വിറ്റാമിന്‍ ഡി യുടെ കുറവും ഗര്‍ഭാശയ മുഴകളും തമ്മിലുള്ള ബന്ധം ആശങ്കാജനകമെന്ന് പഠനം

വിറ്റാമിന്‍ ഡി സപ്ലിമെന്റുകള്‍ കഴിച്ച സ്ത്രീകള്‍ക്ക് പ്രായമാകുമ്പോഴും ഫൈബ്രോയിഡുകളുടെ വലിപ്പം കുറവാണെന്നും ട്യൂമര്‍ വളര്‍ച്ച മന്ദഗതിയിലാണെന്നും ചില ക്ലിനിക്കല്‍ പഠനങ്ങള്‍ തെളിയിക്കുന്നു.

dot image

പ്രത്യുല്‍പാദന പ്രായത്തില്‍ ധാരാളം സ്ത്രീകള്‍ക്ക് ഗര്‍ഭാശയ മുഴകള്‍ ഉണ്ടാകാറുണ്ട്. ഇത് ദോഷകരമല്ലെങ്കിലും വേദന, ക്രമരഹിതമായ ആര്‍ത്തവം തുടങ്ങിയ പ്രശ്‌നങ്ങള്‍ക്ക് കാരണമാകും. വിറ്റാമിന്‍ ഡി യുടെ കുറവും ഇത്തരം ഫൈബ്രോയിഡുകളുടെ വളര്‍ച്ചയും വികാസവും തമ്മില്‍ ബന്ധമുണ്ടെന്ന് പുതിയ ഗവേഷണങ്ങള്‍ പറയുന്നു.

എന്താണ് ഗര്‍ഭാശയ മുഴകള്‍

ലിയോമയോമകള്‍ അല്ലെങ്കില്‍ മയോമകള്‍ എന്നറിയപ്പെടുന്ന ഗര്‍ഭാശയ മുഴകള്‍ ഗര്‍ഭാശയത്തിലെ മൃദുപേശി കോശങ്ങളില്‍ നിന്ന് വികസിക്കാന്‍ തുടങ്ങുന്ന അര്‍ബുദരഹിതമായ (ബെനിന്‍) വളര്‍ച്ചകളാണ്. അവ പെട്ടെന്ന് ഉണ്ടാകാം അല്ലെങ്കില്‍ കാലക്രമേണ പടരാം, എണ്ണത്തില്‍ വ്യത്യാസമുണ്ടാകാം, വലുതോ ചെറുതോ ആകാം, കൂടാതെ വലിയ തോതില്‍ ആര്‍ത്തവ രക്തസ്രാവം, പെല്‍വിക് വേദന, പ്രത്യുല്‍പാദനപരമായ പ്രശ്‌നങ്ങള്‍ എന്നിവയ്ക്കും കാരണമാകാം. പല രാജ്യങ്ങളിലും പ്രസവിക്കുന്ന പ്രായത്തിലുള്ള സ്ത്രീകളില്‍ പോലും ഹിസ്റ്റെരെക്ടമി (ഗര്‍ഭാശയം ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്യല്‍)യുടെ പ്രധാന കാരണം ഫബ്രോയിഡുകളാണ്. ഇത് പലപ്പോഴും സ്വാഭാവികമായി ഒരു കുഞ്ഞ് ജനിക്കാന്‍ കഴിയാത്ത അവസ്ഥയിലേക്ക് നയിക്കുന്നു.

