വീണ്ടും കോപ്പിയടിച്ച് പ്രാഡ; ഇത് നിർത്താനായില്ലേ എന്ന് സോഷ്യൽ മീഡിയ

കോലാപൂരി മോഡലിന്റെ കോപ്പിയടി വിവാദമായി ദിവസങ്ങൾക്ക് പിന്നാലെ വീണ്ടും പ്രാഡയ്ക്കെതിരെ കോപ്പിയടി ആരോപണം ഉണ്ടായിരിക്കുകയാണ്

dot image

തനതായ ഇന്ത്യൻ​ മോഡൽ കോപ്പിയടിച്ച് പിന്നെയും വിവാ​ദത്തിലായിരിക്കുകയാണ് ഇറ്റാലിയൻ ഫാഷൻ ബ്രാന്റായ പ്രാ‍‍‌ഡ. മിലനിൽ നടന്ന ഫാഷൻ വീക്കിൽ കോലാപൂരി പാദരക്ഷകളുടെ മോഡലുകൾ സ്വന്തം മോഡലാണ് എന്ന നിലയിൽ പ്രദർശിപ്പിച്ച് കയ്യടി നേടാൻ ശ്രമിച്ചെങ്കിലും ഇത് പിന്നീട് പിടിക്കപ്പെട്ടിരുന്നു. കോപ്പിയടി വിവാദമായതോടെ ഇന്ത്യൻ കോലാപൂരി ഡിസൈനുകളിൽ നിന്നും പ്രചോ​​ദനം ഉൾക്കൊണ്ടുകൊണ്ടാണ് തങ്ങളതു ചെയ്തതെന്ന് പ്രാഡ കുറ്റസമ്മതവും നടത്തിയിരുന്നു. ഈ സംഭവത്തോടെ ഇവർ കോപ്പിയടി നിർത്തി എന്ന കരുതി ഇരിക്കുമ്പോളാണ് വീണ്ടും പ്രാഡയുടെ കോപ്പിയടി ചർച്ചയാകുന്നത്. കോലാപൂരി മോഡലിന്റെ കോപ്പിയടി വിവാദമായി ദിവസങ്ങൾക്ക് പിന്നാലെയാണ് വീണ്ടും പ്രാഡയ്ക്കെതിരെ കോപ്പിയടി ആരോപണം ഉണ്ടാകുന്നത്.

ആന്റ്വിക്ക് ലെ​ദർ പമ്പ്സ് എന്ന പേരിൽ ഇന്ത്യൻ ജുട്ടീസ് എന്ന ബ്രാൻഡിനെയാണ് പ്രാഡ കോപ്പിയടിക്കാൻ തിരഞ്ഞെടുത്തത്. പല നിറത്തിലുള്ള ഇത്തരം മോഡലുകൾ പ്രാ‍ഡയുടെ വെബ്സൈറ്റിൽ ലഭ്യമാണെങ്കിലും അതിലൊരെണ്ണം കൃത്യമായി തന്നെ ഇന്ത്യൻ ജുട്ടിയുടെ ഈച്ചക്കോപ്പിയാണ്. എന്നാലത്, തങ്ങൾ പശുത്തോൽ ഉപയോ​ഗിച്ചു നിർ‍മിച്ചതും, തീർത്തും പുതിയതുമായ മോഡലാണെന്നാണ് പ്രാഡയുടെ വാദം. ഇന്ത്യൻ ജുട്ടികൾ ഫ്ലാറ്റാണെങ്കിൽ, ഇതിനൽപം ഹീൽസ് ഉണ്ട് എന്നതു മാത്രമാണ് ഏക വ്യത്യാസം.

