

കൊല്ലം: ആശുപത്രിയിലെ ഡ്യൂട്ടിക്കിടെ ഡോക്ടർ വന്ദനാദാസ് കൊല്ലപ്പെട്ട കേസില്‍ പ്രതി സന്ദീപിന് ജീവപര്യന്തം ശിക്ഷ ലഭിച്ച വിധിയിൽ പ്രതികരിച്ച് ഡോക്ടർ വന്ദനാദാസിൻ്റെ മാതാപിതാക്കൾ. മകൾക്ക് നീതി കിട്ടിയോയെന്ന് ഇപ്പോൾ പറയാൻ കഴിയില്ലെന്നും തൻ്റെ മകൾ അനുഭവിച്ച വേദന പ്രതിയും അറിയണമെന്നുമാണ് ഡോക്ടർ വന്ദനാദാസിൻ്റെ അമ്മ പ്രതികരിച്ചത്. 27 കുത്തുകളേറ്റാണ് മകൾക്ക് ജീവൻ നഷ്ടമായതെന്നും മകളെ രക്ഷിക്കാൻ പോലും ആരും ഉണ്ടായിരുന്നില്ലെന്നും വന്ദനയുടെ അമ്മ പറഞ്ഞു. നിയമത്തിന് കൊടുക്കാൻ പറ്റിയ വിധി ഇതായിരിക്കാം എന്നാൽ പ്രതിക്ക് വധശിക്ഷ കിട്ടണമെന്നും അഭിപ്രായപ്പെട്ടു. അതേസമയം വിധിയിൽ ആശ്വാസമുണ്ടെന്നും കേസുമായി ഇനിയും അപ്പീൽ പോകുമെന്നും ഡോക്ടർ വന്ദനാദാസിൻ്റെ അച്ഛൻ പ്രതികരിച്ചു.
കൊല്ലം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് ഡ്യൂട്ടിക്കിടെ ഡോക്ടർ വന്ദനാദാസ് കൊല്ലപ്പെട്ട കേസില്‍ ജീവപര്യന്തം ശിക്ഷയും ഒരു ലക്ഷം രൂപ പിഴയും വിധിച്ചത്. കേസിൽ പ്രതി കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയിരുന്നു. കേസില്‍ എഴുപതില്‍ അധികം സാക്ഷികളെ കോടതിയില്‍ വിസ്തരിച്ചിരുന്നു. പിന്നാലെയാണ് കോടതി നിർണായകമായ ശിക്ഷ വിധിച്ചത്.
2023 മെയ് 10നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ജോലിക്കിടെ ചികിത്സയ്ക്ക് കൊണ്ടുവന്ന രോഗിയായ സന്ദീപ് ഡോ. വന്ദനയെ ആക്രമിക്കുകയായിരുന്നു. അയല്‍വാസിയുമായുള്ള സംഘര്‍ഷത്തില്‍ പരിക്കേറ്റ് ചികിത്സയ്ക്കായി പൊലീസുകാര്‍ ആശുപത്രിയില്‍ എത്തിച്ചതായിരുന്നു കേസിലെ പ്രതിയായ സന്ദീപിനെ. പരിശോധനയ്ക്ക് പിന്നാലെ സന്ദീപ് പ്രകോപിതനാകുകയും ആശുപത്രിയില്‍ എത്തിച്ച അയല്‍വാസിയെ ആദ്യം ആക്രമിക്കുകയും ചെയ്തു. പിന്നാലെയാണ് സ്ഥലത്തുണ്ടായിരുന്ന പൊലീസുകാരെയും ഡോക്ടര്‍ വന്ദനയെയും സന്ദീപ് ആക്രമിക്കുന്നത്. മേശപ്പുറത്തുണ്ടായിരുന്ന കത്രിക ഉപയോഗിച്ചാണ് വന്ദനയെ സന്ദീപ് ആക്രമിച്ചത്. കഴുത്തിലും മുതുകിലും അടക്കം വന്ദനയ്ക്ക് ആറോളം കുത്തുകളേറ്റു. വന്ദനയുടെ നിലവിളി കേട്ട് ഓടിയെത്തിയ പൊലീസും സഹപ്രവര്‍ത്തകരും ഏറെ പണിപ്പെട്ടാണ് പ്രതിയെ കീഴ്പ്പെടുത്തിയത്. നില ഗുരുതരമായിരുന്ന വന്ദനയെ ഉടന്‍ തന്നെ കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ രാവിലെയോടെ മരണം സംഭവിക്കുകയായിരുന്നു. സംഭവത്തിന് പിന്നാലെ സന്ദീപിനെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടിരുന്നു. ഓഗസ്റ്റ് 23നാണ് കേസിൽ പൊലീസ് ചാർജ്ഷീറ്റ് സമർപ്പിച്ചത്.
Content Highlights: Dr. Vandanadas' parents react to the verdict sentencing Sandeep to life in prison in the case of Dr. Vandanadas' murder while on duty at the hospital