
ഒരേ പ്രധാനമന്ത്രിക്ക് കീഴില്‍ തുടര്‍ച്ചയായി എട്ട് തവണ ബജറ്റ് അവതരിപ്പിക്കുന്ന ആദ്യ ധനമന്ത്രി എന്ന നേട്ടത്തോടൊപ്പം നിര്‍മല സീതാരാമന്‍ ധരിച്ച വസ്ത്രങ്ങളും ശ്രദ്ധ പിടിച്ചുപറ്റിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം നടന്ന ബജറ്റ് അവതരണത്തിൽ ധനമന്ത്രി നിർമല സീതാരാമൻ ധരിച്ച സാരി ചർച്ചയ്ക്ക് വഴിവെച്ചിരുന്നു.
നിർമല സീതാരാമന്റെ സാമ്പത്തിക നയങ്ങൾ പോലെ പ്രധാനമാണ് ബജറ്റ് ദിനത്തിൽ മന്ത്രി ധരിക്കുന്ന സാരികളും. തന്റെ നിലപാട് കൃത്യമായി പ്രതിഫലിപ്പിക്കാൻ നിർമല സീതാരാമന്റെ സാരികൾക്ക് സാധിക്കാറുണ്ട്. ഇന്ത്യയുടെ സമ്പന്നമായ ടെക്സ്റ്റൈൽ പാരമ്പര്യവും കരകൗശല വിദ്യകളും ധനകാര്യ മന്ത്രിയുടെ സാരികൾ പലപ്പോഴും ഉയർത്തിക്കാട്ടിയിട്ടുണ്ട്.
വെള്ള നിറത്തിലുള്ള സാരിയിൽ മധുബനി പ്രിന്റ് അടങ്ങിയ ഗോൾഡൻ നിറത്തിലുള്ള ബോർഡറാണ് ഇത്തവണത്തെ പ്രധാന ആകർഷണം. ബിഹാറിലെ പരമ്പരാഗത കലാരൂപമായ മധുബനി സാരിയിൽ ഉൾപ്പെടുത്തിയത് ഫാഷൻ ചോയ്സ് മാത്രമാണോ അതോ മറ്റെന്തെങ്കിലും രഹസ്യങ്ങളുണ്ടോ എന്നും ചർച്ച ഉയർന്നിരുന്നു. കയ്യിൽ സ്വർണ്ണ നിറത്തിലുള്ള ദേശീയ ചിഹ്നം പതിച്ച ചുവന്ന നിറത്തിലുള്ള തുണിയിൽ പൊതിഞ്ഞ ഒരു ടാബ്‌ലെറ്റും കയ്യിലേന്തിയാണ് ഇത്തവണത്തെ ബജറ്റ് അവതരണത്തിനെത്തിയത്.
2019ലെ ആദ്യ ബജറ്റ് അവതരണത്തിനെത്തിയപ്പോൾ പിങ്ക് നിറത്തിൽ സ്വർണ കരയുള്ള മംഗൾഗിരി സാരിയായിരുന്നു നിർമല സീതാരാമൻ ധരിച്ചിരുന്നത്. മഞ്ഞ നിറത്തിലുള്ള സാരിയിൽ പച്ചനിറത്തിലുള്ള ബോർഡറാണ് 2020ലെ ബജറ്റ് അവതരണത്തിന് മന്ത്രി ധരിച്ചിരുന്നത്. അതിനെ പ്രതീക്ഷയുടെയും സമൃദ്ധിയുടെയും പ്രതീകമായിട്ടായിരുന്നു കണക്കാക്കിയിരുന്നത്.
2021ൽ ഓഫ് വൈറ്റ്, ചുവപ്പ് കോമ്പിനേഷനിലുള്ള പോച്ചാംപള്ളി സിൽക്ക് സാരിയാണ് തിരഞ്ഞെടുത്തിരുന്നത്. തെലങ്കാനയിലെ പരമ്പരാഗത നെയ്ത്താണ് പോച്ചാംപള്ളി. 2022ൽ ബ്രൌണും ഓഫ് വൈറ്റും ചേർന്ന ബോംകൈ സാരിയാണ് മന്ത്രി ധരിച്ചിരുന്നത്. വെള്ള നിറത്തിലായിരുന്നു സാരിയുടെ കര. 2023ൽ കസൂതി തുന്നലോട് കൂടിയ ടെമ്പിൾ ബോർഡറിലുള്ള കറുപ്പും ചുവപ്പും ചേർന്ന സാരിയായിരുന്നു. 2024ൽ കാന്ത കൈത്തറി ചെയ്ത നീല നിറത്തിലുള്ള ടസർ സിൽക് സാരിയുമാണ് മന്ത്രി ധരിച്ചത്.
Content Highlights: Eight budget and eight sarees worn by Nirmala Sitharaman