സോഫ കവര്‍ കൊണ്ട് ട്രെന്‍ഡി ഡ്രസ്; ഈ ബുദ്ധി നമുക്കെന്താ തോന്നാതിരുന്നതെന്ന് സോഷ്യല്‍ മീഡിയ

സോഫ കവർ വസ്ത്രമാക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്

dot image

പലതരത്തിൽ വസ്ത്രങ്ങൾ സ്വന്തമായി ഡിസൈൻ ചെയ്ത് ഉപയോഗിക്കുന്ന ആളുകളെ നമ്മൾ കണ്ടിട്ടുണ്ട്. പത്രക്കടലാസ് ഉപയോഗിച്ച്, പ്ലാസ്റ്റിക് കവർ ഉപയോഗിച്ച് വ്യത്യസ്ത വസ്ത്രങ്ങൾ ആളുകൾ ഉണ്ടാക്കുന്നത് കൗതുക വാർത്തകളാകുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടില്ലേ? അത്തരത്തിൽ വീട്ടിലെ ഉപയോഗശൂന്യമായ സോഫ കവർ വസ്ത്രമാക്കിയിരിക്കുകയാണ് റേച്ചൽ ഡിക്രൂസ് എന്ന യുവതി. ചിലപ്പോൾ ഒരു ആവശ്യവുമില്ലാതെ വലിച്ചെറിയാൻ വച്ച വസ്തുക്കൾ ഇത്തരത്തിൽ പുനരുപയോഗിക്കാൻ ശ്രമിക്കുമ്പോൾ ഒരിക്കലും പ്രതീക്ഷിക്കാത്ത ഫലം ലഭിക്കാറുണ്ട്. അത്തരം ഒരു കാര്യമാണ് റേച്ചലിനും സംഭവിച്ചത്. സോഫയുടെ കവർ വസ്ത്രമാക്കി നിർമാണത്തിന്റെ വീഡിയോ പങ്കുവച്ചതോടെ സമൂഹ മാധ്യമത്തിൽ വലിയ പിന്തുണ ലഭിച്ചു.

തമാശയായി റേച്ചൽ സോഫ കവർ കൊണ്ട് വസ്ത്രമുണ്ടാക്കുകയും, വീഡിയോ പങ്കുവയ്ക്കുകയായിരുന്നു എന്നാൽ ഈ വീഡിയോ 8 മില്യൺ കാഴ്ച്ചക്കാരെയാണ് സ്വന്തമാക്കിയത്. സോഫ കവറിൽ റേച്ചൽ നിർമിച്ച വസ്ത്രത്തിന് പ്രതീക്ഷിക്കാത്ത ഭംഗിയുണ്ടായിരുന്നതാണ് ആളുകളെ ആകർഷിക്കാൻ കാരണമായത്. റേച്ചൽ നിർമിച്ച വസ്ത്രം ഫാഷൻ ബ്രാൻഡായ 'വെർസാച്ചെ'ക്ക് തുല്യമാണെന്ന് പോലും ഒരാൾ കമന്റ് ചെയ്തിരുന്നു. ഇത് വിൽക്കുന്നുണ്ടോ എന്നായിരുന്നു മറ്റ് ചിലർക്ക് അറിയേണ്ടത്.

സോഫ കവർ ഉപയോഗിച്ച് എളുപ്പത്തിൽ എങ്ങനെ ഒരു വസ്ത്രം ഡിസൈൻ ചെയ്യാമെന്നായിരുന്നു റേച്ചൽ വീഡിയോയിലൂടെ പങ്കുവച്ചത്. എന്നാൽ താൻ വളരെ എളുപ്പമെന്ന് വിചാരിച്ച് അര മണിക്കൂറിൽ തീർക്കാമെന്ന് കരുതിയ വീഡിയോ അഞ്ച് മണിക്കൂർ നീണ്ടു എന്നാണ് റേച്ചൽ പറയുന്നത്. ഒത്തിരി സമയം കൂടുതലെടുത്തെങ്കിലും വിചാരിച്ചതിലും നല്ല ഫലം ലഭിച്ചതിനാൽ അവർ സന്തോഷവതിയായിരുന്നു.

മണിക്കൂറുകൾ നീണ്ട വസ്ത്രനിർമാണത്തിന് ശേഷം റേച്ചൽ അത് ധരിച്ച് കാണിക്കുന്നുമുണ്ട്. തമാശയ്ക്ക് വസ്ത്രമുണ്ടാക്കാൻ തുടങ്ങിയതാണെങ്കിലും ഇപ്പോൾ ഓരോ തവണ നോക്കുമ്പോഴും അതിന്റെ ഭംഗി കൂടി കൂടി വരുന്നതായി തോന്നുന്നു എന്നാണ് റേച്ചലിന്റെ അഭിപ്രായം. ഇത്തരത്തിലുള്ള തന്റെ പ്രവൃത്തികൾ ഇഷ്ടപ്പെടുന്ന ഒട്ടനവധി ആളുകളുണ്ടെങ്കിലും തന്റെ ഫാഷനെ ഉൾക്കൊള്ളാൻ കഴിയാത്തവർ ധാരാളമാണെന്നും റേച്ചൽ കൂട്ടിച്ചേർക്കുന്നു.

പാഴ്‌വസ്തുക്കൾ ഉപയോഗിച്ച് വീഡിയോ നിർമിക്കുന്ന മറ്റ് പല വീഡിയോകളും റേച്ചൽ തന്റെ സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കാറുണ്ട്. റേച്ചൽ ഡിക്രൂസിന്റെ വസ്ത്രങ്ങൾ ശ്രദ്ധേയമാകുന്നത് അതിന്റെ ലേബലിന്റെ അടിസ്ഥാനത്തിലല്ല. മറിച്ച് അതിലുള്ള കാഴ്ച്ചപ്പാടിന്റെയും, പരിശ്രമത്തിന്റെയും, പുനരുപയോഗ സാധ്യതയുടെയും അടിസ്ഥാനത്തിലാണ്.

Content Highlight; Content Creator Turns Sofa Cover into Dress; Video Goes Viral

dot image
To advertise here,contact us
dot image