വിറ്റാമിന്‍ ഡി യുടെ കുറവും ഫൈബ്രോയിഡുകളും

ഗര്‍ഭാശയ മുഴകള്‍ ഉള്ള സ്ത്രീകള്‍ക്ക് മുഴകള്‍ ഇല്ലാത്ത സ്ത്രീകളെ അപേക്ഷിച്ച് വിറ്റാമിന്‍ ഡിയുടെ അളവ് ഗണ്യമായി കുറവാണെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. ഫൈബ്രോയിഡുകള്‍(മുഴകള്‍) ഉള്ള സ്ത്രീകളില്‍ വിറ്റാമിന്‍ ഡി യുടെ കുറവ് കൂടുതലായി കാണപ്പെടുന്നു. മാത്രമല്ല വിറ്റാമിന്‍ ഡിയുടെ കുറവുള്ളവര്‍ക്ക് മുഴകളുടെ വലിപ്പം കൂടുന്നതായും കണ്ടുവരുന്നുണ്ട്.ഗവേഷകരുടെ അഭിപ്രായത്തില്‍ വിറ്റാമിന്‍ ഡി കോശ വളര്‍ച്ചയെ നിയന്ത്രിക്കാന്‍ സഹായിക്കുകയും ഗര്‍ഭാശയ പേശി കോശങ്ങളുടെ അമിതമായ വ്യാപനം തടയുകയും ചെയ്യുന്നു. വിറ്റാമിന്‍ ഡി യുടെ അളവ് കുറയുമ്പോള്‍ ഈ പ്രക്രീയ ദുര്‍ബലമാകുകയും ഫൈബ്രോയിഡുകള്‍ വേഗത്തില്‍ വളരാന്‍ അനുവദിക്കുകയും ചെയ്യുന്നു. വിറ്റാമിന്‍ ഡി യ്ക്ക് ഫൈബ്രോയിഡ് കോശ വളര്‍ച്ച കുറയ്ക്കാനും മുഴകള്‍ ചുരുക്കാനും കഴിയുമെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്.

വിറ്റാമിന്‍ ഡി യുടെ കുറവും ഫൈബ്രോയിഡുകളും തമ്മിലുള്ള ബന്ധം ആശങ്കാജനകം

വിറ്റാമിന്‍ ഡി യുടെ കുറവും ഫൈബ്രോയിഡുകളും തമ്മിലുള്ള ബന്ധം ആശങ്കാജനകമാണ്. ആഫ്രിക്കന്‍ അമേരിക്കന്‍ സ്ത്രീകളിലും ഇന്ത്യക്കാരിലും വിറ്റാമിന്‍ ഡി യുടെ കുറവും ഫൈബ്രോയിഡുകളും ഉണ്ടാകാന്‍ സാധ്യത കൂടുതലാണ്. വിറ്റാമിന്‍ ഡി യുടെ കുറവ് നിലവിലുള്ള ഫൈബ്രോയിഡുകളുടെ വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുന്നതുപോലുള്ള സങ്കീര്‍ണതകള്‍ക്ക് കാരണമാകുന്നു.

ഫൈബ്രോയിഡുകളുടെ ചികിത്സയ്ക്ക് വിറ്റാമിന്‍ ഡി

ഫൈബ്രോയിഡുകളുടെ സാധ്യത കുറയ്ക്കുന്നതിനും അവയുടെ വളര്‍ച്ച നിയന്ത്രിക്കുന്നതിനുമുള്ള ലളിതവും സുരക്ഷിതവും ചെലവ് കുറഞ്ഞതുമായ ഒരു മാര്‍ഗമാണ് വിറ്റാമിന്‍ ഡി സപ്ലിമെന്റുകള്‍ കഴിക്കുന്നതെന്ന് ഡോക്ടര്‍മാര്‍ അഭിപ്രായപ്പെടുന്നു. വിറ്റാമിന്‍ ഡി സപ്ലിമെന്റുകള്‍ കഴിച്ച സ്ത്രീകള്‍ക്ക് പ്രായമാകുമ്പോള്‍ ഫൈബ്രോയിഡുകളുടെ വലിപ്പം കുറവാണെന്നും ട്യൂമര്‍ വളര്‍ച്ച മന്ദഗതിയിലാണെന്നും ക്ലിനിക്കല്‍ പഠനങ്ങളിലൂടെ തെളിയിക്കപ്പെട്ടിട്ടുണ്ട്. എന്നാലും ഇത് സ്ഥിരീകരിക്കാന്‍ കൂടുതല്‍ പഠനങ്ങള്‍ ആവശ്യമുണ്ട്.

( ആരോഗ്യ സംബന്ധമായ സംശയങ്ങള്‍ക്ക് വിദഗ്ധരുടെ സഹായം തേടേണ്ടത് എപ്പോഴും അത്യാവശ്യമാണ്)

Content Highlights :Study finds link between vitamin D deficiency and uterine tumors worrisome

dot image
To advertise here,contact us
dot image