
തിരക്കേറിയ ജീവിത രീതിയില്‍ സമ്മര്‍ദ്ദവും, സ്ക്രീന്‍ സമയവും, ക്രമരഹിതമായ ഉറക്കവും ഒക്കെ കൊണ്ട് തലവേദന ഉണ്ടാകാറുണ്ട്. പലരും അതിനെ നിസാരമായിട്ടാണ് കാണാറുള്ളത്, പക്ഷേ തുടര്‍ച്ചയായി തലവേദന ഉണ്ടാകുമ്പോഴും ഇത് തള്ളിക്കളയുന്നത് അത്ര നല്ല കാര്യമല്ലെന്ന് പറയുകയാണ് ഇന്ത്യന്‍ സ്പൈനല്‍ ഇന്‍ജുറീസ് സെന്റര്‍, കണ്‍സള്‍ട്ടന്റ് ന്യൂറോളജിസ്റ്റായ ഡോ. അപര്‍ണ ഗുപ്ത. 'ടൈംസ് നൗ' വില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യത്തെക്കുറിച്ച് പറഞ്ഞത്.
ഇത്തരം തലവേദനകള്‍ രക്തസമ്മര്‍ദ്ദം മൂലമായിരിക്കാമെന്നാണ് ഡോക്ടര്‍ പറയുന്നത്. ഹൈപ്പര്ടെന്ഷന്(രക്താതിമര്‍ദ്ദം) അല്ലെങ്കില്‍ ഹൈ ബ്ലഡ് പ്രഷര്‍ (ഉയര്‍ന്ന രക്ത സമ്മര്‍ദ്ദം) എന്ന് അറിയപ്പെടുന്ന ഈ അവസ്ഥ അപകടമാംവിധം ഉയര്‍ന്ന നിലയില്‍ എത്തുന്നതുവരെ സാധാരണയായി ലക്ഷണങ്ങളൊന്നും കാണിക്കില്ല. പക്ഷേ വേദനാജനകമായ ഒരു തലവേദന ഉണ്ടാകാം. ഇത് അവഗണിക്കരുതെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. തലച്ചോറിലെ ധമനികളില്‍ രക്തം പ്രവഹിക്കുന്ന ശക്തിയാണ് രക്താതിമര്‍ദ്ദം. ഇത് പരോക്ഷമായ തലവേദനയ്ക്ക് കാരണമാകുന്നുവെന്നും ഡോ. അപര്‍ണ ഗുപ്ത പറയുന്നു. (രക്തചംക്രമണ പ്രക്രിയയില്‍ രക്തസമ്മര്‍ദ്ദത്തിന്റെ അളവ് വര്‍ദ്ധിക്കുന്നതിലൂടെ അടയാളപ്പെടുത്തുന്ന ഒരു ആരോഗ്യ അവസ്ഥയാണ് രക്താതിമര്‍ദ്ദം. നിശബ്ദ കൊലയാളി എന്നും അറിയപ്പെടുന്ന രക്താതിമര്‍ദ്ദം ലോകത്തിലെ മരണത്തിന്റെ പ്രധാന കാരണങ്ങളിലൊന്നാണ്).
കഠിനവും വിട്ടുമാറാത്തതുമായ തലവേദന പലപ്പോഴും ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തിലേക്ക് നയിക്കുമെന്ന് ഡോ. അപര്‍ണ പറയുന്നു. പല കാരണങ്ങള്‍ കൊണ്ട് തലവേദന ഉണ്ടാകുമ്പോഴും ഇവയെല്ലാം പരോക്ഷമായി രക്ത സമ്മര്‍ദ്ദം വര്‍ധിപ്പിക്കും. ഇതിനെ 'പ്രതിപ്രവര്‍ത്തന രക്തസമ്മര്‍ദ്ദം' എന്നാണ് വിളിക്കുന്നത്. അതുകൊണ്ടുതന്നെ നീണ്ടുനില്‍ക്കുന്ന തലവേദന ഉണ്ടാകുമ്പോള്‍ ഒരു ഡോക്ടറെ സന്ദര്‍ശിച്ച് കൃത്യമായ കാരണം കണ്ടെത്തേണ്ടതാണ്.
ഹൈപ്പര്ടെന്ഷന് കൊണ്ടുള്ള തലവേദന എങ്ങനെയാണ് ഉണ്ടാകുന്നത്
സാധാരണ ടെന്‍ഷന്‍ വരുമ്പോഴുളള തലവേദനയില്‍നിന്ന് വ്യത്യസ്തമായി രക്താതിമര്‍ദ്ദവുമായി ബന്ധപ്പെട്ട തലവേദന സ്പന്ദിക്കുന്നതുപോലെ തോന്നുന്നതാണ്. തലയുടെ പിന്‍ഭാഗത്ത് വേദന അനുഭവപ്പെടുന്നതായും തോന്നാറുണ്ട്. സാധാരണയായി രാവിലെയാണ് തലവേദന കൂടുതലായും കാണപ്പെടുന്നത്. ഈ തലവേദനയ്ക്കൊപ്പം ക്ഷീണം, തലകറക്കം, മങ്ങിയ കാഴ്ച, അല്ലെങ്കില്‍ നെഞ്ചിലോ ചെവിയിലോ ഇടിക്കുന്നതുപോലുള്ള അവസ്ഥ എന്നിവയും ഉണ്ടാകാം. ഉയര്‍ന്ന രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാതിരിക്കുകയാണെങ്കില് അത് പക്ഷാഘാതം, ഹൃദയാഘാതം, വൃക്ക തകരാറുകള്‍ പോലെയുളള അപകടകരമായ സങ്കീര്‍ണതകളിലേക്ക് പോകാം.ഉയര്‍ന്ന രക്തസമ്മര്‍ദ്ദമുള്ളവര്‍ക്ക് പലപ്പോഴും രോഗ ലക്ഷണങ്ങള്‍ അനുഭവപ്പെടില്ല എന്ന് ഡോക്ടര്‍മാര്‍ പറയുന്നു. അതിനാലാണ് രക്താതിമര്‍ദ്ദത്തെ ':നിശബ്ദ കൊലയാളി' എന്ന് വിളിക്കുന്നത്.
തലവേദനയും ഉയര്‍ന്ന രക്തസമ്മര്‍ദ്ദവും ഉണ്ടെങ്കില്‍ ഉടന്‍തന്നെ ഡോക്ടറെ കാണേണ്ടതാണ്. ചികിത്സിച്ചില്ലെങ്കില്‍ അവയവങ്ങള്‍ക്ക് കേടുപാടോ അനാവശ്യ പാര്‍ശ്വഫലങ്ങളോ ഉണ്ടാകാന്‍ സാധ്യതയുണ്ട്.
Content Highlights :Not all headaches are normal. What is the connection between high blood pressure and headaches?