

ഗാന്ധിനഗര്‍: മാതാപിതാക്കളുടെ വിശ്വാസം പിടിച്ചുപറ്റി കുഞ്ഞിനെ തട്ടിക്കൊണ്ടുപോയ യുവാവിനെ 15 മണിക്കൂറിനുള്ളില്‍ വലയിലാക്കി ഗുജറാത്ത് പൊലീസ്. അഞ്ച് വയസുള്ള കുട്ടിയെയാണ് 25കാരനായ ലളിത് രൂപ്‌സിങ്ഭായ് ജാമ്രേ ഇരുചക്രവാഹനത്തില്‍ കടത്തിക്കൊണ്ടുപോയത്. ഇയാളുടെ ഒപ്പമുണ്ടായിരുന്ന കുട്ടിയെ പൊലീസ് സുരക്ഷിതമായി മാതാപിതാക്കളെ തിരികെ ഏല്‍പപ്പിച്ചു. പരാതി ലഭിച്ച ഉടന്‍ തന്നെ പല സംഘങ്ങളായ തിരിഞ്ഞാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. 170ഓളം പ്രദേശങ്ങളിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് പ്രതിയ പിടികൂടിയത്.
ഗുജറാത്തിലെ അമ്രേലിയിലെ മോട്ടാ അങ്കാദിയ ഗ്രാമത്തിലാണ് കേസിന് ആസ്പദമായ സംഭവം. പ്രതി ലളിത്, കുട്ടിയുടെ കുടുംബത്തെ ആറുമാസം മുമ്പാണ് പരിചയപ്പെടുന്നത്. ആ പരിചയത്തിന്റെ പേരില്‍ പത്ത് ദിവസം മുമ്പ് ഇയാള്‍ വീണ്ടും ഈ കുടുംബത്തെ തേടി എത്തി. സ്വന്തമായി കൃഷിയിടമുള്ള വ്യക്തിയാണ് കുട്ടിയുടെ പിതാവ് രാകേഷ് ബമാനിയ. തനിക്കൊരു ജോലി ലഭിക്കുന്നത് വരെ താത്കാലികമായി ഒരു ആശ്രയം നല്‍കണമെന്ന് ഇയാള്‍ ആവശ്യപ്പെട്ടു. മധ്യപ്രദേശില്‍ നിന്നും ഗുജറാത്തിലേക്ക് കുടിയേറിയ കുട്ടിയുടെ കുടുംബം ഇയാളുടെ നിസഹായ അവസ്ഥയില്‍ സഹായിക്കാന്‍ തയ്യാറായി.
സംഭവ ദിവസം, കുട്ടിയുടെ മാതാപിതാക്കള്‍ കൃഷിയിടത്തില്‍ ജോലി ചെയ്യുന്നതിനിടെയാണ് മോട്ടോര്‍സൈക്കിളില്‍ യുവാവ് കുട്ടിയുമായി പുറത്തേക്ക് പോകുന്നത് കണ്ടത്. ദീര്‍ഘനേരമായിട്ടും ഇരുവരും തിരിച്ച് വരാതിരുന്നതോടെയാണ് കുടുംബത്തിന് അപകടം മനസിലായത്. തുടര്‍ന്ന് ഗ്രാമവാസികളെയും സമീപത്തുള്ളവരെയും വിവരം അറിയിച്ചു. പിന്നാലെ പൊലീസിൽ പരാതി നൽകുകയായിരുന്നു.
പ്രതി മൊബൈല്‍ ഉപയോഗിക്കാത്തത് അന്വേഷണത്തിന് കനത്ത വെല്ലുവിളിയായിരുന്നു. ഇയാളുടെ പേരും വാഹനത്തിന്റെ നമ്പറും മാത്രം ഉപയോഗിച്ചാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. അമ്രേലി ലോക്കല്‍ ക്രൈം ബ്രാഞ്ചും റൂറല്‍ പൊലീസ് സ്റ്റേഷന്‍ ഉദ്യോഗസ്ഥരും അഞ്ച് പ്രത്യേക സംഘങ്ങളാണ് അന്വേഷണം നടത്തിയത്. പ്രതി പോകാന്‍ സാധ്യതയുണ്ടെന്ന് സംശയമുണ്ടായ എല്ലാ പ്രദേശങ്ങളിലെയും സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു. 24 മണിക്കൂർ നിരീക്ഷണം നടത്തുന്ന രാജ്‌കോട്ടിലെയും ഗാന്ധിനഗറിലെ കണ്‍ട്രോള്‍ റൂമിന്റെയും അടക്കം സഹായത്തോടെ 170 ഇടങ്ങളിലെ ദൃശ്യങ്ങള്‍ പരിശോധിച്ചാണ് പ്രതിയുടെ പാത മനസിലാക്കിയത്.
രാജ് കോട്ട് - പോര്‍ബന്ദര്‍ ദേശീയ ഹൈവേ, റെയില്‍വേ സ്റ്റേഷന്‍, ബസ് സ്റ്റാന്‍ഡുകള്‍, വാണിജ്യ ഹബ്ബുകള്‍ എല്ലായിടത്തും പൊലീസ് തിരച്ചില്‍ നടത്തി. പിന്നാലെ പ്രതി കുട്ടിയുമായി രാജ്‌കോട്ടിലൂടെ ഗോണ്ടാലിലേക്ക് പോകുന്നതായി കണ്ടെത്തി. ഒടുവില്‍ കുട്ടിയെ തട്ടിക്കൊണ്ടുപോയ ഇടത്തുനിന്നും നൂറു കിലോമീറ്റര്‍ അകലെ വെച്ച് പ്രതിയുടെ ബൈക്ക് പൊലീസ് തടഞ്ഞു. ഇയാൾ നിലവില്‍ പൊലീസ് കസ്റ്റഡിയിലാണ്. കുട്ടിയെ പൊലീസ് സുരക്ഷിതമായി മാതാപിതാക്കളെ ഏല്‍പ്പിച്ചു. പ്രതി കുട്ടിയെ തട്ടിക്കൊണ്ടുപോയത് എന്തിനാണെന്നതിൽ വ്യക്തത വന്നിട്ടില്ല.
Content Highlights: A young man was arrested by police within 15 hours after allegedly taking away a five year old child after gaining the parents’ trust. The incident involved the child being taken from the family, following which police conducted an investigation and traced the accused