍ ആഴ്ചകള്‍ കഴിഞ്ഞിട്ടും സുഖപ്പെടാത്തതായ ഒരു മുഴ. രക്തസ്രാവമോ ചൊറിച്ചിലോ ഒക്കെ ഇതിനോടൊപ്പം ഉണ്ടായേക്കാം. ഏറ്റവും സാധാരണമായ ചര്‍മ്മ കാന്‍സറായ 'ബേസല്‍ സെല്‍ കാര്‍സിനോമ'യുടെ ലക്ഷണമാണിത്. സാധാരണ മുഖക്കുരുവില്‍ നിന്ന് വ്യത്യസ്തമായി പാടുകള്‍ പ്രതീക്ഷിച്ചതിലും കൂടുതല്‍ കാലം നിലനില്‍ക്കുകയും വെള്ള നിറത്തിലോ മെഴുക് പോലെ മിനിസമുള്ളതോ ആയി കാണപ്പെടുന്നു. ഈ ലക്ഷണം കണ്ടാല്‍ എത്രയും വേഗം വൈദ്യ സഹായം തേടേണ്ടിവരും.
'സ്‌ക്വാമസ് സെല്‍ കാര്‍സിനോമ' എന്നറിയപ്പെടുന്ന സ്‌കിന്‍ കാന്‍സര്‍ പലപ്പോഴും ചൊറിച്ചിലോ പൊട്ടലോ ഉണ്ടാക്കാവുന്നതും ചെതുമ്പല്‍ നിറഞ്ഞ ചുവന്ന പാടുകളായിട്ടുമാണ് ആരംഭിക്കുന്നത്. എക്‌സിമയ്ക്ക് സമാനമാണിത്. എന്നാല്‍ എക്‌സിമയില്‍ നിന്ന് വ്യത്യസ്തമായി ഇത് മോയിസ്ചറൈസറുകളോ സ്റ്റിറോയിഡ് ക്രീമുകളോടോ പ്രതികരിക്കാറില്ല. കാലക്രമേണ ഇത് കട്ടിയുള്ളതായി വളരുകയോ രക്തസ്രാവം ആരംഭിക്കുകയോ ചെയ്‌തേക്കാം. തണുപ്പുള്ള മാസങ്ങളില്‍ വരണ്ട പാടുകള്‍ കൂടുതല്‍ വഷളാവുകയോ ആകൃതിയോ നിറമോ മാറാന്‍ തുടങ്ങുകയോ ചെയ്താല്‍ ശ്രദ്ധിക്കേണ്ട കാര്യമാണ്.
ചര്‍മ്മ കാന്‍സറിന്റെ ഏറ്റവും മാരകമായ രൂപമായ 'മെലനോമ' പെട്ടെന്ന് പ്രത്യക്ഷപ്പെടുന്ന ഒന്നല്ല. പക്ഷേ വര്‍ഷങ്ങളായി ചര്‍മ്മത്തില്‍ നില്‍ക്കുന്ന ഒരു മറുക് ഇതിന്‍റെ സൂചനകള്‍ തന്നേക്കാം. മറുകിന്റെ ആകൃതിയിലോ വലിപ്പത്തിലോ നിറത്തിലോ മാറ്റം വരുമ്പോഴാണ് ആശങ്ക വേണ്ടത്. വളരുന്ന മറുകുകളും ചൊറിച്ചിലുണ്ടാകുന്ന മറുകുകളും ശ്രദ്ധിക്കേണ്ടതാണ്.
കൈകാല്‍ വിരലുകളിലെ നഖത്തിലുണ്ടാകുന്ന കടും തവിട്ട്, കറുപ്പ് നിറത്തിലുള്ള ലംബ വര 'സബംഗുവല്‍ മെലനോമ' എന്ന അപൂര്‍വ്വ തരം കാന്‍സറാണ്. വര വലുതാകാന്‍ തുടങ്ങിയാല്‍, കടുത്ത നിറമാകാന്‍ തുടങ്ങിയാലോ ഒരു നഖത്തില്‍ മാത്രം പ്രത്യക്ഷപ്പെട്ടാലോ അത് അവഗണിക്കരുത്. നഖങ്ങള്‍ക്കിടയില്‍ മറഞ്ഞിരിക്കുന്നതുകൊണ്ട് ഈ മെലനോമ വൈകിയാണ് കണ്ടുപിടിക്കാറുള്ളത്.
ത്വക്ക് അര്‍ബുദമായ ' ബേസല്‍ സെല്‍ കാര്‍സിനോമ' ചര്‍മ്മത്തില്‍ പരന്നതും തിളക്കമുളളതുമായ ഒരു പ്രദേശമായി കാണപ്പെടാം. ചര്‍മ്മത്തിന്റെ ആ പ്രദേശം മിനുസമാര്‍ന്നതോ. ചെറുതായി ഉറച്ചതോ അല്ലെങ്കില്‍ വിളറിയതോ ആയി കാണപ്പെടാം. വേദനയും ചൊറിച്ചിലും ഉണ്ടാകാത്തതുകൊണ്ട് ആരും പെട്ടെന്ന് ശ്രദ്ധിക്കുകയും ഇല്ല. ഇത്തരത്തില്‍ എന്തെങ്കിലും ലക്ഷണം കണ്ടാല്‍ ഒരു ത്വക്ക് രോഗ വിദഗ്ധനെ കണ്ട് ചികിത്സ തേടേണ്ടതാണ്.
Content Highlights :Know if you have skin cancer, don't ignore these symptoms