കോപ്പിയടി ഒരു കലയാണെങ്കിൽ പ്രാ‍ഡ അതിൽ അ​ഗ്ര​ഗണ്യരാണെന്നാണ് സോഷ്യൽ മീഡിയയിൽ ഇതേപ്പറ്റി നടക്കുന്ന ചർച്ച. ഇന്ത്യൻ മോ​‍ഡലുകൾ 400 മുതൽ 2000 രൂപ വരെ നിരക്കിൽ ഇത്തരം മോഡലുകൾ വിൽക്കുമ്പോൾ, പ്രാഡ അതു വിൽക്കുന്നത് അതിലും എത്രയോ മടങ്ങ് അധികം തുകയ്ക്കാണ്. കോലാപൂരി പാദരക്ഷകളുടെ മാത്രം മോഡലുകൾക്കു അവരിട്ട വില ഒരു ജോഡിക്ക് 1.7 ലക്ഷം മുതല്‍ 2.10 ലക്ഷം വരെയാണ്. ഇത്തരം മോഡലുകൾ ഒരു ക്രെഡിറ്റും നൽകാതെ അടിച്ചുമാറ്റുന്നു എന്നുമാത്രമല്ല, ഇന്ത്യൻ കലാകാരന്മാർക്ക് കിട്ടേണ്ടുന്ന അം​ഗീകാരം കൂടിയാണ് ഇവർ കൈക്കലാക്കുന്നത്. സംഭവം പുറത്ത് വന്ന ശേഷം നിരവധി ആളുകളാണ് പ്രാഡയെ വിമർശിച്ചുകൊണ്ട് രം​ഗത്തെത്തിയിരിക്കുന്നത്. പക്ഷേ ഇന്ത്യൻ ബ്രാൻഡായ ജുട്ടീസിന്റെ തനതായ ഉൽപ്പന്നം കോപ്പിയടിച്ചതല്ലെന്നാണ് പ്രാഡ പറയുന്നത്. കടുത്ത വിമർശനങ്ങൾക്കും വിവാദങ്ങൾക്കും ഒടുവിലാണ് ആഡംബരത്തിന്റെ അവസാനവാക്കുകളിലൊന്നായ പ്രാഡ കോലാപുരി കോപ്പിയടിച്ചാണ് തങ്ങൾ ചെരുപ്പുണ്ടാക്കിയെന്ന് മുന്‍പ് സമ്മതിച്ചത്.

വിമർശനവുമായി കോലാപുരി ചെരിപ്പുനിർമാതാക്കളും രംഗത്തെത്തിയതോടെ പ്രാഡ കോർപ്പറേറ്റ് സോഷ്യൽ റെസ്പോൺസിബിലിറ്റി മേധാവി ലൊറെൻസോ ബെർത്തേലി മഹാരാഷ്ട്ര ചേംബർ ഓഫ് കൊമേഴ്സിനയച്ച കത്തിൽ 'ഇന്ത്യയിൽ കൈവേല ചെയ്തുണ്ടാക്കുന്ന നൂറ്റാണ്ടുകളുടെ പഴക്കവും പാരമ്പര്യവുമുള്ള ചെരിപ്പുകളിൽനിന്ന് പ്രചോദനമുൾക്കൊണ്ടാണ് ആ ചെരിപ്പുകൾ നിർമിച്ചതെന്ന് ഞങ്ങൾ അംഗീകരിക്കുന്നു' എന്നാണ് വിശദീകരിച്ചത്.

അതിനിടെ പ്രാഡ മറ്റൊരു ന്യായീകരണവും നൽകി, തങ്ങൾ അവതരിപ്പിച്ച ചെരിപ്പ് ഡിസൈൻ പൂർത്തിയാക്കിയിട്ടില്ലെന്നും 'ഡെവലപ്മെന്റ് ഘട്ടത്തിലാണെന്നുമായിരുന്നു അത്. ഷോയിൽ മോഡലുകൾ ധരിച്ചിരിക്കുന്ന ചെരിപ്പുകളും വസ്ത്രങ്ങളും വിൽപനയ്ക്കായി പുറത്തിറക്കുമോ എന്നതിൽ പോലും തീരുമാനമായിട്ടില്ലെന്നും പ്രാഡ വക്താവ് അറിയിച്ചിട്ടുണ്ട്. എങ്കിലും ഇന്ത്യയിൽ കോലാപുരി നിർമിക്കുന്നവരുമായി ഫലപ്രദമായ ചർച്ചയ്ക്ക് തയ്യാറാണെന്ന് പ്രാഡ തങ്ങളുടെ ഔദ്യോഗിക പ്രതികരണത്തിൽ വ്യക്തമാക്കിയിരുന്നു. നിലവിൽ ജൂട്ട്സിന്റേതിനും ഇത്തരം ന്യായീകരണങ്ങൾ കണ്ടെത്താൻ‌ ശ്രമിക്കുന്നുണ്ടെങ്കിലും രൂക്ഷ വിമർശനം നേരിടേണ്ടി വന്നാൽ പ്രാഡ കുറ്റം സമ്മതിക്കുമെന്നാണ് പലരും പറയുന്നത്.

Content Highlight; Prada Strikes Again? Launches Juttis After Kolhapuris

dot image
To advertise here,contact us
dot image