
ശരീരത്തിലെ രക്തചംക്രമണത്തിന്റെ ശബ്ദം പോലും കേള്‍ക്കാന്‍ കഴിയുന്നത്ര നിശബ്ദമായ സ്ഥലമുണ്ടെന്ന് പറഞ്ഞാല്‍ വിശ്വസിക്കാന്‍ കഴിയുമോ? എന്നാല്‍ ലോകത്ത് അങ്ങനെ ഒരു സ്ഥലമുണ്ട്. അമേരിക്കന്‍ സംസ്ഥാനമായ മിനസോട്ടയിലെ മിനിയപ്പലിസിലാണ് രക്തചംക്രമണത്തിന്റെ ശബ്ദം പോലും കേള്‍ക്കാന്‍ കഴിയുന്നത്ര നിശബ്ദമായ മുറിയുള്ളത്. കേള്‍ക്കുമ്പോള്‍ വളരെ കൗതുകകരമാണെങ്കിലും, ഭൂരിഭാഗം ആളുകള്‍ക്കും അധികസമയം ഈ മുറിക്കുള്ളില്‍ ചിലവഴിക്കാന്‍ കഴിയില്ല. ഭൂമിയിലെ ഏറ്റവും ശാന്തമായ സ്ഥലം എന്ന ഗിന്നസ് റെക്കോര്‍ഡ് നേടിയിരിക്കുന്ന ഈ മുറി ഓര്‍ഫീല്‍ഡ് ലബോറട്ടറീസിലെ അനോയിക് ചേമ്പറാണ്.
2019 നവംബര്‍ 19ന് രേഖപ്പെടുത്തിയ കണക്കുകള്‍ പ്രകാരം പ്രപഞ്ചത്തിലെ ഏത് സ്ഥലത്തും സാധാരണമായി ഉണ്ടാകുന്ന നിശബ്ദതയെക്കാള്‍ എത്രയോ അധികമാണ് അനോയിക്ക് ചേമ്പറിലെ നിശബ്ദത. ഇവിടുത്തെ ശബ്ദത്തിന്‍റെ അളവ് ശാസ്ത്രീയ ഉപകരണങ്ങള്‍ക്ക് അളക്കാന്‍ കഴിയുന്നതിലും താഴെയാണ്.
റൂമിന്റെ പ്രത്യേകത
ഇത് ഒരു സാധാരണ മുറിയല്ല. സ്റ്റീലും, കോണ്‍ഗ്രീറ്റും കൊണ്ട് നിര്‍മ്മിച്ച രണ്ട് പാളികള്‍ ഒന്നിനുള്ളില്‍ മറ്റൊന്ന് എന്ന നിലയില്‍ ക്രമീകരിച്ചുകൊണ്ടാണ് മുറി നിര്‍മ്മിച്ചിരിക്കുന്നത്. പുറം ഭിത്തികള്‍ ശക്തമായ ഇഷ്ടികയും, സ്റ്റീലും കൊണ്ട് നിര്‍മ്മിച്ചിരിക്കുന്നു. പുറത്ത് നിന്നുള്ള എല്ലാ ശബ്ദങ്ങളും തടയുന്നതിനായി പ്രത്യേക സജ്ജീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ട്. നിലത്ത് ഗ്ലാസ് ഫൈബര്‍ കൊണ്ട് നിര്‍മ്മിച്ച വെഡ്ജ് ആകൃതിയിലുള്ള വലിയ പാനലുകള്‍ നിരത്തിയിരിക്കുന്നു. ഇത് ശബ്ദതരംഗങ്ങളെ മുറിയിലേക്ക് കടക്കാതെ പിടിച്ചെടുക്കുന്നു.
മുറിയ്ക്കകത്തേക്ക് കടക്കുമ്പോള്‍ ശൂന്യതയിലേക്ക് കാലെടുത്തുവയ്ക്കുന്നത് പോലെയാണ് അനുഭവപ്പെടുക. നമ്മുടെ ഒരു സാധാരണ കിടപ്പുമുറിയുടെ മാത്രം വലിപ്പമുള്ള മുറിയാണ് ഇത്, എന്നാല്‍ നിശബ്ദത അത് ഏറെ വിശാലമാണെന്ന് തോന്നിക്കും.
മുറിയില്‍ പ്രവേശിക്കുമ്പോള്‍ നിങ്ങളുടെ ശരീരത്തിന് എന്ത് സംഭവിക്കും?
ഇത്രയധികം നിശബ്ദത മനുഷ്യന് സമ്മാനിക്കുക വിചിത്രമായ അനുഭവമാണ്. പല ആളുകള്‍ക്കും ഇത് വളരെ അസ്വസ്ഥതയുണ്ടാക്കാനും സാധ്യതയുണ്ട്. ഇത്രയും നിശബ്ദത ആളുകള്‍ക്ക് വളരെ അപരിചിതമായ അനുഭവമാണ്. മറ്റ് ശബ്ദങ്ങളൊന്നും കേള്‍ക്കാതെ വരുമ്പോള്‍ തലച്ചോര്‍ നമ്മുടെ ആന്തരിക ശബ്ദങ്ങളിലേക്ക് ശ്രദ്ധ തിരിക്കുന്നു. ഇത് ചിലപ്പോള്‍ തലകറക്കമോ, ഉത്കണ്ഠയോ ഉണ്ടാക്കാനും സാധ്യതയുണ്ട്.
പരിചിതമല്ലാത്ത ഈ അന്തരീക്ഷത്തില്‍ 45 മിനിട്ടില്‍ കൂടുതല്‍ ചിലവഴിക്കാന്‍ അനുവാദമില്ല. ഭയാനകമായി തോന്നുമെങ്കിലും ഈ ചേമ്പറിന് പ്രത്യേക ലക്ഷ്യങ്ങളുണ്ട്. എയറോസ്‌പേസ്, ടെലികമ്മ്യൂണിക്കേഷന്‍സ്, ഓഡിയോ എഞ്ചിനീയറിങ് എന്നീ മേഖലകളില്‍ ഇത് ഉപയോഗകരമാണ്.
Content Highlight; Step Inside the Quietest Place on Earth, Where You Can Hear Your Own Blood Flow